News >> മദര്‍ തെരേസ ദൈവികകാരുണ്യത്തിന്‍റെ ഉദാരമതിയായ പ്രയോക്താവെന്ന് പാപ്പാ ഫ്രാന്‍സിസ്


Source: Vatican Radio

1.ദൈവത്തിന്‍റെ ശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? (വിജ്ഞാനം 9, 13).  പിടികിട്ടാത്തതും നിഗൂഢവുമായ രഹസ്യമാണ് മനുഷ്യജീവിതം. ദൈവവും മനുഷ്യനും എന്നും ചരിത്രത്തിന്‍റെ വേദിയിലെ രണ്ടു മുഖ്യവക്താക്കളാണ്. ദൈവത്തിന്‍റെ വിളി കേള്‍ക്കുകയും ദൈവഹിതം നിറവേറ്റുകയും ചെയ്യേണ്ടവനാണ് മനുഷ്യന്‍. എന്നാല്‍ ദൈവഹിതം അറിയുന്നവനേ ദൈവഹിതം നിറവേറ്റാനാകൂ!

2.  വിജ്ഞാനത്തിന്‍റെ ഗ്രന്ഥമാണ് ഇതിന് ഉത്തരംനല്കുന്നത്. " ദൈവമേ, പ്രസാദമുള്ള കാര്യങ്ങള്‍ അങ്ങു ഭൂവാസികളെ പഠിപ്പിച്ചു" (വിജ്ഞാനം 9, 18). അപ്പോള്‍ ദൈവത്തിന് ഇഷ്ടമുള്ളത് എന്താണ്? അത് മനുഷ്യന്‍ ചോദിക്കേണ്ടതും, അന്വേഷിക്കേണ്ടതുമാണ്. പ്രവാചകനാണ് അതിന് ഉത്തരംതരുന്നതും, നമ്മെ പ്രബോധിപ്പിക്കുന്നതും. "ബലിയല്ല കരുണയാണ് എനിക്ക് ആവശ്യം" (ഹോസിയ 6,6... മത്തായി 9, 13). ദൈവം എല്ലാവിധ കാരുണ്യപ്രവൃത്തികളിലും സംപ്രീതനാണ്. കാരണം നാം പരിചരിക്കുന്ന ദൃശ്യമായ മനുഷരൂപങ്ങളില്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിച്ഛായയുണ്ട് (യോഹ. 1, 18). അതിനാല്‍ ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുമ്പോഴും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും, സാധുക്കള്‍ക്ക് വസ്ത്രം നല്‍കുമ്പോഴും, അനാഥരെ സന്ദര്‍ശിക്കുകയും അവരെ സഹായിക്കുകയും ചെയ്യുമ്പോഴുമെല്ലാം നാം ദൈവപുത്രനായ ക്രിസ്തുവിനെ തന്നെയാണ് പരിചരിക്കുന്നത്. അവിടുത്തെ ശരീരത്തെയാണ് യഥാര്‍ത്ഥത്തില്‍ നാം സ്പര്‍ശിക്കുന്നത്.

3.  വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ യാചിക്കുന്നതും പ്രഘോഷിക്കുന്നതുമായ കാര്യങ്ങള്‍ യഥാര്‍ത്ഥമായും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതായത് ഉപവിക്ക് പകരമായി ഒന്നുമില്ല : അപരനെ സഹായിക്കുന്നത്, രഹസ്യമായിട്ടായിരുന്നാലും നാം ദൈവത്തെയാണ് സ്നേഹിക്കുന്നത് (1യോഹ. 3, 16-18... യാക്കോബ് 2, 14-18). "ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിലൂടെ സ്നേഹം എന്തെന്നു നാം അറിയുന്നു. അതിനാല്‍ സമ്പത്തുണ്ടായിരിക്കെ അര്‍ഹിക്കുന്നവനെ സഹായിക്കാതിരുന്നാല്‍ ദൈവസ്നേഹം എങ്ങനെ നിങ്ങളില്‍ കുടികൊള്ളും?  വാക്കിലും സംസാരത്തിലുമല്ല, സ്നേഹം പ്രവൃത്തിയിലാണ് പ്രകടമാക്കേണ്ടത്"   (1യോഹ. 3, 16-18).

"വിശ്വാസമുണ്ടെന്നു പറയുകയും, എന്നാല്‍ അത് പ്രവൃത്തിയില്‍ ഇല്ലാതിരിക്കുകയുമാണെങ്കില്‍ എന്തുമേന്മയാണ്? രക്ഷിക്കാന്‍ കരുത്തുള്ള വിശ്വാസമാണിത്. ക്ലേശിക്കുന്നവര്‍ക്ക് ഉപദേശം നല്കിയിട്ടെന്തു കാര്യം. വിശക്കുന്നവന്‍റെ മുന്നില്‍ പാട്ടുപാടിയിട്ടെന്തു കാര്യം?  പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ്" (യാക്കോബ് 2, 14-18).

ആവശ്യസമയത്ത് സഹായഹസ്തം നീട്ടുന്നതാണ് ക്രിസ്തീയ ജീവിതം. ഉടനടി ഉപകാരപ്രദമാകുന്ന നന്മകള്‍ ചെയ്യുന്ന മനുഷ്യത്വത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രകടനമാണത്. എന്നാല്‍ അതിന്  ദൈവസ്നേഹത്തിന്‍റെ അടിവേര് ഇല്ലെങ്കില്‍ അത് വന്ധ്യമാണ്, പൊള്ളയാണ്.  ക്രിസ്തു ഭരമേല്പിക്കുന്ന ഉപവിയുടെ ഉത്തരവാദിത്വം സ്നേഹത്തിന്‍റെ വിളിയാണ്. ക്രിസ്തുശിഷ്യര്‍ അനുദിനം സ്നേഹത്തില്‍ ജീവിക്കുകയും വളരുകയും വേണം.

4.  ഇന്നത്തെ സുവിശേഷഭാഗത്ത് നാം വായിക്കുന്നത് അനുസരിച്ച് (ലൂക്കാ 14, 25), ക്രിസ്തുവിന്‍റെ പിന്നാലെ ധാരാളംപേര്‍ ഉണ്ടായിരുന്നു. ഇന്നിവിടെ സമ്മേളിച്ചിരിക്കുന്ന വന്‍ജനാവലിയും, കാരുണ്യത്തിന്‍റെ സന്നദ്ധസേവകരും സഹകാരികളും ദിവ്യഗുരുവായ ക്രിസ്തുവിനെ അംഗീകരിക്കുന്നവരാണ്. മനുഷ്യസ്നേഹം യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നവരാണ്. പൗലോസ് അപ്പസ്തോലന്‍ തന്‍റെ ശിഷ്യന്‍ ഫിലമോന് എഴുതിയ ലേഖനത്തില്‍ പറയുന്നു,  "നിന്‍റെ സ്നേഹത്തില്‍നിന്നും എനിക്ക് ഏറെ സന്തോഷവും സമാശ്വാസവും ലഭിച്ചു. കാരണം നീ വഴി മനുഷ്യര്‍ ഉന്മേഷഭരിതരായി"  (ഫിലമോന്‍ 1, 17).

അറിയപ്പെടാത്ത, വിനായാന്വിതവും നിസ്വാര്‍ത്ഥവുമായ സ്നേഹത്തില്‍ അവര്‍ എത്രയോപേരെ തുണച്ചിട്ടുണ്ട്, കണ്ണീരൊപ്പിയിട്ടുണ്ട്. സ്തുത്യര്‍ഹമായ ഈ സേവനമാണ് വിശ്വാസത്തിന്‍റെ പ്രഘോഷണമാകുന്നത്. അത് വിശ്വാസ്ത്തിന്‍റെ ധീരമായ ശബ്ദമാണ്! ശബ്ദമില്ലാത്തവരുടെ ശബ്ദമാണത്!! അത് പിതാവിന്‍റെ കാരുണ്യാതിരേകമാണ്. അത് ആവശ്യത്തിലായിരിക്കുന്നവരുടെ സമീപത്തെത്തുന്ന ദൈവിക കാരുണ്യവും സ്നേഹസാമീപ്യവുമാണ്.

5.  ക്രിസ്ത്വാനുകരണം വലിയ വെല്ലുവിളിയാണ്. എന്നാല്‍ എളിയവരിലുംപരിത്യക്തരിലും ക്രിസ്തുവിനെ തിരിച്ചറിയുന്നവരാണ് തന്നെത്തന്നെ സഹോദരങ്ങള്‍ക്കായി പൂര്‍ണ്ണമായും സന്തോഷത്തോടെയും സമര്‍പ്പിക്കുന്നത്.  സന്നദ്ധതയോടെ സേവനംചെയ്യുന്നവര്‍ നിസ്വാര്‍ത്ഥരാണ്. അവര്‍ പ്രതിഫലമോ സമ്മാനമോ പ്രതീക്ഷിക്കുന്നില്ല. സ്വന്തമായതെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുന്നു. 

"എന്‍റെ സഹായത്തിന് ദൈവം എന്നിലേയ്ക്ക് വിനയാന്വിതനായി ഇറങ്ങിവന്നപോലെ, ഞാനും, ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുടെ പക്കലേയ്ക്കു ഇറങ്ങിച്ചെല്ലുന്നു. വിശ്വാസം നഷ്ടപ്പെട്ടവരുടെ പക്കലും, ദൈവം ഇല്ലാത്തതുപോലെ ജീവിക്കുന്നവരിലേയ്ക്കും, പ്രതിസന്ധികളിലായ കുടുബങ്ങളിലേയ്ക്കും, രോഗികളിലേയ്ക്കും, തടവറയില്‍ കഴിയുന്നവരുടെ ഏകാന്തതയിലേയ്ക്കും  നാം കടന്നുചെല്ലണം. അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പരിത്യക്തതയിലേയ്ക്കും, ആത്മീയമായും ശാരീരികമായും ദുര്‍ബലരായവരുടെ ശുശ്രൂഷയ്ക്കുമായി ആവതുചെയ്യേണ്ടതല്ലേ. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായും, പ്രായമായി ഒറ്റപ്പെട്ടു കഴിയുന്നവരുടെ പരിത്യക്താവസ്തയിലേയ്ക്കും ഇങ്ങിച്ചെല്ലേണ്ടതുമാണ്. ഇതെല്ലാം മദര്‍ തെരേസ കാണിച്ചുതന്നിട്ടുള്ള കരുണയുള്ള സ്നേഹപ്രവൃത്തികളാണ്. അതുപോലെ ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളില്‍ ഉയരാന്‍ വെമ്പല്‍കൊണ്ടു കൈനീട്ടുന്നവരുടെ പക്കല്‍ എത്തിപ്പെടുക, അവര്‍ക്ക് സാന്നിദ്ധ്യ സഹായമാകുന്നത് - പ്രത്യാശപകരുന്നതും പിന്‍തുണയാകുന്നതും സഭയുടെ മാതൃസാന്നിദ്ധ്യമാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെ നാം ആയിരിക്കണം."   ജീവിതത്തില്‍ ദൈവം നല്കിയിട്ടുള്ള നന്മകളുടെ സജീവ സ്മരണയില്‍ നമുക്കും സഹോദരങ്ങളെ തുണയ്ക്കാം.

6.  ആവശ്യത്തില്‍ ആയിരിക്കുന്നവര്‍ക്ക്, വിശിഷ്യ ജീവന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട്, അജാത ശിശുക്കള്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും തന്‍റെ എളിയ ജീവിതത്തിലൂടെ എല്ലാതരത്തിലും ദൈവികകാരുണ്യത്തിന്‍റെ ഉദാരമതിയായ പ്രയോക്താവായിരുന്നു മദര്‍ തെരേസ!

"അജാത ശിശുക്കളാണ് ലോകത്തുള്ളതില്‍ ഏറ്റവും ദുര്‍ബലരും നിസ്സാരരും നിസ്സഹായരും," എന്നു പറഞ്ഞ അമ്മ, അവരുടെ ജീവന്‍റെ ധീരയായ പോരാളിയായിരുന്നു. ജീവിത സായാഹ്നത്തിലെത്തിയ നിരാലംബരുടെ മുന്നില്‍ മുട്ടുമടക്കിനിന്ന് അമ്മ അവരെ, കുമ്പിട്ടു പരിചരിച്ചു. വഴിയോരങ്ങളില്‍ മരിക്കാറായി ഉപേക്ഷിക്കപ്പെട്ടവരിലെ ദൈവികമായ അന്തസ്സ് മദര്‍ തെരേസ തിരിച്ചറിഞ്ഞു.  ശക്തരും സമ്പന്നരും കാരണമാക്കിയിട്ടുള്ള ദാരിദ്യത്തിന്‍റെ അധാര്‍മ്മികത ഉത്തരവാദിത്വപ്പെട്ടവര്‍ തിരിച്ചറിയുന്നതിന് പാവങ്ങള്‍ക്കുവേണ്ടി അമ്മ അധികാരികളുടെ മുന്നില്‍ സ്വരമുയര്‍ത്തി.   തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രുചി ചേര്‍ത്ത "ഉപ്പു,"പോലെയും, ദാരിദ്യവും യാതനകളും ഓര്‍ക്കാന്‍പോലും കരുത്തില്ലാതെ, ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാനോ, കരയാനോ കെല്പില്ലാതെ, ഇരുട്ടില്‍ കഴിയുന്ന പാവങ്ങള്‍ക്ക് "വെളിച്ചം" പോലെയുമായിരുന്നു അമ്മയുടെ മൂര്‍ത്തമായ കാരുണ്യം!

7. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളെയും നഗരപ്രാന്തങ്ങളെയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച, പാവങ്ങളില്‍ പാവങ്ങള്‍ക്കായവര്‍ക്കുവേണ്ടിയുള്ള വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ മദര്‍ തെരേസയുടെ ദൈവിക സാമീപ്യത്തിന്‍റെയും, ദൈവവുമായുള്ള ഐക്യത്തിന്‍റെയും ഉത്തമ സാക്ഷ്യമാണ്!  

"വിശുദ്ധ തെരേസ," എന്ന് അമ്മയെ വിളിക്കാന്‍ നമുക്ക് പ്രയാസം തോന്നിയേക്കാം. കാരണം ലോലമായ ആ വ്യക്തിത്വവും, അമ്മയുടെ പാവങ്ങളെ കേന്ദ്രീകരിച്ചുള്ള വിശുദ്ധിയുടെ സുപരിചിതമായ ജീവിതവും കണക്കിലെടുക്കുമ്പോള്‍, കൊല്‍ക്കത്തിയിലെ വിശുദ്ധ തെരേസ എന്നു വിളിക്കുന്നതിനു പകരം, "മദര്‍ തെരേസ" എന്നുതന്നെ വിളിക്കാം! ഒരുങ്ങിയ പ്രസംഗത്തിനു പുറത്ത് പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. ജനങ്ങള്‍ സമ്മതരൂപത്തില്‍ ഹസ്താരവം മുഴക്കി, ആര്‍ത്തിരമ്പി!

സന്ന്യാസത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും ഒരു മഹനീയരൂപമാണ് ഞാനിന്ന് ലോകത്തിന്‍റെ മുന്നില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ മദര്‍ തെരേസ!. കാരുണ്യപ്രവൃത്തിയില്‍ സകലരും വ്യാപൃതരാകുന്നതിനും, ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം കരുണകാട്ടുവാനും, അമ്മയുടെ  ജീവിതം മാതൃകയും പ്രചോദനവുമാണ്!  മദര്‍ തെരേസയുടെ കാരുണ്യത്തിന്‍റെ നിസ്വാര്‍ത്ഥ സമര്‍പ്പണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും  കടപ്പാടുകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനദണ്ഡവുമായി മനസ്സിലാക്കാനാകും. അത് ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും പരിധികള്‍ക്കപ്പുറമായി ഉള്‍ക്കൊള്ളുവാന്‍ നമുക്കു സാധിക്കേണ്ടതാണ്. മദര്‍ തെരേസ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, "നിങ്ങളുടെ ഭാഷ ഞാന്‍  സംസാരിക്കുന്നില്ലെങ്കിലും എല്ലാവരെയും നോക്കി പുഞ്ചിരിക്കാനാകും എനിക്ക് സാധിക്കും!"

ജീവിതയാത്രയില്‍ മദര്‍ തെരേസയെപ്പോലെ സഹാനുഭാവത്തിന്‍റെ പുഞ്ചിരിയുമായി മുന്നേറാം, പ്രത്യേകിച്ച് ജീവിതത്തില്‍ വേദനിക്കുന്നവരുടെ പക്കലേയ്ക്ക്...! നിരാശരായിലും, തെറ്റിദ്ധരണയിലും, ക്ലേശങ്ങളിലും ഇന്നു ജീവിക്കുന്ന നിരവധിയായ സഹോദരങ്ങള്‍ക്ക് സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളങ്ങള്‍ തുറക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.