News >> മരണത്തിന്റെ താഴ്‌വരയിലെങ്കിലും ഞങ്ങൾ ഭയപ്പെടില്ല

Source: Sunday Shalom


വത്തിക്കാൻ സിറ്റി: നാല് സന്യാസിനിമാർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ട യമനിലെ ഭീകരാക്രമണം നടക്കുന്നതിന് ഒരു വർഷം മുമ്പ് കൊൽക്കത്തയിൽ നിന്നൊരു ഫോൺകോൾ യമനിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെ തേടിയെത്തി. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ സുപ്പീരിയറായ സിസ്റ്റർ പ്രേമയുടേതായിരുന്നു ആ കോൾ.

201611958യമനിലെ വഷളായ രാഷ്ട്രീയ സാഹചര്യത്തിൽ സഹസന്യാസിനിമാരുടെ ജീവൻ അപകടത്തിലാണെന്നറിഞ്ഞ ആ അമ്മ യമനിലെ സന്യാസിനിമാർക്ക് അവിടെ നിന്ന് മടങ്ങുവാനുള്ള അനുവാദം നൽകി. അവിടെയുണ്ടായിരുന്ന ഒരോ സന്യാസിനിയോടും അന്ന് സിസ്റ്റർ പ്രേമ വ്യക്തിപരമായി സംസാരിച്ചു. തിരിച്ചു പോരുവാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അനുവാദവും നൽകി. എന്നാൽ ജീവിച്ചാലും മരിച്ചാലും അതവിടെ ദരിദ്രരോടൊപ്പം ആയിരിക്കണം എന്നായിരുന്നു സന്യാസിനിമാരുടെ മാറ്റമില്ലാത്ത തീരുമാനം.

ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ട മലയാളിയായ സിസ്റ്റർ സാലി വത്തിക്കാനിൽ നടന്ന കരുണയുടെ വോളന്റിയർമാരുടെ ജൂബിലിയോടനുബന്ധിച്ച് പങ്കുവയ്ച്ച അനുഭവമാണിത്. എന്നാൽ ആക്രണത്തിന്റെ ഭീകരതയെക്കാളുപരി ദൈവികകരുണ തങ്ങളെ പരിപാലിച്ച അത്ഭുത സംഭവങ്ങളായിരുന്നു സിസ്റ്റർ സാലിയുടെ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത്.

ശുശ്രൂഷാകേന്ദ്രത്തിൽ ആക്രമണം നടക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ വെടിവയ്പ്പിന്റെയും ബോംബുകളുടെയും ശബ്ദം യെമനിൽ നിത്യസംഭവമായി മാറിയിരുന്നു. 64 അന്തേവാസികളും 14 സഹായികളും ഞങ്ങൾ അഞ്ച് സിസ്റ്റർമാരും അടങ്ങുന്ന ശുശ്രൂഷാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെയും യുദ്ധസമാനമായ അന്തരീക്ഷം കാര്യമായി ബാധിച്ചു. എന്നാൽ ദൈവം തങ്ങൾക്ക് ആവശ്യമായവ തക്കസമയത്ത് എത്തിക്കുന്നതിൽ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്ന് സിസ്റ്റർ സാലി പങ്കുവച്ചു. 2015 മാർച്ച് 30ന് കറണ്ട് ഇല്ലാതിരുന്ന ഒരു ഇരുണ്ട രാത്രിയായിരുന്നു.

അസമയത്ത് വാതിലിൽ ശക്തമായി ആരോ മുട്ടിയപ്പോൾ ഭയത്തോടെയാണ് തുറന്നത്. പഴങ്ങളും പച്ചക്കറികളുമായി എത്തിയ മനുഷ്യനെയാണ് കാണാൻ സാധിച്ചത്. മറ്റൊരിക്കൽ രോഗികൾക്ക് ആവശ്യത്തിന് മരുന്നുകളില്ലാതിരുന്ന സമയത്ത് ഞങ്ങൾ ദിവ്യകാരുണ്യനാഥനിൽ അഭയം പ്രാപിച്ചു- നീയാണ് ഈ ഭവനത്തിന്റെ നാഥൻ. എന്തെങ്കിലും അടിയന്തിരമായി ചെയ്യണംഎന്നാണ് ഞങ്ങൾ പ്രാർത്ഥിച്ചത്. അന്ന് വൈകുന്നേരം തന്നെ ആവശ്യമുള്ള മരുന്നുകൾ ഒരാൾ എത്തിച്ചുനൽകി; കരുണയുടെ വോളന്റിയർമാരോട് സിസ്റ്റർ സാലി വിശദീകരിച്ചു.