News >> പാപ്പാ ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Source: Vatican Radioമദ്ധ്യ ഇറ്റലിയില്‍ ഭൂകമ്പത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളെ എത്രയും വേഗം സന്ദര്‍ശിക്കാന്‍ തനിക്കു കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.റോമില്‍ നിന്ന് 75 ലേറെ കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന റിയേത്തി പ്രവിശ്യയിലെ അക്കൂമുളി പ്രഭവകേന്ദ്രമായി ഇക്കഴിഞ്ഞ ബുധനാഴ്ച (24/08/16) പുലര്‍ച്ചെ ഇറ്റലിയിലെ സമയം 3.36 നു ഉണ്ടായ ഭൂകമ്പം കനത്ത പ്രഹരമേല്പിച്ച ലാത്സിയൊ, മാര്‍ക്കെ, ഉംബ്രിയ പ്രദേശങ്ങളിലെ ജനങ്ങളെ ഞായറാഴ്ചത്തെ (28/08/16) മദ്ധ്യാഹ്നപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ജനങ്ങളുടെ ചാരെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് ഒരിക്കല്‍കൂടി വെളിപ്പെടുത്തിയ പാപ്പാ ഈ ഭൂമികുലുക്കത്തിന്‍റെ ദുരന്തഫലങ്ങള്‍ ഏറ്റവുംകൂടുതല്‍ അനുഭവിക്കുന്ന അമത്രീച്ചെ, അക്കൂമുളി, അര്‍ക്വാത്ത, പെസ്കാര ദെല്‍ ത്രോന്തൊ എന്നിവിടങ്ങളിലെ ജനങ്ങളെ പ്രത്യേകം അനുസ്മരിക്കുകയും. അവരുടെ വേദനയിലും ആശങ്കകളിലും സഭ പങ്കുചേരുന്നുവെന്ന് ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.മരണമടഞ്ഞവര്‍ക്കും ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ ഈ ദുരന്തവേദിയില്‍ അധികാരികളും ക്രമസമാധാന പാലകരും പൗരസുരക്ഷാപ്രവര്‍ത്തകരും സന്നദ്ധസേവകരും പ്രകടിപ്പിക്കുന്ന ഔത്സുക്യം ഇത്തരം വേദനാജനകങ്ങളായ കടുത്ത പരീക്ഷണങ്ങളെ ജയിക്കാന്‍ ഐക്യദാര്‍ഢ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കാട്ടിത്തരുന്നുവെന്നു പറഞ്ഞു.എത്രയും പെട്ടെന്നു തന്നെ ആ ജനതയുടെ പക്കലെത്തി അവര്‍ക്ക് നേരിട്ട് വിശ്വസത്തിന്‍റെതായ സാന്ത്വനം പകരാനും ഒരു പിതാവിന്‍റെയും സഹോദരന്‍റെയുമായ ആശ്ലേഷമേകാനും ക്രിസ്തീയ പ്രത്യാശയുടെതായ പിന്തുണയേകാനും തനിക്കു കഴിയുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു.ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ ഭൂകമ്പബാധിത പ്രദേശങ്ങളിലെ സഹോദരങ്ങള്‍ക്കായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.