News >> മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം: മാർ ആലഞ്ചേരി മുഖ്യകാർമികൻ
Source: Sunday Shalom
പ്രസ്റ്റൺ: യൂറോപ്പിൽ ഇദംപ്രഥമായി സ്ഥാപിതമായ പ്രസ്റ്റൺ രൂപതയുടെ ഉദ്ഘാടനവും സുവിശേഷകന്റെ ജോലി ചെയ്യുക എന്ന ആപ്തവാക്യവുമായി ഇടയദൗത്യം ഏൽക്കുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകൾ ദ്രുതഗതിയിൽ.
പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ ഒക്‌ടോബർ ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തിരുക്കർമങ്ങൾ. യൂറോപ്പിൽനിന്നും ഭാരതത്തിൽനിന്നുമുള്ള സഭാധ്യക്ഷന്മാർ ഉൾപ്പെടെയുളളവർ പങ്കെടുക്കും.
സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകുന്ന തിരുക്കർമങ്ങളിൽ ലങ്കാസ്റ്റർ ബിഷപ് ഡോ. മൈക്കിൾ കാംപെൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുൾപ്പെടെ പതിനഞ്ച് ബിഷപ്പുമാർ സഹകാർമികരാകും. ഗ്രേറ്റ് ബ്രിട്ടൻ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് ആന്റോനിയോ മന്നിനി ഫ്രാൻസിസ് പാപ്പയുടെ സന്ദേശം വായിക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കത്തോലിക്ക ബിഷപ്പുമാരും യു.കെയിലുള്ള വിവിധ ക്രൈസ്തവസഭാ പ്രതിനിധികളും സംബന്ധിക്കും.
വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം നാലാം അധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന സുവിശേഷകന്റെ ജോലി ചെയ്യുക എന്നതാണ് ആപ്തവാക്യമായി മാർ സ്രാമ്പിക്കൽ തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, പ്രസ്റ്റണിലെ ഏതാനും പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷികളാവും.