News >> യേശു പ്രദാനം ചെയ്യുന്ന രക്ഷ


Source: Vatican Radio

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരത്തില്‍ ബുധനാഴ്ച (31/08/16) അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ ഇന്ത്യ, ഫിലിപ്പീന്‍സ് വിയെറ്റ്നാം തുടങ്ങിയ വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ പങ്കുകൊണ്ടു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു ഈ കൂടിക്കാഴ്ച ആരംഭിച്ചത്. പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം വിവിധ ഭാഷകളില്‍ സുവിശേഷ ഭാഗം വായിക്കപ്പെട്ടു. യേശു രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്ന സംഭവം, മത്തായിയുടെ സുവിശേഷം, അദ്ധ്യായം 9, 20 മുതല്‍ 22 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്.

 "പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു. അവന്‍റെ   വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി". ഈ സുവിശേഷ വായനയെത്തുടര്‍ന്ന് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

നാം ശ്രവിച്ച സുവിശേഷഭാഗം അവതരപ്പിക്കുന്നത് സ്വന്തം വിശ്വാസത്താലും ധൈര്യത്താലും  തെളിഞ്ഞു നില്ക്കുന്ന ഒരു വ്യക്തിത്വത്തെയാണ്. യേശു സുഖപ്പെടുത്തുന്ന രക്തസ്രാവക്കാരിയായ ഒരു സ്ത്രീയാണ് അത്. ജനക്കൂട്ടത്തിനിടയിലൂടെ കടന്ന് യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിക്കാന്‍ അവിടത്തെ പിന്നെലത്തുന്നവള്‍. വാസ്തവത്തില്‍ അവള്‍ ഉള്ളില്‍ പറഞ്ഞു: അവന്‍റെ    വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും. വാക്യം 21.

എത്ര വലിയ വിശ്വാസം. എത്രമാത്രം വിശ്വാസം ആ സ്ത്രീക്കുണ്ടായിരുന്നു. അത്രയധികം വിശ്വാസത്താലും പ്രത്യാശയാലും നയിക്കപ്പെട്ടതിനാലാണ് അവള്‍ അങ്ങനെ ചിന്തിച്ചത്. താന്‍ മനസ്സില്‍ വിചാരിച്ച കാര്യം അവള്‍ അല്പം തന്ത്രപൂര്‍വ്വം സാധിച്ചെ‌ടുക്കുന്നു. യേശുവിനാല്‍ സൗഖ്യമാക്കപ്പെടണമെന്ന അഭിലാഷം അവളെ മോശയുടെ നിയമം അനുശാസിക്കുന്ന വ്യവസ്ഥകളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്നു. വര്‍ഷങ്ങളായി അവള്‍ രോഗി മാത്രമല്ല മറിച്ച് രക്തസ്രാവമായതിനാല്‍ അശുദ്ധയായും കരുതപ്പെട്ടിരുന്നു. ആകയാല്‍ അവള്‍ക്ക് ദൈവാരാധനയില്‍ പങ്കെടുക്കുന്നതിനൊ ദാമ്പത്യജീവിതം നയിക്കുന്നതിനൊ മറ്റുള്ളവരുമായി അടുത്തിടപഴകുന്നതനൊ അനുവാദമുണ്ടായിരുന്നില്ല. അവള്‍ സ്വന്തം സാമ്പത്തികസ്ഥിതിയനുസരിച്ച് നിരവധി വൈദ്യന്മാരെ സമീപിക്കുകയും വേദനയുളവാക്കുന്ന ചികിത്സകള്‍ക്ക്   വിധേയയാകുകയും ചെയ്തെങ്കിലും രോഗാവസ്ഥ വഷളാകുകയാണുണ്ടായതെന്ന് സുവിശേഷകന്‍ മര്‍ക്കോസ് പറയുന്നു. സമൂഹത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടവളായിരുന്നു ആ സ്ത്രീ. ഈ വസ്തുത കണക്കിലെടുക്കേണ്ടത്  അവളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിന് സുപ്രധാനമാണ്. തന്നെ രോഗവിമുക്തയാക്കാനും വര്‍ഷങ്ങളായുള്ള പുറന്തള്ളപ്പെടലിന്‍റേയും അയോഗ്യതയുടേയും അവസ്ഥയില്‍ നിന്നു മോചിക്കാനും യേശുവിന് കഴിയുമെന്ന് അവള്‍ക്ക് തോന്നി. ചുരുക്കിപ്പറഞ്ഞാല്‍ തന്നെ രക്ഷിക്കാന്‍  യേശുവിന് കഴിയും എന്ന ബോധ്യം അവള്‍ക്കുണ്ട്.

ഈ രക്തസ്രാവക്കാരിയുടെ അവസ്ഥ  ഒരു സ്ത്രീ പലപ്പോഴും  എങ്ങനെയാണ് കാണപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്ന് നമ്മെ ചിന്തിപ്പിക്കുന്നു. അവളുടെ അലംഘനീയ ഔന്നത്യത്തെ ഹനിക്കുന്നതായ മുന്‍വിധികളോടും സന്ദേഹങ്ങളോടും കൂടി സ്ത്രൈണതയെ വീക്ഷിക്കുന്നതിനെതിരെ എല്ലാവരും, ക്രൈസ്തവസമൂഹങ്ങളും ജാഗ്രതപുലര്‍ത്തണം. ഈയൊരു പശ്ചാത്തലത്തില്‍ സുവിശേഷങ്ങളാണ് സത്യം വീണ്ടെടുക്കുകയും സൗഖ്യദായകവീക്ഷണത്തിലേക്ക് നയിക്കുന്നതും. എല്ലാവരും ഒഴിവാക്കിനിറുത്തിയിരുന്ന  ആ സ്ത്രീയുടെ വിശ്വാസത്തെ യേശു ശ്ലാഘിക്കുകയും അവളുടെ പ്രത്യാശയെ രക്ഷയാക്കി മാറ്റുകയും ചെയ്യുന്നു. തന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ച സ്ത്രീയോട് യേശു പറയുന്നു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി. ധൈര്യം, മകള്‍ എന്നീ പദങ്ങള്‍ ആ വ്യക്തിയോടു ദൈവത്തിനുള്ള കാരുണ്യത്തെ പൂര്‍ണ്ണമായിത്തന്നെ ആവിഷ്ക്കരിക്കുന്നു. ആ രക്ഷയുടെ പൊരുള്‍ ബഹിവിധങ്ങളാണ്. സര്‍വ്വോപരി ആ സ്ത്രീയ്ക്ക് സൗഖ്യമേകുന്നു; സാമൂഹ്യ മതപരങ്ങളായ വിവേചനങ്ങളില്‍ നിന്ന്  അവളെ സ്വതന്ത്രയാക്കുന്നു; അവളുടെ ഹൃദയത്തില്‍ നിന്ന് ഭീതിയും അസ്വസ്ഥതയുമകറ്റി പ്രത്യാശയ്ക്ക് സാക്ഷാല്‍ക്കാരമേകുന്നു. ഒളിച്ചുകഴിയേണ്ട അവസ്ഥയില്‍നിന്ന് അവളെ മോചിപ്പിച്ച് സമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരുന്നു. യേശു പ്രദാനം ചെയുന്നത് സമ്പൂര്‍ണ്ണ  രക്ഷയാണ്. നീ ഇനി പുറന്തള്ളപ്പെട്ടവളല്ല, ഞാന്‍ നിന്നോടു പൊറുക്കുന്നു, ഞാന്‍ നിന്നെ ആശ്ലേഷിക്കുന്നു. ഇതാണ് ദൈവത്തിന്‍റെ കാരുണ്യം. അവിടത്തെ പക്കലണയാനും പാപത്തിനു മാപ്പപേക്ഷിക്കാനും നമുക്കു ധൈര്യം വേണം. യേശു നമ്മെ സ്വതന്ത്രരാക്കുന്നു, എഴുന്നേറ്റു നടക്കാന്‍ പ്രാപ്തരാക്കുന്നു. എഴുന്നേല്‍ക്കൂ, നടന്നു വരൂ. ദൈവം നമ്മെ സൃഷ്ടിച്ചത് ഔന്നത്യമുള്ളവരായിട്ടാണ് നിന്ദിതരായിട്ടല്ല.

വിശ്വാസത്താല്‍ സ്വീകരിക്കപ്പെട്ട യേശുവചനമാണ്, അല്ലാതെ ആ സ്ത്രീ തൊട്ട അവിടത്തെ മേല്‍വസ്ത്രമല്ല രക്ഷ പ്രദാനം ചെയ്യുന്നത്. സാന്ത്വന സൗഖ്യദായകങ്ങളും  ദൈവവുമായും അവിടത്തെ ജനതയുമായും ബന്ധം പുനസ്ഥാപിക്കുന്നതുമാണ് യേശുവചനം.ഒരോവ്യക്തിയും ആത്മശരീരങ്ങളില്‍ സൗഖ്യമാക്കപ്പെടുന്നതിനും ദൈവമക്കള്‍ക്കടുത്ത ഔന്നത്യം വീണ്ടെടുക്കുന്നതിനും വേണ്ടി സഭ ഒരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സഞ്ചരിക്കേണ്ട സരണി ഏതെന്ന് യേശു ഒരിക്കല്‍ കൂടി അവിടത്തെ കാരുണ്യഭരിതമായ പ്രവര്‍ത്തനത്താല്‍ കാട്ടിത്തരുന്നു. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്,പതിവുപോലെ, പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തിനെ തുടര്‍ന്ന്  കര്‍ത്ത‍ൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.