News >> ബിഷപ് റാഫേൽ ചീനാത്തിന് സ്മരണാജ്ഞലി

Source: Sunday Shalom


ന്യൂഡൽഹി: ആർച്ച് ബിഷപ് റാഫേൽ ചീനാത്ത് വർഗീയതക്കെതിരെയുള്ള ചെറുത്ത് നിൽപിന്റെ പ്രതീകമായിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ് ഡോ അനിൽ കൂട്ടോ. അന്തരിച്ച കട്ടക് ഭുവനേശ്വർ മുൻ ആർച്ച് ബിഷപ്പിന്റെ അനുശോചന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡൽഹി ആർച്ച് ബിഷപ്. കണ്ടമാൽ കലാപങ്ങളെ പ്രതിരോധിക്കാനും ഇരകൾക്ക് നീതി നേടികൊടുക്കാനും അഹോരാത്രം പ്രയത്‌നിച്ച ഇടയൻ എന്ന പേരിലായിരിക്കും ഭാവി തലമുറകൾ അദ്ദേഹത്തെ ഓർമ്മിക്കുകയെന്നും ബിഷപ് അനിൽ കൂട്ടോ പറഞ്ഞു.

2008 ലെ കണ്ടമാൽ കലാപത്തിലെ ഇരകൾക്കായി കോടതിയിൽ കേസ് വാദിക്കാൻ ഒറീസയിലെ വക്കിലന്മാർ തയ്യാറാകാതിരുന്നപ്പോൾ സുപ്രീം കോടതിയിലെ മുതിർന്ന വക്കിൽ കോളിൻ ഗൊൺസാൽവസിനെ കേസുകൾ വാദിക്കാൻ ഏൽപിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നേടികൊടുക്കാനും ബിഷപ് ചീനാത്തിന് സാധിച്ചുവെന്നും ബിഷപ് അനിൽ ഓർമ്മിച്ചു.

ആർച്ച് ബിഷപ് റാഫേൽ ക്രൈസതവരുടെ മാത്രം നേതാവല്ലെന്നും അദ്ദേഹം പൊതു സമൂഹത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച മുതിൽന്ന പത്രപ്രവർത്തകയും സന്നദ്ധ പ്രവർത്തകയുമായ സീമ മുസ്തഫ അനുസ്മരിച്ചു. കണ്ടമാൽ കലാപകാലത്ത് പല തവണ അദ്ദേഹത്തെ നേരിൽ കാണാനും ഒന്നിച്ചു പ്രവർത്തിക്കാനും സാധിച്ച കാര്യം ചടങ്ങിൽ സംസാരിച്ച സന്നദ്ധ പ്രവർത്തകരായ ഡോ ജോൺ ദയാൽ, എ ജെ ഫിലിപ്പ്, അഡ്വ സിസ്റ്റർ മേരി സ്‌കറിയ എന്നിവർ അനുസ്മരിച്ചു.

ക്രൈസ്തവർക്കെതിരെ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി നടന്ന സംഘടിക വർഗീയ കലാപകാലത്തിന്റെ ഇരകൾക്ക് നീതി നടപ്പാക്കാൻ ഡൽഹിയിൽ നടത്തിയ അനവധി പ്രതിഷേധ സമരങ്ങളിൽ സാധാരണക്കാരോടൊപ്പം ആർച്ച് ബിഷപ് ചീനാത്ത് പങ്കെടുത്തതിനെ ഡോ ജോൺ ദയാൽ ഓർമ്മിച്ചു. രാം ലീല മൈതാനത്തുനിന്നും ജന്തർ മന്ദറിലേക്ക് നടന്ന കാൽനട പദയാത്രയിൽ മഴ നനഞ്ഞ് കണ്ടമാലിൽ നിന്നെത്തിയ സാധാരണക്കാർക്കൊപ്പം അദ്ദേഹം നടന്നതും ജോൺ ദയാൽ ഓർത്തു. ഒരു വർഷം കൂടി ആർച്ച് ബിഷപ്പായി തുടരാൻ എന്നെ അനുവദിച്ചെങ്കിൽ കണ്ടമാൽ ഇരകൾക്കായി ഞാൻ തുടങ്ങിവെച്ച പല ജോലികളും പൂർത്തികരിച്ച് കാണാൻ സാധിക്കുമായിരുന്നുവെന്ന് അദേഹം പറഞ്ഞതായി മുതിർന്ന പത്രപ്രവർത്തകൻ എ ജെ ഫിലിപ്പ് സൂചിപ്പിച്ചു.

കാണ്ടമാൽ കലാപത്തിലെ ഇരകൾക്കായി നിർമ്മിച്ചു നൽകിയ വീടുകളുടെ കണക്കുകൾ അദ്ദേഹം കാണുമ്പോഴൊക്കെ പറയുമായിരുന്നു. ഭവനം പുനർ നിർമ്മിച്ചു നൽകിയപ്പോൾ കത്തോലിക്കനെന്നോ, പെന്തക്കോസ്ത് എന്നോ, ലാറ്റിൻ ക്രൈസ്തവൻ എന്നോ അക്രൈസ്തവൻ എന്നോ വിവേചിക്കരുതെന്ന് അദ്ദേഹം പ്രത്യേകം നിർദേശിച്ചിരുന്നു. തുല്യ നീതിക്കാണ് അദേഹം ശ്രമിച്ചത്. കലാപം നടന്ന നാളുകളിൽ ശാലോമിനോട് നിരവധി തവണ അദ്ദേഹം ഫോണിൽ സംസാരിക്കാനും കാര്യങ്ങൾ അറിയിക്കാനും മുൻ കൈയ്യെടുത്തിരുന്നു.

കാണ്ടമാൽ കലാപത്തിന് ശേഷം അറുതിനായിരം പേർക്കാണ് ഭവനം നഷ്ടപ്പെട്ടത്. പലരും ഇപ്പോഴും വനത്തിലെ താൽക്കാലിക ടെന്റുകളിലാണ് താമസിക്കുന്നത്. ജീവനോപാധി നഷ്ടപ്പെട്ട പലരും അന്യ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. നൂറിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു കന്യാസ്ത്രി ഉൾപ്പെടെ നൂറുകണക്കിന് സത്രീകൾ മാനഭംഗത്തിനിരയായി.

വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ മൃഗീയമായി കൊല്ലപ്പെട്ട കാണ്ടമാൽ ആദിവാസി ക്രൈസ്തവർ കർത്താവിന് വേണ്ടി ജ്വലിക്കുന്ന രക്തസാക്ഷികളായി. തന്റെ ഭാര്യക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും മുമ്പിൽ ജീവൻ വെടിഞ്ഞവരാണ് കണ്ടമാലിൽ കൊലചെയ്യപ്പെട്ട ക്രൈസ്തവരിൽ അധികം പേരും.

മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ച കണ്ടമാലിലെ ആദിവാസി ക്രൈസ്തവരുടെ രോദനം പുറം ലോകത്തെ അറിയിക്കാനും അവർക്ക് നീതി ലഭ്യമാക്കാനും ആർച്ച് ബിഷപ് റാഫേൽ ചീനാത്ത് ചെയ്ത ധീരോദാത്തമായ പ്രവർത്തനമാണ് പങ്കെടുത്തവരെല്ലാം ചൂണ്ടിക്കാട്ടിയത്.