News >> ഇങ്ങനെ പോയാൽ പോരാ: പാപ്പ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: റോഡിന്റെ മറുവശത്തിരിക്കുന്ന ദരിദ്രനെ അവഗണിച്ചുകൊണ്ടു കടന്നുപോകുമ്പോഴും പ്രാർത്ഥന കൃത്യമായി ചൊല്ലിയതുകൊണ്ട് നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭയ്‌ക്കൊ ഏതെങ്കിലും ക്രിസ്ത്യാനിക്കൊ സാധിക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. നമ്മൾ ക്രിസ്ത്യാനികൾ ഇങ്ങനെ മുമ്പോട്ട് പോകാൻ അനുവദിക്കരുതെന്നും കരുണയുടെ വോളന്റിയർമാരുടെ ജൂബിലിയോടനുബന്ധിച്ച് നൽകിയ സമ്മേളനത്തിൽ മാർപാപ്പ ഓർമിപ്പിച്ചു.

ഈ സത്യവിശ്വാസത്തെ അഭിമുഖീകരിക്കുന്നവർക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കാൽവരി ഇന്നുമുള്ള യാഥാർത്ഥ്യമാണ്. അത് അപ്രത്യക്ഷമായിട്ടില്ല. ദൈവാലയങ്ങൾക്കുള്ളിലെ മനോഹരമായ ചിത്രം മാത്രമല്ല കാൽവരി. റോഡുവക്കിൽ മരിച്ചുകൊണ്ടിരിക്കുന്ന ദരിദ്രനെ അവഗണിച്ചുകൊണ്ട് കടന്നുപോകുന്നത് പാപമാണ്. ഇത് ആധുനിക കാലത്തിന്റെ പാപമാണ്. ഇത് ഇന്നിന്റെ പാപമാണ്; പാപ്പ ഉദ്‌ബോധിപ്പിച്ചു.

ദൈവകാരുണ്യമെന്നത് മനോഹരമായ ആശയമല്ല മറിച്ച് ഉറപ്പുള്ള പ്രവൃത്തിയാണെന്ന് പാപ്പ പറഞ്ഞു. സ്‌നേഹത്തിന്റെ ഉച്ചകോടിയായ യേശുവിന്റെ കുരിശുമരണം ഇന്നും നമ്മോട് സംസാരിക്കുന്നു. കാരുണ്യത്തിന്റെ പുതിയ അടയാളങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. നമ്മെ കവിഞ്ഞൊഴുകാതെ ചുറ്റും വളരുന്ന നദിപോലെ യേശുവിന്റെ സ്‌നേഹം നമ്മെ ചൂഴ്ന്നു നിൽക്കുന്നു.നമ്മുടെ ജീവിതത്തിലൊ മനുഷ്യകുലത്തിന്റെ ചരിത്രത്തിലൊ ഈ സ്‌നേഹത്തിന് കുറവ് സംഭവിക്കുന്നില്ല.

കരുണയുടെ വോളന്റിയർമാർ സഭയുടെ ഏറ്റവും അമൂല്യമായ സമ്പാദ്യങ്ങളിലൊന്നാണെന്ന് പാപ്പ തുടർന്നു. നിശബ്ദമായ സേവനത്തിലൂടെ കാരുണ്യത്തിന് രൂപവും ഭാവവും നൽകുന്നവരാണ് നിങ്ങൾ. ക്ലേശമനുഭിക്കുന്ന വ്യക്തിക്ക് താൻ സ്‌നേഹിക്കപ്പെടുന്നു എന്ന ബോധ്യം നൽകുന്നതിലൂടെ മനുഷ്യഹൃദയത്തിന്റെ ഏറ്റവും കുലീനമായ ഭാവം നിങ്ങൾ പ്രകടമാക്കുന്നു. ക്രിസ്തുവിന്റെ ശരീരത്തെ ഒരോ ദിവസവും സ്വന്തം കൈകൊണ്ട് സ്പർശിക്കാൻ മറന്നുപോകരുതെന്ന് പാപ്പ വോളന്റിയർമാരെ ഓർമിപ്പിച്ചു. നിസ്സംഗതയുടെ പ്രലോഭനം നേരിട്ടുകൊണ്ടിരിക്കുന്ന ലോകത്തിന് ഐകദാർഡ്യത്തിന്റെ ഉറപ്പുള്ള അടയാളങ്ങൾ ആവശ്യമുണ്ട്.

നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുകയും സഹോദരങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്ന വ്യക്തിവാദം അവഗണിക്കുന്നതിലൂടെ മാത്രമെ ഈ ഐകദാർഡ്യം പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ശുശ്രൂഷകളിൽ ആനന്ദം കണ്ടെത്തുക. മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവരാണെന്ന് കരുതാതെ ക്ലേശിക്കുന്നവരെ സഹായിക്കാനായി നമ്മുടെ നിലയിലേക്ക് ഇന്നും താഴ്ന്നിറങ്ങുന്ന യേശു സാന്നിധ്യത്തിന്റെ തുടർച്ചയായി നിങ്ങളുടെ കാരുണ്യപ്രവൃത്തികൾ മാറട്ടെ; പാപ്പ ഉദ്‌ബോധിപ്പിച്ചു.