News >> ചെറുമയില്‍ സമാധാനം വളര്‍ത്താം : പാപ്പാ
Source: Vatican Radioവത്തിക്കാന്‍ സെപ്തംബര്‍ 8, വ്യാഴം - പരിശുദ്ധ കന്യകാനാഥയുടെ ജനനത്തിരുനാള്‍. വേനല്‍ക്കാല ഇടവേളയ്ക്കുശേഷം പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ, അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ അനുദിനം വളര്‍ത്തിയെടുക്കേണ്ട സമാധാനത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു."സമാധാനത്തിലും ഐക്യത്തിലും നമുക്ക് വളരാ"മെന്നുള്ള ആമുഖപ്രാര്‍ത്ഥന അന്വര്‍ത്ഥമാക്കുന്നത് മനുഷ്യര്‍ വളര്‍ത്തിയെടുക്കേണ്ട ദാനമാണ് സമാധനമെന്നും, അത് വികസിപ്പിച്ചെടുക്കുവാനും, വര്‍ദ്ധിപ്പിക്കുവാനും മനുഷ്യര്‍ അനുദിനം പരിശ്രമിക്കണമെന്നുമാണ്.സമാധാന രാജാവും ലോക രക്ഷകനുമായ ക്രിസ്തുവിന്‍റെ ആഗമനത്തിന് വഴിതെളിയിച്ചത് നസ്രത്തിലെ എളിയ കന്യകയും അവളുടെ നിയുക്തവരന്‍, തച്ചനായ ജോസഫുമായിരുന്നു. പിന്നെ രക്ഷന്‍ പിറക്കാനിരുന്ന ഇടമായ ബെതലഹേമും അവിടുത്തെ ആഗമനത്തിന് വഴിയൊരുക്കിയവരെപ്പോലെ തന്നെ ചെറുതും തുലോം നിസ്സാരപ്പെട്ടതുമായിരുന്നു (മത്തായി 1, 1-16.. 18-23). എന്നിട്ടും ശാന്തിയുടെ സന്ദേശം ലോകത്തിനു നല്കാന്‍ ക്രിസ്തു അവരിലൂടെയാണ് ആഗതനായതെന്ന് പാപ്പാ വിവരിച്ചു.അനുദിന ജീവിതസാഹചര്യങ്ങളില്‍ ചെയ്യേണ്ട ചെറിയ ചെറിയ നന്മകളിലൂടെയും സല്‍പ്രവൃത്തികളിലൂടെയും നല്ല വാക്കുകളിലൂടെയും മാത്രമേ, മെല്ലെ ആഗോളതലത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ട സമാധാനത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാകൂ! രാജ്യാന്തരതലത്തില്‍ നാമിന്ന് സ്വപ്നംകാണുന്ന സമാധാനം സാക്ഷാത്ക്കരിക്കേണ്ടത് അനുദിനം നാം ചെയ്യുന്ന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ്. ഒരു ദിവസംകൊണ്ട് ആര്‍ജ്ജിച്ചെടുക്കാവുന്നതല്ല സമാധാനം. എന്നാല്‍ ആത്മാര്‍ത്ഥമായ പരിശ്രമംകൊണ്ട് പുണ്യവാനും പാപിക്കും ഒരുപോലെ അത് നേടിയെടുക്കാം. അതിനാല്‍ മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ ദാനം പരിശ്രമംകൊണ്ട് മെനഞ്ഞെടുക്കേണ്ടതാണ്. സമാധാനം അങ്ങനെയാണ് ദൈവികദാനമാകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. അതിനാല്‍ വലിയ അന്തര്‍ദേശിയ സമാധാന സമ്മേളനങ്ങളിലോ, രാജ്യാന്തര ഉടമ്പടികളിലോ അല്ല സമാധാനം നാമ്പെടുക്കന്നത്. ആദ്യം നമ്മുടെ കൊച്ചുഹൃദയങ്ങളിലും, കുടുംബങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും, സമൂഹത്തിലുമാണ് ശാന്തി വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കേണ്ടത്. നമ്മുടെ ജീവിതപരിസരങ്ങളില്‍ സമാധാനമില്ലെങ്കില്‍ പിന്നെ എങ്ങിനെ ലോകത്ത് സമാധാനമുണ്ടാകും. എന്നായിരുന്നു പാപ്പാ ആരാഞ്ഞത്. ജീവിതത്തിന്‍റെ ചെറിയ കാര്യങ്ങളില്‍ സമാധാനം അനുദിനം വളര്‍ത്തിക്കൊണ്ട്, അത് സമൂഹത്തിലേയ്ക്കും, പിന്നെ വിശ്വശാന്തിയായി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പാ ആഹ്വാനംചെയ്തു.നാം ആത്മശോധന ചെയ്യേണ്ടത് - ആദ്യം എന്‍റെ ഹൃദയാന്തരാളത്തിന്‍റെ അവസ്ഥ എന്താണ്? അവിടെ സമാധാനമുണ്ടോ? നമ്മുടെ കുടുംബം എങ്ങനെയാണ്? കുടുംബത്തില്‍ സമാധാനവും സന്തോഷവുമുണ്ടോ? നമ്മുടെ സമൂഹത്തില്‍, അല്ലെങ്കില്‍ ജീവിത പരിസരത്ത് സമാധാനമുണ്ടോ? ഇതാണ് ഈ തിരുനാളില്‍ സ്വയം ചോദിക്കേണ്ടത്. ലോകത്ത് സമാധാനം നേടിയെടുക്കാന്‍ ആദ്യം നമ്മുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും സമൂഹത്തിലും അത് വളര്‍ത്തിയെടുക്കാം. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.