News >> ദൈവികകാരുണ്യത്തിന്‍റെ ശ്രേഷ്ഠതരമായ ജീവിതമാകണം സന്ന്യാസം


Source: Vatican Radio

ഭൗതിമായി ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് എങ്ങനെ ആത്മീയമായ സുസ്ഥിതിയില്‍ വളരാമെന്നും ജീവിക്കാമെന്നുമാണ് വിശുദ്ധ ബനഡിക്ട് പഠിപ്പിച്ചത്. ഇതാണ് ബനഡിക്ടൈന്‍ സഭയുടെ ആത്മീയസിദ്ധി!

ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം ക്രിസ്തുവിലൂടെ ധ്യാനിക്കുവാനും ഉള്‍ക്കൊള്ളുവാനും വിളിക്കപ്പെട്ടവരാണ് സന്ന്യസ്തര്‍. ക്രിസ്ത്വാനുകരണത്തിലൂടെ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം നാം കണ്ടെത്തണം (mv.1, Lk.6, 36). അത് മറ്റുളളവര്‍ക്ക് പകര്‍ന്നുനല്‍കുകയും വേണമെന്ന് ആബട്ട് പ്രീമേറ്റ്, നോക്കര്‍ വൂള്‍ഫിന്‍റെ നേതൃത്വത്തില്‍ എത്തിയ ബനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

കാരുണ്യത്തിനായി കേഴുന്ന ലോകമാണിത്. വെറുമൊരു കൊട്ടിഘോഷിക്കലോ, ജൂബിലിയുടെ മുദ്രവാക്യമോ അല്ല കാരുണ്യം. പരസ്പര ബന്ധങ്ങളെ നയിക്കുകയും ബലപ്പെടുത്തുകയും ചെയ്യേണ്ട ചൈതന്യവും ജീവിതശൈലിയുമാണത്. കരുണ തേടുന്നവരെ തിരിച്ചറിയാനും ആശ്ലേഷിക്കാനുമുള്ള കരുത്ത് നാം ആര്‍ജ്ജിക്കണം, വളര്‍ത്തിയെടുക്കണം. സഭയുടെ വിശ്വാസ്യതയും ആധികാരികതയും അടങ്ങിയിരിക്കുന്നത് കാരുണ്യത്തിന്‍റെ രീതികളിലും, പ്രേഷിതശൈലിയിലുമാണ്. അത് അധികാരത്തിന്‍റെ പ്രൗഢിയോ ധാര്‍ഷ്ഠ്യഭാവമോ അല്ല! കാരുണ്യത്തിന്‍റെ വിശ്വസ്ത ദാസിയും പ്രയോക്താവുമാകണം സഭ ഇന്ന്. സന്ന്യാസവിളിയുടെ സവിശേഷമായ ഉത്തരവാദിത്വമാണിത്.

ക്രിസ്തീയ സമൂഹങ്ങള്‍ ദൈവികകാരുണ്യം പങ്കുവയ്ക്കുന്ന മരുപ്പച്ചകളാകണം. "പ്രാര്‍ത്ഥിക്കുക, പണിയെടുക്കുക," "Ora et labora" എന്ന പ്രാര്‍ത്ഥനയുടെയും അദ്ധ്വാനത്തിന്‍റെയും ബനഡിക്ടൈന്‍ സിദ്ധിയിലൂടെ ഉദ്വോഗജനകമായ സേവനവും, നിശ്ശബ്ദമായ ധ്യാനാത്മക ജീവിതവും ഒരുപോലെ കോര്‍ത്തിണക്കിക്കൊണ്ട് അനുദിന ഉത്തരവാദിത്വങ്ങളില്‍ ദൈവവുമായുള്ള വ്യക്തിഗത ആത്മീയബന്ധത്തിന്‍റെ സന്തുലനം കണ്ടെത്താന്‍ സന്ന്യസ്തര്‍ക്ക് സാധിക്കട്ടെയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു  (Vultus Querere 32). വ്യഗ്രതപ്പെട്ടതും ശബ്ദമുഖരിതവുമായ ലോകത്ത്, പ്രാര്‍ത്ഥനയുടെ നിശ്ബ്ദതയിലൂടെയും കഠിനാദ്ധ്വാനത്തിന്‍റെ ധ്യാനാത്മകമായ സമൂഹജീവിതത്തിലൂടെയും ലോകത്തെമ്പാടും ദൈവത്തിന്‍റെ കരുണാര്‍ദ്രമായ കൃപ ദൃശ്യമാക്കാന്‍ പരിശ്രമിക്കുക. നിങ്ങളുടെ വ്യക്തിജീവിതങ്ങളും സമൂഹജീവിതവും ധ്യാനാത്മ ജീവിതത്തിന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ മാതൃകയായിക്കൊണ്ട് ദൈവികസാന്നിദ്ധ്യം മനുഷ്യര്‍ക്ക് കാലികമായി അനുഭവേദ്യമാക്കുക. ലോകത്തില്‍നിന്നും വേര്‍പെട്ടിരിക്കുന്ന സന്ന്യാസാവൃതിയുടെ ഏകാന്തത വന്ധ്യമാണെന്നു കരുതരുത്. പ്രാര്‍ത്ഥനയോടു ചേര്‍ത്തിണക്കി ചിട്ടപ്പെടുത്തുന്ന നിങ്ങളുടെ അദ്ധ്വാനംവഴി നിങ്ങള്‍ ദരിദ്രരില്‍ ദരിദ്രനായ ക്രിസ്തുവിനോടും, അതുവഴി ലോകത്തുള്ള പാവങ്ങളോടും സാരൂപ്യപ്പെടുകയും അവരുടെ ദാരിദ്ര്യത്തില്‍ പങ്കുചേരുകയും ചെയ്യണം (Ibid 32).

ബനഡിക്ടൈന്‍ സന്ന്യാസജീവിതത്തിന്‍റെ മുഖമുദ്രയായ ആതിഥ്യമര്യാദ ഇന്നത്തെ ലോകത്ത് ആത്മീയവും ഭൗതികവുമായി ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് കൂടുതലായി ലഭിക്കട്ടെ! അതുപോലെ നിങ്ങളുടെ അദ്ധ്യാപനത്തില്‍ വളരുന്ന യുവജനങ്ങള്‍ ബനഡിക്ടൈന്‍ പ്രമാണങ്ങളുടെ മൂല്യവും മേന്മയും ഉള്‍ക്കൊണ്ട് മാനവികതയുടെ ഉത്തമസാക്ഷികളായി തീരട്ടെ! നിങ്ങളുടെ ധ്യാനാത്മക ജീവിതം പൗരസ്ത്യ സഭകളോട് ഐക്യപ്പെടുവാന്‍ ആഗോള സഭയ്ക്കുള്ള ചാലകശക്തിയാണെന്നതില്‍ സംശയമില്ല.

കാലത്തിന്‍റെ പ്രത്യേകതയെന്നോണം സഭയില്‍ സന്ന്യാസികളുടെ എണ്ണം കുറഞ്ഞാലും നിരാശപ്പെടാതെ, ജീവിതസാക്ഷ്യത്തിന്‍റെ തീക്ഷ്ണതയാല്‍ എരിഞ്ഞ് പ്രശോഭിക്കുക. മറ്റെന്തിനെയുംകാള്‍ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ആശ്ലേഷിക്കുന്നവരെ ലോകത്തിനും സഭയ്ക്കും എപ്പോഴും ആവശ്യമാണ്. ആനന്ദപൂര്‍ണ്ണമായ കഠിനാദ്ധ്വാനത്തിലൂടെ പ്രപഞ്ചത്തെ ഫലപുഷ്ടമാക്കിയും, പ്രപഞ്ചദാതാവിനെ എന്നും സ്തുതിച്ചുകൊണ്ടും വിശുദ്ധ ബനഡിക്ടിന്‍റെ ആത്മീയ സിദ്ധിയുടെ പ്രചാരണത്തിലൂടെ മുന്നേറാം.  എന്നിട്ട്, പാപ്പാ സമ്മേളനത്തെ ആശീര്‍വ്വദിച്ചു.