News >> മദർ ഇനി കൊൽക്കത്തയിലെ വിശുദ്ധ തെരേസ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങളിൽ പ്രാർത്ഥന നിറഞ്ഞ നിമിഷം ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിവധ രാജ്യങ്ങളിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠങ്ങളിൽ തിങ്ങിക്കൂടിയ നുറുകണക്കിന് ജനങ്ങൾ ടെലിവിഷനിലും മറ്റും ഈ കാഴ്ച കണ്ട് കണ്ണീർ വാർക്കുകയായിരുന്നു.
വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസെക്കൂടാതെ അമ്മ ത്രേസ്യായും കൊച്ചുത്രേസ്യായുമൊക്കെ ഉള്ളതിനാൽ മദർ ഇനി മുതൽ കൊൽ ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും അറിയപ്പെടുക.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രത്യേകം തയാറാ ക്കിയ വേദിയിൽ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർ മികത്വത്തിൽ നടന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. കാരുണ്യവർഷത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തലവൻ കർദിനാൾ ആഞ്ചലോ അമാത്തോ, മദർ തെരേസയുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക്, കർദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുട ങ്ങിയവരുടെ നേതൃത്വത്തിൽ പ്രദക്ഷിണമായാണ് ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പാ എത്തിയത്. പ്രാർത്ഥനകൾക്കിടയിൽ സകല വിശുദ്ധരുടെയും ലുത്തിനിയ നടന്നു. അൽബേനിയ, ഫ്രഞ്ച്, ബംഗാളി, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലും മധ്യസ്ഥ പ്രാർഥന നടന്നു.
നാമകരണ നടപടികളുടെ ചുമതലയുള്ള കർദിനാൾ ആഞ്ചലോ അമാത്തോയും പോസ്റ്റുലേറ്റർ റവ. ഡോ. ബ്രയൻ കോവോ ജയ്ചുക്കും വിശുദ്ധരുടെ പുസ്തകത്തിൽ മദർ തെരേസയുടെ പേര് ചേർക്കട്ടേയെന്ന് പാപ്പയോട് അനുവാദം ചോദിച്ചു. തുടർന്ന് മദറിന്റെ ജീവചരിത്രത്തിന്റെ ലഘുവിവരണവും വായിച്ചു. അനന്തരം മാർപാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തുകയായിരുന്നു.
സാർവത്രിക സഭയുടെ വണക്കത്തിനായി മദർ തെരേസയുടെ തിരുശേഷിപ്പുകൾ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അംഗങ്ങളായ സി.ക്ലെയർ,സി.എലിയനും മറ്റു സഹോദരങ്ങളും ചേർന്ന് അൾത്താരയിലേക്കു സംവഹിച്ചു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഡോ. ഓസ്‌വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പോ, കൽക്കട്ട ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്‌സ് സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസി, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാർമികരായി.
വിശുദ്ധപദ പ്രഖ്യാപനത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരൻ മാർചിലിയോ ഹദാദ് ആൻഡ്രിനോയും കുടുംബവും ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന് മന്ത്രിമാരായ ടി.എം തോമസ് ഐസക്, മാത്യു.ടി തോമസ്, എം.പിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി, ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
നാമകരണച്ചടങ്ങിന് ശേഷം പോൾ ആറാമൻ ഹാളിനു സമീപം 2000 സാധുജനങ്ങൾക്കായി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രണ്ടായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.