News >> കൂട്ടസംഹാരശേഷിയുള്ള ആയുധങ്ങൾ നിയന്ത്രിക്കണം

Source: Sunday Shalom


ന്യൂയോർക്ക്: ആണവായുധങ്ങളും രാസായുധങ്ങളും ജൈവായുധങ്ങളും മാത്രമല്ല കൂട്ടസംഹാരശേഷിയുള്ള പരമ്പരാഗത ആയുധങ്ങളും നിയന്ത്രിക്കേണ്ടതാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരനിരീക്ഷകൻ ആർച്ച് ബിഷപ് ബർണാഡിറ്റ ഓസ. കൂട്ടസംഹാരശേഷിയുള്ള ആയുധങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചയിലാണ് ആർച്ച് ബിഷപ് ഓസ വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.

യുദ്ധകാല കുറ്റകൃത്യങ്ങളും മറ്റ് മനുഷ്യാവകാശലംഘനങ്ങളും നടത്തുന്നതിനായി ഉപയോഗിക്കുന്ന ശക്തമായ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണത്തിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധിക്കണം. ഒരോ ദിവസവും കൺമുമ്പിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌കൂളുകളും ആശുപത്രികളും മറ്റ് സിവിലിയൻ സംവിധാനങ്ങളും ഇതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. കോടിക്കണക്കിന് അഭയാർത്ഥികൾ ഓർമിപ്പിക്കുന്ന വസ്തുതയും മറ്റൊന്നല്ല. നഗരങ്ങളും സമൂഹങ്ങളും ശക്തമായ ആയുധങ്ങളാൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓടി രക്ഷപെടണമൊ മരിക്കണമൊ എന്നത് മാത്രമാണ് മുമ്പിലുള്ള ചോദ്യം; ആർച്ച് ബിഷപ് വ്യക്തമാക്കി.

ഇത്തരം ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾ അസ്ഥിരമായ രാഷ്ട്രീയസാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ളവർക്കുള്ള വിൽപ്പന നിയന്ത്രിക്കണമെന്നതാണ് വത്തിക്കാൻ നിലപാടെന്ന് ആർച്ച് ബിഷപ് ഓസ പറഞ്ഞു.