News >> കാരുണ്യപ്രവർത്തനത്തിനു മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു:കർദ്ദിനാൾ പിയത്രോ പരോളിൻ
Source: Sunday Shalom
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലിയിൽ വൻ ജനാവലി..
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലി വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമ്മികത്തിൽ ഇന്ന് വത്തിക്കാനിൽ നടന്നു. ജനബാഹുല്യം കാരണം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച് നടത്തേണ്ടിയിരുന്ന കുർബാന വത്തിക്കാൻ ചത്വരത്തിലാണ് നടന്നത്. റോമിൽ നിന്നുള്ള മലയാളി സമൂഹത്തെക്കൂടാതെ ധാരാളം വിദേശമലയാളികളും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരും ബലിയിൽ സംബന്ധിച്ചു.
ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു എന്ന ബൈബിൾ വാക്യവുമായി താരതമ്യപ്പെടുത്തി,മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു..കാരുണ്യപ്രവർത്തനത്തിനും പരസ്‌നേഹത്തിനുമായിഎന്ന് വി. കുർബാന മദ്ധേയുള്ള പ്രസംഗത്തിൽ കർദ്ദിനാൾ പരോളിൻ പറഞ്ഞു.
ദൈവസ്‌നേഹത്തിന്റെ കണ്ണാടിയും പാവങ്ങളും തിരസ്‌കൃതരുമായ മനുഷ്യരെ ശുശ്രൂഷിക്കുന്നതിലെ ഉത്തമ ഉദാഹരണമായിരുന്നു മദർ തെരേസ എന്ന് അദ്ദേഹം അനുസ്മരിച്ചു.അമ്മമാരുടെ ഉദരത്തിലുള്ള ജനിക്കാത്ത കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വി. തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിയാണ്.
അനീതി നിറഞ്ഞ ലോകത്തിൽ മദർ ധാർമ്മികതയുടെ ആൾരൂപമായി നിലകൊണ്ടു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ഭവനങ്ങളിലും പതിപ്പിച്ചിട്ടുള്ള എനിക്കു ദാഹിക്കുന്നു എന്ന വചനത്തെ എടുത്തു പരാമർശിച്ച കർദ്ദിനാൾ, മനുഷ്യരെ അവരുടെ എല്ലാതരത്തിലുമുള്ള വൈരൂപ്യങ്ങളിൽ നിന്ന് മോചിപ്പിച്ച്, ദൈവത്തിന്റെ തിരുമുമ്പിൽ സൗന്ദര്യമുള്ളവരാക്കാൻ പരിശ്രമിച്ച മദർതെരേസയെ അനുകരിക്കുന്നവരാകണം നാം എന്ന് ലോകത്തെ ഉദ്‌ബോധിപ്പിച്ചു. മദറിന്റെ പോസ്റ്റുലേറ്റർ ഫാ. ബ്രയൻ കോളോദിയെച്ചുക്കിന്റെ നന്ദി പ്രകാശനത്തോടെയാണ് ദിവ്യബലി സമാപ്പിച്ചത്.
ഫാ.ബിജു മഠത്തിക്കുന്നേൽ CSSR