News >> സമാധാനത്തിനായി എത്യോപ്യൻ ബിഷപ്പുമാരുടെ ആഹ്വാനം
Source: Sunday Shalom
ഒറോമിയ: സംഘർഷത്തിന്റെ മാർഗം പുരോഗതിയിലേക്ക് നയിക്കില്ലെന്ന് എത്യോപ്യൻ സഭയുടെ തലവൻ കർദിനാൾ ബെർഹന്യാസെസ്. ഒറോമിയയിലും അംഹാറയിലും നടന്ന വ്യത്യസ്ത കലാപങ്ങളിൽ നൂറ് കണക്കിന് പ്രതിഷേധക്കാരെ എത്യോപ്യൻ പോലീസ് കൊലപ്പെടുത്തി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കർദിനാൾ.
വികസനത്തിന്റെ പാതയിൽ എത്യോപ്യ മുന്നേറിക്കൊണ്ടിരിക്കകുയാണെന്നും ദാരിദ്ര്യത്തിൽനിന്നുള്ള ഈ ചരിത്രപരമായ മുന്നേറ്റത്തിന്റെ സമയത്ത് എല്ലാവരും തോളോട് തോൾചേർന്ന് പ്രവർത്തിക്കണമെന്നും സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനയിൽ എത്യോപ്യൻ ബിഷപ്‌സ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു. ബിഷപ്‌സ് കോൺഫ്രൻസിന്റെ നിലപാട് വിശദീകരിച്ച കർദിനാൾ ബെർഹന്യാസിസ് കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും അനുശോചനം അറിയിച്ചു.
കലാപങ്ങളിൽ നൂറ് പേർ കൊല്ലപ്പെട്ടു എന്ന് ആംനെസ്റ്റി ഇന്റർനാഷണൽ കണക്കാക്കുന്നു. അതേസമയം മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്നാണ് മറ്റ് പല സംഘടനകളും പറയുന്നത്. സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേയ്ക്കു കൂടി രാജ്യ തലസ്ഥാനമായ അഡിസ് അബാബ വ്യാപിപ്പിക്കുവാനുള്ള ഗവണ്മെന്റ് തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് ആ തീരുമാനം ഗവൺമെന്റ് പിൻവലിച്ചെങ്കിലും പ്രതിഷേധക്കാരെ ഗവൺമെന്റ് മോചിപ്പിക്കാൻ തയാറാകാത്തതാണ് ഒറോമിയയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനം. രാജ്യത്തെ ജനങ്ങളുടെ മൂന്നിലൊന്ന് വരുന്ന ഒറൊമൊസ് വംശത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ് എന്ന വാദം ശക്തമാണ്. പ്രതിഷേധക്കാരെ കൂടുതൽ ശക്തിയുപയോഗിച്ച് അടിച്ചമർത്തുന്ന തെറ്റായ നയമാണ് ഗവൺമെന്റ് പിന്തുടരുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ വക്താവ് പറഞ്ഞു.