News >> അക്രമാസക്തമായ മതമൗലികവാദം


സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള അക്രമാസക്തമായ മൗലികവാദം ക്രൈസ്തവരുടെയും ഇതര ന്യൂനപക്ഷ ങ്ങളുടെയും ന്യായമായ സാന്നിധ്യം അന്നാടുകളില്‍ നിഷേധിക്കുന്ന അവസ്ഥയ്ക്കതിരെ മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി ശബ്ദമുയര്‍ത്തുന്നു.

     പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉപകരണമായി വര്‍ത്തിക്കുന്ന "കോര്‍ ഊനും" (COR UNUM)  പൊന്തിഫിക്കല്‍ സമിതി സിറിയയെയും ഇറാക്കിനെയും അലട്ടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വത്തിക്കാനില്‍ വ്യാഴാഴ്ച  (17/09/15) സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത എഴുപതോളം പ്രതിനിധികളെ പ്രത്യേകം സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

          സിറിയയിലും ഇറാക്കിലുംനിന്ന് ദശലക്ഷങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍‍ബന്ധിതരായിരിക്കുന്നതും, സഘര്‍ഷങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ അസ്വസ്ഥജനക അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ   ഉചിതമായ ഒരു ഉത്തരമേകാന്‍ അന്താരാഷ്ട്രസമൂഹത്തിന് കഴിയുന്നില്ലെന്നും എന്നാല്‍ ആയുധക്കടത്തുകാര്‍ അവരുടെ താല്പര്യപൂരണം തുടരുകയാണെന്നും  പറഞ്ഞു.

     പരിഹാരംകണ്ടേ മതിയാകൂ; എന്നാലത് അക്രമാധിഷ്ഠിതമായിരിക്കരുതെന്നും, കാരണം അക്രമം പുതിയ മുറിവുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും പാപ്പാ  കൂട്ടിച്ചേര്‍ത്തു.

Source: Vatican Radio