News >> സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം: ഡോ. കൂട്ടോ
Source: Sunday Shalom
ന്യൂഡൽഹി: പാവപ്പെട്ടവർക്കും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോ. ഇന്ത്യ വൻശക്തിയാണെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെടുമ്പോഴും ദളിതരുടെയും മറ്റ് പിന്നോക്കക്കാരുടെയും ജീവിതം കൂടുതൽ ദുരിതപൂർണമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾവരെ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം ഒഡീഷയിലെ കളഹന്ദിയിൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റർ നടക്കേണ്ടിവന്ന ഭർത്താവിന്റെയും, വാഹനം ഇല്ലാത്തതുമൂലം വൃദ്ധയുടെ മൃതശരീരം ഒടിച്ചുമടക്കി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കൊടുക്കുകയും ചെയ്ത സംഭവങ്ങൾ മനുഷ്യസ്‌നേഹികളെ ഏറെ വേദനിപ്പിച്ചവയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം കൊച്ചുകുട്ടിയുടെ മൃതദേഹവുമായി അമ്മയ്ക്ക് ഒരു രാത്രി മുഴുവൻ ആശുപത്രിയുടെ പുറത്ത് ഇരിക്കേണ്ടിവന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്ത് പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ പോലും രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ഈ സംഭവങ്ങൾ തെളിക്കുന്നത്. ആദരപൂർവമായ മൃതസംസ്‌കാരം ഏതൊരു പൗരന്റെയും അവകാശമാണെങ്കിലും രാജ്യത്തെ പാവങ്ങൾക്ക് അതുപോലും ലഭിക്കുന്നില്ല. ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ പാവപ്പെട്ടവർക്ക് ഇപ്പോഴും അന്യമാണ്. ജാതിയുടെ പേരിൽ വിവേചനങ്ങൾ ഉണ്ടാകരുതെന്ന് നിയമം വ്യക്തമാക്കുമ്പോഴും തൊട്ടുകൂടായ്മയുടെ പേരിൽ ഒരുകാലത്ത് മാറ്റിനിർത്തപ്പെട്ട ദളിതരും മറ്റ് പിന്നോക്കക്കാരും ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് ഡോ. കൂട്ടോ പറഞ്ഞു. രാജ്യത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.