News >> ദൈവത്തിന്‍റ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാതിരിക്കുക - പാപ്പാ
Source: Vatican Radioവിവിധ രാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ഫ്രാന്‍സീസ് പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ വേദിയായിരുന്ന വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, സന്നിഹിതാരായിരുന്നു ഈ ബുധനാഴ്ചയും(07/09/16). പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനസഞ്ചയം കരഘോഷങ്ങളാലും ആരവങ്ങളാലും തങ്ങളുടെ ആനന്ദമറിയിച്ചു.കൈകള്‍ ഉയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്നു നീങ്ങവെ ചിലര്‍ക്ക് ഹസ്തദാനമേകുകുയും ചക്രക്കസേരയിലിരുന്നിരുന്ന ഭിന്നശേഷിയുള്ള ഒരു കുട്ടിയെ തലോടുകയും ചെയ്തു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ സുവിശേഷവായനയായിരുന്നു. വരാനിരിക്കുന്നവന്‍ തന്നെയാണൊ ക്രിസ്തുവെന്ന് അവിടത്തോടു തന്നെ ചോദിച്ചറിയാന്‍ തടവിലായിരുന്ന സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യരെ അയക്കുന്നസംഭവം, മത്തായിയുടെ സുവിശേഷം, അദ്ധ്യായം 11, 2 മുതല്‍ 6 വരെയുള്ള വാക്യങ്ങള്‍, ആണ് പാരായണം ചെയ്യപ്പെട്ടത്.
"യോഹന്നാന്‍ കാരഗൃഹത്തില്‍ വച്ച് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍".ഈ സുവിശേഷ വായനയെത്തുടര്‍ന്ന് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം:മത്തായിയുടെ സുവിശേഷത്തിലെ ഒരു ഭാഗം, അദ്ധ്യായം 11, 2 മുതല്‍ 6 വരെയുള്ള വാക്യങ്ങള്‍, നാം ശ്രവിച്ചു. യേശുവിന്‍റെ നന്മയും അവിടത്തെ കാരുണ്യവും സ്വീകരിക്കുന്നതിനായി അവിടത്തെ രഹസ്യത്തിന്‍റെ അഗാധതയിലേക്ക് നമ്മെ ഇറക്കുകയാണ് സുവിശേഷകന്‍റെ ലക്ഷ്യം.
വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? എന്ന് യേശുവിനോട് വ്യക്തമായിത്തന്നെ ചോദിക്കാന്‍ സ്നാപകയോഹന്നാന്‍- തടവറയിലായിരുന്ന യോഹന്നാന്‍- സ്വശിഷ്യരെ അവിടത്തെ പക്കലേക്കയക്കുന്നതാണ് സംഭവം. ഇരുളടഞ്ഞ ഒരവസ്ഥയിലായിരുന്നു യോഹന്നാന്‍. അദ്ദേഹം വളരെ ആകാംക്ഷയോടുകൂടി മിശഹായെ കാത്തിരിക്കുകയായിരുന്നു. ദൈവരാജ്യം സ്ഥാപിച്ചവനും, ശിഷ്ടര്‍ക്ക് സമ്മാനവും ദുഷ്ടര്‍ക്ക് ശിക്ഷയും നല്കി സ്വന്തം ജനതയെ ശുദ്ധീകരിച്ചവനുമായ ഒരു ന്യായാധിപന്‍റെ ശക്തമായ ഒരു രൂപമാണ് മിശിഹായെക്കുറിച്ച് സ്നാപകന്‍ പ്രസംഗത്തിലൂടെ നല്കിയിരിക്കുന്നത്. അവന്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്: "
വൃക്ഷങ്ങളുടെ വേരിന് കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും." (മത്തായി അദ്ധ്യായം 3, വാക്യം 10). ദ്വിവിധ അന്ധകാരമാണ് യോഹാന്നാന്‍ അനുഭവിക്കുന്നത് കാരഗൃഹത്തിന്‍റെ, തടവുമുറിയുടെ ഇരുളും, ഈ ശൈലി മനസ്സിലാക്കാന്‍ കഴിയാത്ത ഹൃദയത്തിന്‍റെ അന്ധകാരവും. യഥാര്‍ത്ഥ മിശിഹായാണോ യേശു അതോ ഇനിയും വേറെ ഒരാളെ കാത്തിരിക്കേണ്ടി വരുമോ എന്നറിയാന്‍ യോഹന്നാന്‍ ആഗ്രഹിച്ചു.സ്നാപകന്‍റെ ശിഷ്യരുടെ ചോദ്യത്തിനുള്ള ഉത്തരമല്ല യേശു നല്കുന്നത് എന്ന ഒരു പ്രതീതിയാണ് ആദ്യം ഉളവാകുക. വാസ്തവത്തില്‍ യേശു പ്രത്യുത്തരിക്കുന്നത് ഇങ്ങനെയാണ്:
നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍" ഇതാണ് യേശു നല്കുന്ന ഉത്തരം. ഇവിടെ യേശുവിന്‍റെ ഉദ്ദേശ്യം സുവ്യക്തമാണ്. സാന്ത്വനവും രക്ഷയും പ്രദാനം ചെയ്തുകൊണ്ട് സകലരുടെയും മുന്നിലെത്തുന്ന പിതാവിന്‍റെ കരുണ്യത്തിന്‍റെ സമൂര്‍ത്തമായ ഉപകരണമാണ് താനെന്ന് അവിടന്ന് വ്യക്തമാക്കുകയാണ് ഈ മറുപടിയിലൂടെ. ഈ രീതിയില്‍ അവിടന്ന് ദൈവത്തിന്‍റെ വിധിതീര്‍പ്പിനെ അവതരിപ്പിക്കുന്നു. അന്ധരും മുടന്തന്മാരും കുഷ്ഠരോഗികളും ബധിരരും അവരുടെ ഔന്നത്യം വീണ്ടെടുക്കുന്നു ഇനിമേല്‍ അവര്‍ അവരുടെ രോഗം മൂലം ഭ്രഷ്ട് കല്പിക്കപ്പെട്ടവരല്ല. മരിച്ചവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു, ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കപ്പെടുന്നു. യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സംഗ്രഹമായി ഭവിക്കുന്നു ഇത്. ഇപ്രകാരം ദൈവത്തിന്‍റെ പ്രവര്‍ത്തനരീതിയും ദൃശ്യവത്ക്കരിക്കപ്പെടുകയും അനുഭവവേദ്യമാകുകയും ചെയ്യുന്നു.പാപികളെ ശിക്ഷിക്കാനും ദുഷ്ടരെ സംഹരിക്കാനുമല്ല ദൈവം സ്വസുതനെ ലോകത്തിലേക്ക് അയച്ചത് എന്ന സുവ്യക്തമായ സന്ദേശമാണ് ക്രിസ്തുവിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഈ വിവരണത്തില്‍ നിന്ന് സഭ ഉള്‍ക്കൊള്ളുന്നത്. ദുര്‍മ്മാര്‍ഗ്ഗികള്‍ മാനസാന്തരത്തിന് ആഹ്വാനംചെയ്യപ്പെടുന്നു. ദൈവിക നന്മയുടെ അടയാളങ്ങള്‍ ദര്‍ശിച്ചുകൊണ്ട് അവര്‍ക്ക് തിരിച്ചുവരവിന്‍റെ സരണി കണ്ടെത്താനാകും. സങ്കീര്‍ത്തനം പറയുന്നതു പോലെ : "
കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാകും? എന്നാല്‍ അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു" (സങ്കീര്‍ത്തനം 130, 3-4).സ്നാപകന്‍ തന്‍റെ പ്രഭഷണത്തിന്‍റെ കേന്ദ്രസ്ഥാനത്തു വച്ച നീതി യേശുവില്‍ പ്രഥമതഃ കാരുണ്യമായി ആവിഷ്ക്കരിക്കപ്പെടുന്നു. "
എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍". യേശുവിന്‍റെ ഈ അനുശാസനം ഇന്നും പ്രസക്തമാണ്. ദൈവത്തിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം അനുഭവിച്ചറിയുന്നതിന് വിഘാതമായിവരുന്ന ദൈവരൂപം ഇന്നത്തെ മനുഷ്യനും നിര്‍മ്മിക്കുന്നുണ്ട്. ചിലര്‍ തങ്ങളുടെ അഭിലാഷങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കുമുള്ളില്‍ ദൈവത്തെ ഒതുക്കിനിറുത്തത്തക്കവിധത്തിലുള്ള ഒരു തരം വിശ്വാസത്തെ സ്വയം രൂപപ്പെടുത്തിയെടുക്കുന്നു. ഇത് സ്വയം വെളിപ്പെടുത്തുന്ന കര്‍ത്താവിലേക്കു പരിവര്‍ത്തനം ചെയ്യുന്നതായ വിശ്വാസമല്ല, മറിച്ച് ഇത് നമ്മുടെ ജീവിതത്തെയും മനസ്സാക്ഷിയെയും ഇളക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. മറ്റു ചിലര്‍ ദൈവത്തെ കപട വിഗ്രഹത്തില്‍ ഒതുക്കുന്നു. സ്വന്തം താല്പര്യങ്ങളെ, വിദ്വേഷം അക്രമം എന്നിവയെപ്പോലും, ന്യായീകരിക്കാന്‍ ദൈവത്തിന്‍റെ പരിശുദ്ധ നാമം അവര്‍ ഉപയോഗിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ ദൈവം ക്ലേശകരമായ വേളകളില്‍ ഉറപ്പേകുന്ന മനശാസ്ത്രപരമായ ഒരു അഭയസങ്കേതമാണ്. തന്നിലേക്കുതന്നെ തിരിഞ്ഞിരിക്കുന്ന ഒരു വിശ്വാസമാണത്. സഹോദരങ്ങളുടെ പക്കലേക്ക് ആനയിക്കുന്ന യേശുവിന്‍റെ കരുണാര്‍ദ്ര സ്നേഹത്തിന് കടന്നു ചെല്ലാനാകാത്ത ഒരു വിശ്വാസം. വേറെ ചിലര്‍ യേശുവിനെ കാണുന്നത് ചരിത്രത്തില്‍ അനേകരില്‍ ഒരുവനായ നല്ലൊരു ധാര്‍മ്മിക ഗുരുവായിട്ടാണ്. ഇനിയും മറ്റു ചിലരാകട്ടെ, ലോകത്തെയും ചരിത്രത്തെയും രൂപാന്തരപ്പെടുത്താന്‍ കഴിവുറ്റ പ്രേഷിതശക്തിയെ മാറ്റി നിറുത്തിക്കൊണ്ട് യേശവുമായുള്ള തീര്‍ത്തും ഗാഢസൗഹൃദബന്ധം മാത്രമായി വിശ്വാസത്തെ കാണുന്നു. ക്രൈസ്തവരായ നാം വിശ്വസിക്കുന്നത് യേശുവില്‍ ആവിഷ്കൃതമായ ദൈവത്തിലാണ്. തന്‍റെ സ്നേഹത്തിന്‍റെ രഹസ്യത്തിന്‍റെ സജീവാനുഭവത്തില്‍ വളരുകയെന്നതാണ് അവിടത്തെ ഹിതം. ആകയാല്‍ ദൈവപിതാവിന്‍റെ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. കാരുണ്യത്തിന്‍റെ അടയാളങ്ങളും ഉപകരണങ്ങളും ആയിത്തീരാന്‍ ഉതകുന്ന വലിയ വിശ്വാസമെന്ന ദാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. നന്ദി. പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ഇക്കഴിഞ്ഞ നാലാം തിയതി ഞായറാഴ്ച (04/09/16) താന്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് അനുസ്മരിക്കുകയും നവവിശുദ്ധയെ പോലെ കാരുണ്യത്തിന്‍റെ ശില്പികളാകാന്‍ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. തദ്ദനന്തരം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.