News >> യേശു: ശബ്ദരഹിതരുടെ ശബ്ദം


Source: Vatican Radio

വത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച (28/08/16) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. സാമാന്യം ശക്തമായ ചൂടനുഭവപ്പെട്ട അന്ന്, വത്തിക്കാനില്‍ നീലാംബരക്കുടക്കീഴില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, സാബത്തു ദിവസം ഒരു ഫരിസേയപ്രമാണിയുടെ വീട്ടില്‍ ഭക്ഷണത്തിനു പോകുന്ന യേശു, കല്ല്യാണവിരുന്നിന് ക്ഷണിക്കപ്പടുന്നവരില്‍ ചിലര്‍ പ്രമുഖസ്ഥാനം തിരഞ്ഞെടുക്കുന്നതും എന്നാല്‍ പിന്നീട് പിന്നിലേക്ക് മാറി ഇരിക്കേണ്ടിവരുന്നതും  ആദ്യം പിന്നില്‍ പോയി ഇരിക്കുന്ന അതിഥിയെ ആതിഥേയന്‍ വിളിച്ച് മുന്നിലേക്കു കൊണ്ടുവരുന്നതുമായ ഒരു ഉപമ പറഞ്ഞുകൊണ്ട് തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുമെന്ന ആശയം ആവിഷ്ക്കരിക്കുകയും ഒരു സദ്യയോ അത്താഴവിരുന്നോ നല്കുമ്പോള്‍ അതു പ്രതിസമ്മാനിക്കാന്‍ കഴിയുന്നവരെ, അതായത്, ധനികരേയോ സ്നേഹതിരേയോ അല്ല അത് തിരിച്ചു നല്കാന്‍ കഴിയാത്തവരെ ക്ഷണിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ലൂക്കായുടെ സുവിശേഷം അദ്ധ്യായം 14, ഒന്നും 7 മുതല്‍ 14 വരെയുമുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.

ഇറ്റാലിയന്‍ ഭാഷയിലായിരുന്ന  പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

യേശു ഫരിസേയ പ്രമാണികളില്‍ ഒരുവന്‍റെ വീട്ടില്‍ ആയിരിക്കുന്നതും ഉച്ചവിരുന്നിന് ക്ഷണിക്കപ്പെട്ടവരില്‍ ചിലര്‍ പ്രമുഖസ്ഥാനം തിര‍ഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത് അവിടന്ന് നിരീക്ഷിക്കുന്നതുമായ സംഭവമാണ് ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത്. മെച്ചപ്പെട്ട ഒരു സ്ഥാനത്തിനായി, ബലാല്‍ക്കാരമായിപ്പോലും ശ്രമിക്കുന്ന രംഗം നമ്മള്‍ നിരവധി തവണ കണ്ടിട്ടുള്ളതാണ്. ഇതു കാണുന്ന യേശു ചെറിയ രണ്ടു ഉപമകളിലൂടെ രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഒന്നാമത്തേത് സ്ഥാനത്തെയും രണ്ടാമത്തേത് പ്രതിഫലത്തെയും സംബന്ധിച്ചതാണ്.

ആദ്യത്തെ അന്യാപദേശത്തിന്‍റെ പശ്ചാത്തലം ഒരു കല്യാണവിരുന്നാണ്. യേശു അരുളിച്ചെയ്യുന്നു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിന് ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്ത് കയറി ഇരിക്കരുത്. ഒരു പക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചുട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്ന് നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച് അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട് നീ വിരുന്നിനു ക്ഷണിക്കപ്പെട്ടാല്‍ അആവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. (ലൂക്കായുടെ സുവിശേഷം 14,8-10). ഈ നിര്‍ദ്ദേശം വഴി യേശു സാമൂഹ്യമായ ഒരു പെരുമാറ്റച്ചട്ടം നല്കാനല്ല ഉദ്ദേശിക്കുന്നത്, മറിച്ച് എളിമയുടെ മൂല്യത്തിന്‍റെ പാഠമാണ് അവിടന്ന് പ്രദാനം ചെയ്യുക. ഔദ്ധത്യവും സ്വന്തം ഔദ്യോഗികജീവിതവിജയമാണ് സര്‍വ്വപ്രധാനം എന്ന ചിന്തയും പൊങ്ങച്ചവും പ്രകടനപരതയും നിരവധിയായ തിന്മകള്‍ക്ക്    ഹേതുവാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. അവസാനത്തെ സ്ഥാനം തിരഞ്ഞെടുക്കേണ്ടതിന്‍റെ, ആവശ്യകതയെക്കുറിച്ച് യേശു നമുക്കു മനസ്സിലാക്കിത്തരുന്നു. അതായത്, താഴ്മയും ആന്തരികതയും ഉണ്ടായിരിക്കേണ്ടതിന്‍റെ, എളിമ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിത്തരുന്നു. എളിമയുടെ ഈ മാനം നമ്മള്‍ ദൈവതിരുമുമ്പില്‍ വയ്ക്കുമ്പോള്‍ അവിടന്ന് ആനന്ദിക്കുന്നു, നമ്മെ അവടത്തെപ്പക്കലേക്കുയര്‍ത്തുന്നതിന് നമ്മുടെ നേര്‍ക്കു കുനിയുന്നു, എന്തെന്നാല്‍ "തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും". വാക്യം 11.

തീര്‍ത്തും വിഭിന്നവും പരസ്പരവിരുദ്ധവുമായ മനോഭാവങ്ങളാണ് യേശുവചസ്സുകള്‍ അടിവരയിട്ടു കാട്ടുന്നത്. സ്ഥാനം തിരഞ്ഞെടുക്കുന്നവന്‍റെ മനോഭാവവും സ്ഥാനവും പ്രതിഫലവും ദൈവം നല്കുന്നതിനായി കാത്തിരിക്കുന്നവന്‍റെ മനോഭാവവും. ദൈവം മനുഷ്യരെക്കാളധികം പ്രതിഫലം നല്കുന്നു എന്നത് നാം മറക്കരുത്. മനുഷ്യര്‍ നല്കുന്നതിനെക്കാളൊക്കെ മനോഹരമായ ഇടം അവിടന്നു നമുക്കു പ്രദാനം ചെയ്യും. ദൈവം അവിടത്തെ ഹൃദയത്തിനടുത്താണ് നമുക്ക് ഇടം നല്കുന്നത്. അവിടന്നേകുന്ന പ്രതിഫലം നിത്യജീവനാണ്. യേശു പറയുന്നു.നീ ഭാഗ്യവാനായരിക്കും....നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്ക് പ്രതിഫലം ലഭിക്കും. പതിനാലാം വാക്യത്തില്‍ നിന്ന്.

ആതിഥ്യത്തിന്‍റെ സവിശേഷതയായ നിസ്വാര്‍ത്ഥതാഭാവത്തെക്കുറിച്ച് യേശു സൂചിപ്പിക്കുന്നതായ രണ്ടാമത്തെ ഗുണപാഠകഥയില്‍ അവിടന്നു പറയുന്നു:നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ പകരം നല്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. 13 ഉം 14 ഉം വാക്യങ്ങള്‍. സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിനും കൂടുതല്‍ സമ്പത്താര്‍ജ്ജിക്കുന്നതിനും ശ്രമിക്കുന്ന, പ്രതിഫലം അന്വേഷിക്കുന്ന, അവസരവാദപരമായ കണക്കുകൂട്ടലുകള്‍ക്കു പകരം സൗജന്യത്തിന്‍റെ ഭാവം തിരഞ്ഞെടുക്കാനുള്ള ക്ഷണമാണത്. വാസ്തവത്തില്‍ നിര്‍ദ്ധനരും സാധാരണക്കാരുമായ അവഗണിക്കപ്പെട്ടവര്‍, അവര്‍ക്ക് ഒരു പ്രതിവരുന്നു നല്കാനാകില്ല. അങ്ങനെ യേശു ദൈവരാജ്യത്തില്‍ മുന്‍ഗണനലഭിക്കുന്നവരായ പാവപ്പെട്ടവരോടും പുറന്തള്ളപ്പെട്ടവരോടുമുള്ള തന്‍റെ പരിഗണന എടുത്തുകാട്ടുകയും ദൈവസ്നേഹത്തെ പ്രതി അയല്‍ക്കാരനെ സേവിക്കുകയെന്ന സുവിശേഷത്തിന്‍റെ മൗലികസന്ദേശം നല്കുകയും ചെയ്യുന്നു. ഇന്ന് യേശു ശബ്ദരഹിതരുടെ ശബ്ദമാകുന്നു. ഹൃദയം തുറന്നിടാനും പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പാര്‍ശ്വവത്കൃതരുടെയും  അഭായര്‍ത്ഥികളുടെയും ജീവിതപരാജയം ഏറ്റുവാങ്ങിയവരുടെയും സമൂഹവും ആധിപത്യഭാവമുള്ള ശക്തരും പുറന്തള്ളിയവരുടെയും  സഹനങ്ങളും ഉത്ക്കണ്ഠകളും നമ്മുടേതാക്കിത്തീര്‍ക്കാനും യേശു നമ്മോട് ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുന്നു. ഈ വലിച്ചെറിയപ്പെട്ടവരാണ് വാസ്തവത്തില്‍ ജനസംഖ്യയില്‍ സിംഹഭാഗവും.

ഏകാന്തതയനുഭവിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും പാര്‍പ്പിടരഹിതര്‍ക്കും ഭക്ഷണശാലകളില്‍ ആഹാരം നല്കി അവരെ സേവിക്കുന്ന നിരവധിയായ സന്നദ്ധസേവകരെ ഞാന്‍ ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കുകയാണ്. ഇത്തരം ഭോജനശാലകളും രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നതു പോലുള്ള ഇതര കാരുണ്യപ്രവര്‍ത്തനങ്ങളും സൗജന്യമായ നല്കലിന്‍റെ സംസ്കൃതിയെ പ്രസരിപ്പിക്കുന്ന ഉപവിയുടെ പരിശീലനക്കളരിയാണ്. എന്തെന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ദൈവത്തോടുള്ള സ്നേഹത്താല്‍ പ്രചോദിതരും സുവിശേഷജ്ഞാനത്താല്‍ പ്രകാശിതരുമാണ്. അങ്ങനെ സഹോദരങ്ങള്‍ക്കുള്ള സേവനം സ്നേഹത്തിന്‍റെ സാക്ഷ്യമായിത്തീരുകയും ക്രിസ്തുവിന്‍റെ സ്നേഹത്തെ വിശ്വാസയോഗ്യവും ദൃശ്യവുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

അനുദിനം എളിമയുടെ സരണിയില്‍  നമ്മെ നടത്താനും സ്വാഗതം ചെയ്യലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയുമായ പ്രതിഫലരഹിത പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ നമ്മെ പ്രാപ്താരാക്കാനും അങ്ങനെ ദൈവികമായ പ്രതിഫലത്തിന് നാം യോഗ്യരായിത്തീരുന്നതിനും നമുക്ക് ജീവിതം മുഴുവന്‍ താഴ്മയുള്ളവളായിരുന്ന കന്യകാമറിയത്തോട് പ്രാ‍ര്‍ത്ഥിക്കാം.

                            പാപ്പാ

                

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ ഭൂകമ്പം കനത്ത പ്രഹരമേല്പിച്ച ഇറ്റലിയിലെ ലാത്സിയൊ, മാര്‍ക്കെ, ഉംബ്രിയ പ്രദേശങ്ങളിലെ ജനങ്ങളെ അനുസ്മരിച്ചു.                                 

ആ ജനങ്ങളുടെ ചാരെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് ഒരിക്കല്‍കൂടി വെളിപ്പെടുത്തിയ പാപ്പാ ഈ ഭൂമികുലുക്കത്തിന്‍റെ ദുരന്തഫലങ്ങള്‍ ഏറ്റവുംകൂടുതല്‍ അനുഭവിക്കുന്ന അമത്രീച്ചെ, അക്കൂമുളി, അര്‍ക്വാത്ത, പെസ്കാര ദെല്‍ ത്രോന്തൊ എന്നിവിടങ്ങളിലെ ജനങ്ങളെ പ്രത്യേകം അനുസ്മരിച്ചു. അവരുടെ വേദനയിലും ആശങ്കകളിലും സഭ പങ്കുചേരുന്നുവെന്ന് പാപ്പാ ഒരിക്കല്‍ കുടി അറിയിച്ചു. മരണമടഞ്ഞവര്‍ക്കും ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ ഈ ദുരന്തവേദിയില്‍ അധികാരികളും  ക്രമസമാധാന പാലകരും പൗരസുരക്ഷാപ്രവര്‍ത്തകരും സന്നദ്ധസേവകരും പ്രകടിപ്പിക്കുന്ന ഔത്സുക്യം ഇത്തരം വേദനാജനകങ്ങളായ കടുത്ത പരീക്ഷണങ്ങളെ ജയിക്കാന്‍ ഐക്യദാര്‍ഢ്യം  എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കാട്ടിത്തരുന്നുവെന്നു പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ ആ ജനതയുടെ പക്കലെത്തി അവര്‍ക്ക് വിശ്വസത്തിന്‍റെതായ സാന്ത്വനം പകരാനും ഒരു പിതാവിന്‍റെയും സഹോദരന്‍റെയുമായ ആശ്ലേഷമേകാനും ക്രിസ്തീയ പ്രത്യാശയുടെതായ പിന്തുണയേകാനും തനിക്കു കഴിയുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ ഭൂകമ്പബാധിത പ്രദേശങ്ങളിലെ സഹോദരങ്ങള്‍ക്കായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി.

ഈ പ്രാര്‍ത്ഥനാന്തരം പാപ്പാ, മാമ്മ അന്തൂള എന്ന വിളിക്കപ്പെട്ടുന്ന മരിയ അന്തൊണിയ ദെ സാന്‍ ഹൊസെ ശനിയാഴ്ച (27/08/16) സന്ത്യാഗൊ ദെല്‍ ഏസ്തെരൊയില്‍ വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അുസ്മരിക്കുകയും അവളുടെ മാതൃകാപരമായ ക്രിസ്തീയസാക്ഷ്യം, വിശിഷ്യ, ആദ്ധ്യാത്മിക ധ്യാനപ്രചരണ പ്രേഷിതപ്രവര്‍ത്തനം ക്രിസ്തുവിനോടും സുവിശേഷത്തോടും കൂടുതല്‍ ഐക്യപ്പെടുന്നതിനുള്ള അഭിലാഷത്തെ ഉപരി ഉദ്ദീപിപ്പിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ ഒന്നിന് ആഗോള കത്തോലിക്കാസഭ സൃഷ്ടിയുടെ സംരക്ഷണത്തിനുള്ള ലോക പ്രാര്‍ത്ഥനാദിനം ഓര്‍ത്തഡോക്സ് സഹോദരങ്ങളോടും ഇതര ക്രൈസ്തവസഭകളോടുമൊത്ത് ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

പരിസ്ഥിതിയെയും പ്രകൃതിയെയും ആദരിച്ചുകൊണ്ട് ജീവനെ സംരക്ഷിക്കാനുള്ള പൊതുവായ ഉദ്യമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിഭവിക്കും ഈ പ്രാര്‍ത്ഥനാദിനാചരണമെന്ന് പാപ്പാ പറഞ്ഞു.

തുടര്‍ന്നു പാപ്പാ വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്യുകയും എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുകയും ചെയ്തു.

തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ "അറിവെദേര്‍ചി"  അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.