News >> ഛത്തീസ്ഗഡിൽ ക്രൈസ്തവർ ഭീതിയിൽ

Source: Sunday Shalom


റായ്പൂർ: ക്രൈസ്തവർക്കു നേരെ ഛത്തീസ്ഗഡിൽ തീവ്രഹിന്ദുത്വവാദം ഉയർത്തുന്ന സംഘടനകളുടെ നേതൃത്വത്തിൽ അക്രമങ്ങൾ വർധിച്ചുവരുന്നതിനെ തുടർന്ന് വിശ്വാസികൾ ആശങ്കയിൽ. മൂന്ന് വർഷങ്ങൾക്കിടയിൽ വൈദികർ, കന്യാസ്ത്രീകൾ, ക്രൈസ്തവ വിശ്വാസികൾ തുടങ്ങിയവർക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് ചത്തീസ്ഗഡ് കാത്തലിക് കൗൺസിൽ അടിയന്തിര യോഗം ചേർന്നു.

ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ കൗൺസിൽ. ക്രൈസ്തവർക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തീവ്രഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന സംഘടനകൾ നിയമം കയ്യിലെടുത്തിയിരിക്കുകയാണ്. സംസ്ഥാന ഭരണത്തിൽ നിർണായകമായ സ്വാധീനമുള്ള ഈ സംഘടനകളുടെ ഇടപെടലുകൾ മൂലം പോലീസ് മതപരിവർത്തനമെന്ന പേരിലുള്ള കള്ളപ്പരാതികളിൽ പോലീസ് കേസുകൾ ചാർജ് ചെയ്യുന്നത് അക്രമകാരികൾക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്. കൗൺസിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. റായ്പൂർ അതിരൂപതാധ്യക്ഷൻ ഡോ. വിക്ടർ ഹെൻട്രി താക്കൂർ, റായ്ഗർഗ് രൂപതാധ്യക്ഷൻ ഡോ. പോൾ ടോപ്പോ, ജഷ്പൂർ രൂപതാധ്യക്ഷൻ ഡോ. ഇമ്മാനുവേൽ കെർക്കേട്ട, ജഗദൽപ്പൂർ രൂപതാധ്യക്ഷൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ, അംബികാപൂർ രൂപതാധ്യക്ഷൻ ഡോ. പാട്രസ് മിഞ്ച്, വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവർ പങ്കെടുത്തു.