News >> മദർ തെരേസയുടെ നാമകരണം: ഔദ്യോഗിക സംഘം രണ്ടിനു പുറപ്പെടും

Source: Deepika

ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബർ രണ്ടിനു പുറപ്പെടും.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേതൃത്വം നൽകുന്ന സംഘത്തിൽ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണുള്ളത്. വത്തിക്കാനിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉൾപ്പെടുത്തിയതെന്നും ഇതു സഭയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോർ മസ്കരിനാസ് പറഞ്ഞു. 

വത്തിക്കാനിലെ ചടങ്ങിലേക്ക് ഇത്തവണ 11 അംഗ ഔദ്യോഗിക സംഘത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രർക്കു വേണ്ടിയും തന്റെ ജീവിതവും പ്രവർത്തനങ്ങളും പൂർണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദർ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ക്രൈസ്തവ മിഷണറിമാരുടെ അനുകമ്പയും ദയയും രാജ്യം അംഗീകരിച്ചതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സിബിസിഐ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. 

 മദർ തെരേസയെ വിശുദ്ധയാക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിലെത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബർ നാലിനു നടക്കുന്ന നാമകരണ ചടങ്ങിനു ശേഷം അഞ്ചിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. സുഷമ സ്വരാജിനൊപ്പം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുള്ള പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കെ.വി. തോമസിനൊപ്പം ഭാര്യ ഷേർളി തോമസും വത്തിക്കാനിലേക്കു പോകുന്നുണ്ട്.