News >> നമ്മുടെ ഭൂമിയെ വാസയോഗ്യമായ ഇടമായി വരും തലമുറയ്ക്ക് കൈമാറുക


Source: Vatican radio

ഏകതാനതയിലുള്ള ജീവിതം സാധ്യമാക്കിത്തീര്‍ക്കുന്ന മഹത്തായ കാരണങ്ങളെ നാം അവഗണിച്ചാല്‍ ഇന്നുയരുന്ന പരിസ്ഥിതി സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും സഹായിക്കാനാകില്ലയെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വാ അപ്പിയ ടര്‍ക്സണ്‍.

ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 2 വരെ ആചരിക്കപ്പെട്ടുന്ന ലോക ജലവാരത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ജലവും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ വിശ്വാസവും വികസനവും എന്ന പ്രമേയത്തെ ആസ്പദമാക്കി തിങ്കളാ‌ഴ്ച (29/08/16) നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

പ്രകൃതിയേയും ഏറ്റം വേധ്യരായവരേയും സംരക്ഷിക്കുന്നതിനുള്ള നിരവധിയായ കാരണങ്ങള്‍ നല്കാന്‍ മതവിശ്വാസങ്ങള്‍ക്ക് ആകുമെന്നു പറഞ്ഞ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍  പ്രകൃതിവിഭവങ്ങള്‍ എല്ലാവരുമായി, ഇന്നത്തെയും നാളത്തെയും തലമുറകളുമായി പങ്കുവയ്ക്കാനുള്ളതാണെന്ന് ക്രിസ്തുമതവും ഇതര മതങ്ങളും പഠിപ്പിക്കുന്നത് അനുസ്മരിച്ചു.

വാസയോഗ്യമായ ഒരു ഗ്രഹമായി നമ്മുടെ ഭൂമിയെ വരും തലമുറയ്ക്ക് കൈമാറുകയെന്നത് പ്രഥമവും പ്രധാനവുമായി നമ്മെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചു.

ഐക്യദാര്‍ഢ്യം പരോന്മുഖത, ചുമതലാബോധം, ജലം ദൈവികഘടകമാണെന്ന വിവിധ മതങ്ങളുടെ പ്രബോധനം, പൊതുനന്മ തുടങ്ങിയവയെക്കുറിച്ചു യുവതയില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രായോഗിക നിര്‍ദ്ദേശവും മതവിശ്വാസാധിഷ്ഠിത സംഘടനകളുടെ മുന്നില്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വച്ചു. ജലോപയോഗത്തെ സംബന്ധിച്ച വിവേകപൂര്‍വ്വകമായ ഒരു മുന്‍ഗണനാ ശ്രേണി പരിപോഷിപ്പിക്കേണ്ടതിന്‍റെ  ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ആദ്ധ്യാത്മികതയും സാമൂഹ്യബന്ധങ്ങളും പ്രകൃതിയുമായുള്ള ബന്ധങ്ങളും നാം സമന്വയിപ്പിക്കണമെന്ന ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനവും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ആവര്‍ത്തിക്കുന്നു.