News >> വാഷിംഗ്ടണിൽ അടുത്ത വർഷം ബൈബിൾ മ്യൂസിയം ആരംഭിക്കും

Source: Sunday Shalom


വാഷിംഗ്ടൺ: വത്തിക്കാന്റെ പിന്തുണയോടെ വാഷിംഗ്ടണിൽ അടുത്ത വർഷം ബൈബിൾ മ്യൂസിയം ആരംഭിക്കും. ഈ മ്യൂസിയത്തിൽ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രദർശിപ്പിക്കുന്നത്. വത്തിക്കാൻ മ്യൂസിയത്തോടും വത്തിക്കാൻ അപ്പസ്‌തോലിക്ക് ലൈബ്രറിയോടും ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പണികൾ പുരോഗമിക്കുന്നതെന്ന് മ്യൂസിയം പ്രസിഡന്റ് കാറി സമ്മേർസ് പറഞ്ഞു. ലോകത്തെ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ച് മനസിലാക്കുവാനായി ഞങ്ങൾ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നു; മ്യൂസിയം ബോർഡിന്റെ ചെയർമാനും ക്രൈസ്തവ വിശ്വാസമനുസരിച്ച് ബിസിനസ് സ്ഥാപന നടത്തുകയുയും ചെയ്യുന്ന സ്റ്റീവ് ഗ്രീൻ പങ്കുവച്ചു.

ഗുട്ടൻബർഗ് ബൈബിൾ മുതൽ ചാവുകടൽ ചുരുളുകൾ വരെയുള്ള 44,000-ത്തിൽപരം ബൈബിൾ അധിഷ്ഠിത വസ്തുക്കളുടെ അമൂല്യ ശേഖരമാണ് ഗ്രീനിന്റെ പക്കലുള്ളത്. ജെറുസലേമിലും വത്തിക്കാനിലുമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈബിൾ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 2012-ൽ ബനഡിക്ട് 16-ാമൻ മാർപാപ്പ ക്യൂബ സന്ദർശിച്ച വേളയിൽ വത്തിക്കാനിൽ കണ്ട ബൈബിൾ പ്രദർശനം ഹാവാനയിലും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾക്ക് ക്യൂബയിൽ ബൈബിൾ പ്രദർശനം നടത്താൻ സാധിച്ചത്; ഗ്രീൻ പങ്കുവച്ചു.

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ നിയമത്തിന്റെ ഭാഗങ്ങൾ, തോറാ ചുരുളുകളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം, ദുവൈ റയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകൾ, ഭൂമിക്ക് പുറത്തേക്ക് കൊണ്ടുപോയ ആദ്യ ബൈബിളായ ലൂണാർ ബൈബിൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. മറ്റാർക്കും ഇതുവരെ കൊടുത്തിട്ടില്ലാത്ത വസ്തുക്കൾ വത്തിക്കാൻ ലൈബ്രറിയും വത്തിക്കാൻ മ്യൂസിയവും നൽകിയതായി ഗ്രീൻ അറിയിച്ചു. വിവിധ യഹൂദ വിഭാഗങ്ങളും കത്തോലിക്കരും പ്രോട്ടസ്റ്റന്റ് സഭകളും ഈ സംരഭത്തിൽ സഹകരിക്കുന്നുണ്ടെന്ന് ഗ്രീൻ വ്യക്തമാക്കി.