News >> ഇതാ, കരുണയുടെ രണ്ടു മാതൃകകൾ
Source: Deepikaവത്തിക്കാനിൽനിന്നു റവ.ഡോ. റ്റൈജു തളിയത്ത് സി എം ഐ
മദർ തെരേസയെ സെപ്റ്റംബർ നാലിനു വിശുദ്ധയായി നാമകരണം ചെയ്യുമ്പോൾ കാരുണ്യവർഷത്തിലെ ഒരു അവിസ്മരണീയ ദിനമായിരിക്കും അത്. ജീവിച്ചിരുന്നപ്പോൾ തന്നെ അമ്മയെ പലരും വിശുദ്ധയായി കണ്ടു. കണ്ടുമുട്ടിയവർ കരുണയുടെ ഒരു മാലാഖയെ തിരിച്ചറിഞ്ഞു. കരുണ നിറഞ്ഞ ജീവിതംകൊണ്ടു മദർ തെരേസ, ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ടു മുമ്പേ ജീവിച്ചു കടന്നുപോയി. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, "ദൈവത്തിന്റെ കരുണ കൊണ്ടുവരാൻ ധൈര്യവും സർഗാത്മകതയും കാണിച്ച മിഷനറീസ് ഓഫ് ചാരിറ്റി സ്‌ഥാപക മദർ തെരേസ അല്ലാതെ ലോകത്തു മറ്റാരും അതിനില്ലായിരുന്നു."
"പാവപ്പെട്ട സഭയും പാവപ്പെട്ടവർക്കു വേണ്ടിയുള്ള സഭയുമാണ് എനിക്ക് വേണ്ടത്" എന്ന ഫ്രാൻസിസ് മാർപാപ്പായുടെ വാക്കുകൾ മദർ തെരേസ എത്രയോ മുമ്പ് തന്റെ അനുയായികളെ അനുദിനം അനുസ്മരിപ്പിച്ചിരുന്നു. ലൊറോറ്റോ മഠം വിട്ടു പാവങ്ങളോട് ഒരുമിച്ചു താമസിക്കാനുള്ള മദർ തെരേസയു ടെ തീരുമാനത്തിനും വത്തിക്കാനിലെ പേപ്പൽ കൊട്ടാരം വിട്ടു സാന്ത മാർത്തയിലേക്കു മാറിത്താമസിച്ച് പാവങ്ങളോട് അനുരൂപപ്പെടാൻ ഫ്രാൻസിസ് മാർപാപ്പ എടുത്ത തീരുമാനത്തി നും സമാനതകളുണ്ട്. പാപ്പാ സ്‌ഥാനം ഏറ്റെടുത്ത ആദ്യകാലയളവിൽ തന്നെ സഭ തന്നെത്തന്നെ നവീകരിച്ചു കൂടുതൽ പ്രേഷിതയും കരുണനിറഞ്ഞവളും ആകണമെന്നു ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചിരുന്നു. പാവങ്ങളോടും രോഗികളോടും അഭയാർഥികളോടും മാനസിക- ശാരീരിക പീഡകൾ സഹിക്കുന്നവരോടു, പ്രകൃതിദുരന്തങ്ങളാൽ കഷ്‌ടപ്പെടുന്നവരോടും പ്രത്യേക സ്നേഹവും കാരുണ്യവും മാർപാപ്പ കാട്ടി. അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം ഭക്ഷിക്കാനും മുൻകൈ എടുക്കുന്ന മാർപാപ്പ കാട്ടിത്തരുന്നതു പറയുന്നത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സഭാധികാരിയെയാണ്.
പ്രവാചകശബ്ദമാകാൻ തെരഞ്ഞെടുക്കപ്പെട്ട മാതൃകകളാണു മദർ തെരേസയും ഫ്രാൻസിസ് മാർപാപ്പയും. മനുഷ്യരെല്ലാവരെയും ദൈവത്തിന്റെ മക്കളായി കണ്ടു സേവിച്ച മദർ തെരേസ ജീവിതത്തിൽ ചെയ്ത നന്മകൾ പിന്തുടരാൻ ഫ്രാൻസിസ് മാർപാപ്പ നിരന്തരം പഠിപ്പിക്കുന്നു.