News >> ബാല്യവും, അവകാശങ്ങളും ഭാവിയും കവര്‍ച്ചചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍
ഉപേക്ഷിക്കപ്പെടുകയൊ തെരുവീഥികളില്‍ ജീവിക്കേണ്ടിവരികയൊ കുറ്റകൃത്യ സംഘങ്ങള്‍ക്കിരയാവുകയൊ ചെയ്യുന്ന ഓരോ കുഞ്ഞും ദൈവത്തിങ്കലേക്കുയരുന്ന രോദനമാണെന്ന് മാര്‍പ്പാപ്പാ. പതിറ്റാണ്ടുകളായി നാം വിമര്‍ശിക്കുകയും എന്നാല്‍ നീതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതം പരിവര്‍ത്തനം ചെയ്യുക ആയാസകരമായി ഭവിക്കുകയും ചെയ്തിരി ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ ഒരാരോപണവും ആണതെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി ഈ മാസം 13 മുതല്‍ 17 വരെ റോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ പങ്കെടുത്ത എണ്‍പതോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച (17/09/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യവെയാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനും അവരുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഈ സമിതി നടത്തുന്ന യത്നങ്ങളെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു. കുഞ്ഞുങ്ങളാരും ജീവിക്കാന്‍ തെരുവീഥി സ്വമേധയാ തിരഞ്ഞെടുക്കയില്ലെന്നും എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആധുനിക ആഗോളവത്കൃത ലോകത്തില്‍ നിരവധി കുഞ്ഞുങ്ങളുടെ ബാല്യവും അവകാശങ്ങളും ഭാവിയും കവര്‍ച്ചചെയ്യപ്പെടുകയാണെന്നും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. ഉചിതമായ നിയമങ്ങളുടെയും സംവിധാനങ്ങളുടെയും അഭാവം കുഞ്ഞുങ്ങ ളുടെ ഈ ഇല്ലായ്മയുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയാണെന്ന് പാപ്പാ പറഞ്ഞു. വ്യാപകമായ അഴിമതിയും എന്തു വിലകൊടുത്തും ധനം കുന്നുകൂട്ടാനുള്ള ത്വരയും, നിരപരാധികള്‍ക്കും കൂടുതല്‍ ബലഹീന വിഭാഗത്തിനും അന്തസ്സാര്‍ന്ന ജീവിതസാധ്യത നിഷേധിക്കുകയും, മനുഷ്യക്കടത്തെന്ന കുറ്റകൃത്യത്തെയും ഇതര അനീതികളെും ഊട്ടിവളര്‍ത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ കുറ്റപ്പെടുത്തി. സാമ്പത്തിക-സാംസ്ക്കാരിക ഘടകങ്ങളുടെ ഭീഷണിക്കിരകളാകുന്ന സ്തീകളുടെ ഔന്നത്യം സംരക്ഷിക്കുകയെന്ന അടിയന്തിരാവശ്യത്തിനു മുന്നില്‍ ആര്‍ക്കും നിഷ്ക്രിയരാകനും അതുപോലെതന്നെ തെരുവീഥികള്‍ വാസയിടങ്ങളാക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദുരവസ്ഥയ്ക്കു മുന്നില്‍ സഭയ്ക്കും സഭാ സ്ഥാപനങ്ങള്‍ മൗനം പാലിക്കാനും കണ്ണടയ്ക്കാനും ആകില്ലെന്ന് പാപ്പാ പ്രസ്താ വിച്ചു. Source: Vatican Radio