News >> മാനവ പുരോഗതിക്കായി പാപ്പാ ഫ്രാന്‍സിസ് പുതിയ വകുപ്പ് സ്ഥാപിച്ചു
Source: Vatican Radio
മാനവികതയുടെ സമഗ്ര പുരോഗതിക്കായുള്ള വകുപ്പ് (Department for the Integral Human Development Serives) എന്നു പേരിട്ടിരിക്കുന്ന വത്തിക്കാന്‍റെ ഡിപ്പാര്‍ട്മെന്‍റിന് ആവശ്യമായ നിയമങ്ങളും, പ്രഖ്യാപന പ്രസ്താവനയ്ക്കൊപ്പം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
- നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
- പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
- ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള (Cor Unum) പൊന്തിഫിക്കല്‍ കൗണ്‍സില്‍
- ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍
എന്നിങ്ങനെ നിലവിലുള്ളതും, സമാന്തര സ്വഭാവമുള്ളതുമായ വത്തിക്കാന്‍റെ നാലു പൊന്തിഫിക്കല്‍ കൗണ്‍സിലുകളെയും അവയിലെ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ വകുപ്പ് പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ചിരിക്കുന്നത്.2017 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍വരുന്ന പുതിയ വകുപ്പിന്‍റെ പ്രീഫെക്ടായി, ഇപ്പോള്‍ നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്തിരുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണെ പാപ്പാ ഫ്രാന്‍സിസ് ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികയിലൂടെ നിയോഗിച്ചു. പുതിയ വകുപ്പ് പ്രാബല്യത്തില്‍ വരുന്ന ദിവസം മുതല്‍ മേല്പറഞ്ഞ നാലു പൊന്തിഫിക്കല്‍ കൗണ്‍സിലുകളും സ്വമേധയാ ഇല്ലാതാകുമെന്നും പാപ്പാ വകുപ്പു സ്ഥാപന പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.സകലമനുഷ്യരുടെയും നന്മയും പുരോഗതിയും മുന്നില്‍ കണ്ടുകൊണ്ട്, സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നീതി, സമാധാനം സൃഷ്ടിയുടെ പരിചരണം എന്നീ വിലമതിക്കാനാവാത്ത മൂല്യങ്ങള്‍ സുവിശേഷവെളിച്ചത്തില്‍ പാലിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സഭയില്‍ ഈ മാറ്റം നടപ്പില്‍വരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താനവനയില്‍ പാപ്പാ വ്യക്തമാക്കി. തന്‍റെ സ്ഥാനാരോഹണത്തിന്‍റെ നാലാം വര്‍ഷം, 2016 ആഗസ്റ്റ് 17-ന് പ്രസിദ്ധപ്പെടുത്തിയ സ്വാധികാര പ്രബോധനത്തിലൂടെ (Motu Proprio) മാനവികതയുടെ പുരോഗതിക്കായുള്ള വകുപ്പു രൂപപ്പെടുത്തുന്നുവെന്നും, ഇതിനു വിരുദ്ധമായി യാതൊന്നും പ്രബലപ്പെടാത്ത വിധത്തില്‍ ഈ മാറ്റത്തിന് നിയമബലമുണ്ടെന്നും പാപ്പാ പ്രസ്താവനയില്‍ സ്ഥാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുവയ്ക്കുന്ന സഭയിലെ നവമായ മാറ്റങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.സുവിശേഷത്തെയും സഭയുടെ സാമൂഹ്യപ്രബോധനങ്ങളെയും ആധാരമാക്കി രൂപമെടുക്കുന്ന മാനവികതയുടെ സമഗ്ര വികസനത്തിനായുള്ള ഈ വകുപ്പ് കുടിയേറ്റം, ആരോഗ്യം, ഉപവിപ്രവര്‍ത്തനങ്ങള്‍, സൃഷ്ടിയുടെ പരിചരണം എന്നിങ്ങനെ നവമാനവികതയുടെ അടിയന്തിരമായ ആവശ്യങ്ങള്‍ മാനിച്ചുകൊണ്ടാണ് പ്രവര്‍ത്തനബദ്ധമാകുന്നതെന്ന് പാപ്പാ പ്രബോധനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സുവിശേഷ ചൈതന്യത്തില്‍ രൂഢമൂലമായ സഭയുടെ സമൂഹ്യപ്രബോധനങ്ങള്‍ മാനവികതയുടെ കാലികമായ സാമൂഹ്യ-സമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തിക്കേണ്ടതും, തന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കര്‍മ്മനിരതമാകേണ്ടതുമായ വകുപ്പാണെന്ന് പാപ്പാ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.സഭാ നവീകരണത്തിനായി നിയമിക്കപ്പെട്ടിട്ടുള്ള 9 അംഗ-കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നീണ്ടകാല പഠനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തിലും, പ്രാര്‍ത്ഥനയിലൂടെ ദൈവികവെളിച്ചം തേടിക്കൊണ്ടുമാണ് സഭയില്‍ പരീക്ഷണാര്‍ത്ഥം (Ad Experimentum) ഈ പുതിയ വകുപ്പ് രൂപപ്പെടുത്തുന്നത്. പാപ്പാ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിനോട് അടുത്തു സഹകരിച്ചുകൊണ്ടാണ് ഈ വകുപ്പും പ്രവര്‍ത്തിക്കുവാന്‍ പോകുന്നത്. ദേശീയ പ്രാദേശിയ സഭാ സംവിധാനങ്ങളോടു കൈകോര്‍ത്തും, ദേശീയ രാജ്യാന്തര തലത്തിങ്ങളില്‍ ഉള്ളതുമായ നിയമങ്ങള്‍ക്ക് അനുസൃതമായും, മറ്റ് രാഷ്ട്രങ്ങളോടും സര്‍ക്കാരേതര പ്രസ്ഥാനങ്ങളോടും, സ്ഥാപനങ്ങളോടും സഹകരിച്ച് മാനവികതയുടെ വികസനത്തിനായി ഈ വകുപ്പ് പ്രവര്‍ത്തിക്കണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.