News >> ദൗത്യം ഏറ്റെടുക്കാൻ നിയുക്ത ഇടയന്മാർ റോം വഴി യൂറോപ്പിലേക്ക്

Source Sunday Shalom


യു.കെ : കേരളത്തിൽനിന്ന് റോം വഴി യൂറോപ്പിലേക്ക്! പ്രസ്റ്റൺ രൂപതയിലെ നിയുക്ത ഇടയനെയും യൂറോപ്പിനുവേണ്ടിയുള്ള നിയുക്ത അപ്പസ്‌തോലിക് വിസിറ്റേറ്ററുടെയും ദൈവവിളിയെക്കുറിച്ച് മേൽപ്പറഞ്ഞ വിശേഷണമായാലും ഉചിതം. പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലും ഇരിഞ്ഞാലക്കുട രൂപതാംഗമായ മാർ സ്റ്റീഫൻ ചിറപ്പണത്തും കേരളത്തിലെയും റോമിലെയും അജപാലന ശുശ്രൂഷയ്ക്കുശേഷമാണ് പുതിയ ദൗത്യങ്ങളിൽ നിയുക്തരാകുന്നത്.

റോമിലെ ഉർബൻ കോളജിൽ വൈസ് റെക്ടറായി സേവനംചെയ്യുകയായിരുന്നു മാർ സ്രാമ്പിക്കൽ. റോമിൽ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്യുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും പ്രവർത്തിക്കുകയായിരുന്നു മാർ ചിറപ്പണത്ത്. ഇതിനുപുറമെ മറ്റൊരു സമാനതകൂടിയുണ്ട് ഇരുവർക്കും. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട് നിയുക്ത ഇടയന്മാർക്ക്.

ഉരുളികുന്നം ഇടവകാംഗം സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11നാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജനനം. ഉർബൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റും നേടിയ ഇദ്ദേഹം ഓക്‌സ് ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്‌റ്റേഴ്‌സ് ബിരുദവും നേടി. 2000 ഓഗസ്റ്റ് 12ന് മാർ ജോസഫ് പള്ളിക്കാപറമ്പിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.

രൂപതാ മൈനർ സെമിനാരി, മാർ എഫ്രേം ഫോർമേഷൻ സെൻർ, സെന്റ് തോമസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്. ചേർപ്പുങ്കൽ മാർ സ്ലീവാ നേഴ്‌സിംഗ് കോളജ്, വാഗമൺ മൗണ്ട് നെബോ ധ്യാനകേന്ദ്രം എന്നിവയുടെ സ്ഥാപക ഡയറക്ടറാണ്. പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം കോർഡിനേറ്റർ, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്‌മെൻറ്, ജീസസ് യൂത്ത്, രൂപതാ ബൈബിൾ കൺവെൻഷൻ, പ്രാർത്ഥനാഭവനങ്ങൾ എന്നിവയുടെയും സാരഥിയായിരുന്നു.

രൂപതാ മെഡിക്കൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജിൽ വൈസ് റെക്ടറായി ചാർജെടുക്കുംവരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും സേവനംചെയ്തു. ഓക്‌സ് ഫോർഡ് യൂണിവേഴ്‌സിറ്റി പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വർഷമായി റോമിലും സീറോ മലബാർ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളിൽ സഹായിച്ചിരുന്നു. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരിൽ ഒരാളുമാണ് നിയുക്ത മെത്രാൻ.

ഇരിങ്ങാലക്കുട പുത്തൻചിറ ഇടവകയിൽ കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ജനിച്ചത്. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി 1987 ഡിസംബർ 26ന് മാർ ജെയിംസ് പഴയാറ്റിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ടായി സേവനംചെയ്ത അദ്ദേഹം റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്ടർ, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊക്യുറേറ്റർ, വൈസ് റെക്ടർ, ലക്ചറർ എന്നീ നിലകളിലും തൃശൂർ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ മേജർ ആർച്ച്ബിഷപ്പിന്റെ പ്രൊക്യുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും സേവനം ചെയ്തു വരികയാണ്. അപ്പസ്‌തോലിക് വിസിറ്റേറ്റർ ശുശ്രൂഷയ്‌ക്കൊപ്പം റോമിലെ പ്രൊക്യുറേറ്ററിന്റെ സേവനം മോൺ. സ്റ്റീഫൻ തുടരും. പ്രവാസി സമൂഹങ്ങൾക്കുവേണ്ടി അജപാലനശുശ്രൂഷ നിർവഹിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാ രൂപതയിലെ പ്രസിബിറ്ററൽ കൗൺസിലിലും അംഗമാണ് മോൺ. സ്റ്റീഫൺ.