News >> മരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം: മാലാവി
Source: Sunday Shalom
ലിലോംഗ്വേ: മാലാവി പതുക്കെ മരിച്ചുകൊണ്ടിരിക്കുകയാണ് മോൻഫോർട്ടാൻ മിഷനറിയായ ഫാ.പിയർജോർജിയോ ഗാമ്പാ പങ്കുവയ്ക്കുന്നത് കേട്ടുകേൾവിയല്ല, തന്റെ നേരിട്ടുള്ള അനുഭവമാണ്. ഇപ്പോൾ മരിക്കുന്നവരുടെ എണ്ണം സൂക്ഷിക്കുവാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. എല്ലാ ഗ്രാമങ്ങളിലും മരണം പതിയിരിക്കുന്നതുപോലെ. അടുത്തടുത്ത് മരണങ്ങൾ നടക്കുന്നു. രാത്രി മുഴുവൻ ഉറക്കമളച്ചുള്ള ജാഗരണവും നീണ്ട വിലാപയാത്രകളുമാണ് ഈ നാടിനെ ഇപ്പോൾ അടയാളപ്പെടുത്തുന്നത്. വൃദ്ധരാണ് ആദ്യഇരകൾ. സാധാരണ വർഷങ്ങൾ പോലും അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന അവരുടെ ശരീരത്തിന് ക്ഷാമകാലത്തോട് പൊരുത്തപ്പെടാനാവുന്നില്ല. ഭക്ഷണക്ഷാമം തന്നെയാണ് മരണത്തിന് പിന്നിലുള്ള പ്രധാന കാരണം; ഫാ. പിയർജോർജിയോ പങ്കുവച്ചു.
എന്നാൽ ഭക്ഷണക്ഷാമം മാത്രമല്ല മരണനിരക്ക് ഉയരാനുള്ള കാരണം. തിങ്ങിനിറഞ്ഞ ആശുപത്രികളിൽ അത്യാവശ്യചികിത്സാസംവിധാനങ്ങൾ പോലും ലഭ്യമല്ല. വിദ്യാഭ്യാസ മേഖലയെയും ഭക്ഷ്യപ്രതിസന്ധി ബാധിച്ചിരിക്കുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രം ലഭ്യമാകുന്ന അവസ്ഥയാണുള്ളത്. സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരുന്ന 50 ശതമാനത്തിലധികം കുട്ടികളും പഠനം പാതിവഴിയിലുപേക്ഷിച്ചു. പ്രൈമറി സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കാൻ സർക്കാരിനായിട്ടില്ല. ഭക്ഷണത്തിന്റെയും ജലത്തിന്റെയും കറന്റിന്റെയും ദൗർലഭ്യത്തിന്റെ പിടിയിലമർന്നിരിക്കുന്ന മാലാവിയെ ഒഴിയാബാധപോലെ അഴിമതി പിടികൂടിയിരിക്കുകയാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും സ്വാർത്ഥതയുമായ രാജ്യത്തെ ജീവിതം ദുസ്സഹമാക്കിതീർക്കുന്നതെന്ന് ഫാ. പിയർജോർജിയോ വിവരിക്കുന്നു.