News >> കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ മദര്‍ തെരേസ യെന്നു വിളിക്കാം
Source: Vatican Radioസെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ നടന്ന വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ചത്വരത്തിലും പരിസരത്തുമായി മൂന്നു ലക്ഷത്തിലേറെ ജനങ്ങള്‍ സമ്മേളിച്ചിരുന്നു. ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയില്‍ മദര്‍ തെരേസയെ എങ്ങനെ വിളിക്കാമെന്നതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.
"കൊക്കത്തയിലെ വിശുദ്ധ തെരേസ" എന്ന് അമ്മയെ വിളിക്കാന്‍ നമുക്ക് പ്രയാസം തോന്നിയേക്കാം. കാരണം ലോലമായ ആ വ്യക്തിത്വവും, പാവങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും, ലോകത്തിന് സുപരിചിതമായ അമ്മയുടെ വിശുദ്ധിയുടെ ജീവിതവും കണക്കിലെടുക്കുമ്പോള്‍, കൊല്‍ക്കത്തിയിലെ വിശുദ്ധ തെരേസ എന്നു വിളിക്കുന്നതിനു പകരം,
"മദര്‍ തെരേസ" എന്നുതന്നെ വിളിക്കാം! പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചു. ഒരുങ്ങിയ പ്രസംഗത്തിനു പുറത്ത് പാപ്പാ നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച വന്‍ജനാവലി സമ്മതരൂപത്തില്‍ ഹസ്താരവം മുഴക്കി, ആര്‍ത്തിരമ്പി! 'മദര്‍' എന്നു മാത്രം പറഞ്ഞാല്‍. അത് തെരേസായെന്ന സ്ത്രീയുടെ പര്യായമായിരിക്കുന്നു. തെരേസാ എന്ന പേരിന് ലളിതമായ സമവാക്യമായിട്ടാണ് കാലം അത് രൂപപ്പെടുത്തിയത്. ജന്മം നല്‍കുന്നതു വഴിയല്ല, നിലപാടും, കര്‍മ്മവും വഴിയാണ് ഒരാള്‍ അമ്മയായി മാറുന്നുവെന്നുള്ള സദ്ചിന്തയെ ബലപ്പെടുത്തുന്നതായിരുന്നു 'മദര്‍ തെരേസ'യുടെ ജീവിതം.സന്ന്യാസത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും ഒരു മഹനീയരൂപമാണ് ഞാന്‍ ലോകത്തിന്‍റെ മുന്നില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ മദര്‍ തെരേസ! വചനചിന്തയില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു. കാരുണ്യപ്രവൃത്തിയില്‍ സകലരും വ്യാപൃതരാകുന്നതിനും, ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം കരുണ കാട്ടുവാനും, അമ്മയുടെ ജീവിതം മാതൃകയും പ്രചോദനവുമാണ്! മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളെയും നഗരപ്രാന്തങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍. പാവങ്ങളില്‍ പാവങ്ങള്‍ക്കായവര്‍ക്കുവേണ്ടി ലോകത്തിന്‍റെ നാനാഭാഗത്തുമായി മദര്‍ തുടങ്ങിയ വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ അമ്മയുടെ ദൈവിക സാമീപ്യത്തിന്‍റെയും, ദൈവവുമായുള്ള ഐക്യത്തിന്‍റെയും ഉത്തമസാക്ഷ്യമാണ്!കടപ്പാടുകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനദണ്ഡമായിയുന്നു മദര്‍ തെരേസയുടെ കാരുണ്യപ്രവൃത്തികള്‍. അത് ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും പരിധികള്‍ക്കപ്പുറം പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കേണ്ടതാണ്. മദര്‍ തെരേസ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. "നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കുന്നില്ലെങ്കിലും എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ എനിക്ക് സാധിക്കും!"ജീവിതയാത്രയില്‍ സഹാനുഭാവത്തിന്‍റെ പുഞ്ചിരിയുമായി മദര്‍ തെരേസയെപ്പോലെ നമുക്കും മുന്നേറാം, പ്രത്യേകിച്ച് ജീവിതത്തില്‍ വേദനിക്കുന്നവരുടെ പക്കലേയ്ക്ക്...! നിരാശയിലും, തെറ്റിദ്ധരണയിലും, ക്ലേശങ്ങളിലും ജീവിക്കുന്ന നിരവധിയായ സഹോദരങ്ങള്‍ക്ക് സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും ചക്രവാളങ്ങള്‍ തുറക്കാന്‍ മദര്‍ തെരേസയുടെ ജീവിതം നമുക്ക് തുണയാവട്ടെ!