News >> സമർപ്പിതജീവിതം ലോകത്തിനുള്ള നിരന്തര ഓർമപ്പെടുത്തൽ: മാർ യൗസേബിയൂസ്

Source: Sunday Shalom


എൽമണ്ട് : മനുഷ്യജീവിതം ഈ ലോകയാഥാർത്ഥ്യങ്ങൾക്കും അതിന്റെ നേട്ടങ്ങൾക്കും അതീതമാണെന്ന നിരന്തരമായ ഓർമപ്പെടുത്തലാണ് സമർപ്പണജീവിതമെന്ന് ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയൂസ്. നോർത്ത് അമേരിക്കയിലെ സീറോ മലങ്കര സഭയ്ക്ക് ലഭിച്ച ആദ്യത്തെ സന്യാസിനിയായ സിസ്റ്റർ ജോസ്‌ലിൻ ഇടത്തിലിന്റെ പ്രഥമ വ്രതവാഗ്ദാന തിരുക്കർമങ്ങൾക്കുശേഷം സന്ദേശം നൽകുകയായിരുന്നു സീറോ മലങ്കര നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ.

സമർപ്പിതർ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീവ്രതങ്ങൾ മനുഷ്യന് ദൈവത്തോടുള്ള അടിസ്ഥാന ആഭിമുഖ്യത്തെയും മറ്റുമനുഷ്യരോടും യാഥാർത്ഥ്യങ്ങളോടും തങ്ങളോടുതന്നെയും ഉള്ള ബന്ധത്തേയുമാണ് സൂചിപ്പിക്കുന്നത്. സമർപ്പിത ദൈവവിളികൾക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനംചെയ്ത അദ്ദേഹം സമർപ്പിതർക്കായി കൂടുതൽ പ്രാർത്ഥിക്കേണ്ട കാലഘട്ടമാണിതെന്നും ഓർമിപ്പിച്ചു.

അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുള്ള പൗരസ്ത്യ സഭകളിൽനിന്ന് അതേ സഭയ്ക്ക്‌വേണ്ടി സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സന്യാസിനിയാണ് സിസ്റ്റർ ജോസ്‌ലിൻ. ആദ്യമായി ഇതേ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിൾ ഇടത്തിൽ ഇളയസഹോദരനാണ്.

മെഡിക്കൽ ഡോക്ടറും കെമിസ്ട്രിയിൽ ഡോക്ടറേറ്റുമുള്ള സിസ്റ്റർ ജോസ്‌ലിൻ ദൈവദാസൻ ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ആധ്യാത്മിക ദർശനങ്ങളിൽ പ്രചോദിതയായാണ് മാർ ഇവാനിയോസ് ആരംഭിച്ച ബദനി മിശിഹാനുകരണ സന്യാസിനി സഭയിൽ ചേർന്നത്.ഫിലാഡൽഫിയ സെന്റ് ജൂഡ് സീറോ മലങ്കര ഇടവകാംഗം ഫിലിപ്പ് ഇടത്തിലിന്റെയും രാജമ്മയുടെയും രണ്ടാമത്തെ മകളാണ് സിസ്റ്റർ ജോസ്‌ലിൻ. ജോൺ, ഐലിൻ എന്നിവരാണ് ഇതര സഹോദരങ്ങൾ.

ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്‌ളവർ, തിരുവനന്തപുരം പ്രോവിൻസിന്റെ മദർ സിസ്റ്റർ കാരുണ്യ, രൂപതാ വികാരി ജനറൽ മോൺ. പീറ്റർ കോച്ചരി, മോൺ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്‌കോപ്പ എന്നിവർക്കൊപ്പം നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ചരിത്ര നിമിഷത്തിന് സാക്ഷികളായി.