News >> അരുണാചൽ മദറിന് നന്ദി പറയുന്നു
Source: Sunday Shalom
മിയാവൂ: ഒരു നാടു മുഴുവൻ കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്ന വിശുദ്ധ മദർ തെരേസക്ക് നന്ദി പറയുകയാണ്. അന്ധവിശ്വാസത്തിൽനിന്നും തങ്ങളുടെ നാടിനെ രക്ഷിച്ചതിനെ പ്രതി. കുഞ്ഞുങ്ങൾ വികലാംഗരായി ജനിക്കുന്നത് ശാപമായി കണ്ടിരുന്ന സാമൂഹിക ചുറ്റുപാടായിരുന്നു അരുണാചൽപ്രദേശിൽ നിലനിന്നിരുന്നത്. അങ്ങനെയുള്ള കുട്ടികളെ ജനിക്കുമ്പോൾത്തന്നെ നദിയിൽ എറിഞ്ഞു കൊല്ലുകയായിരുന്നു അക്കാലങ്ങളിൽ അവിടെ പതിവ്. ആ ചിന്താഗതിയെ തിരുത്തിയെഴുതിയത് വിശുദ്ധ മദർ തെരേസയായിരുന്നു. വികലാംഗരായി ജനിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി മദർ അവിടെ ഹൗസ് തുറന്നു.
ഇങ്ങനെയുള്ള കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് സമൂഹം തിരിച്ചറിഞ്ഞത് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾവഴിയാണ.് തിറപ്പ് ജില്ലയിലെ ബോർഡൂരിയ ഗ്രാമത്തിൽ വിശുദ്ധ മദർ തെരേസ നടത്തിയ സന്ദർശനമാണ് അതിന് വഴിയൊരുക്കിയത്. 1993-ൽ ആയിരുന്നത്. സംസ്ഥാനത്തെ ആദ്യ കത്തോലിക്ക ദൈവാലയം വിശുദ്ധ മദർ തെരേസയാണ് വിശ്വാസികൾക്കായി അന്ന് തുറന്നുകൊടുത്തതും. ഗുവഹത്തി രൂപതയുടെ ഭാഗമായിരുന്നു അരുണാചൽപ്രദേശ്. അതിനുശേഷമാണ് സംസ്ഥാനത്തെ പ്രഥമ രൂപതയായ മിയാവൂ നിലവിൽവന്നത്.
പിന്നീട് മിയാവൂ രൂപതയുടെ പ്രഥമ ബിഷപായ ഡോ. ജോർജ് പള്ളിപ്പറമ്പിലിന്റെ ശ്രമഫലമായി ആയിരുന്നു മദർ അവിടെ സന്ദർശനം നടത്തിയത്. ഡോ. പള്ളിപ്പറമ്പിലാണ് സംസ്ഥാനത്ത് നിലനില്ക്കുന്ന ക്രൂരമായ അന്ധവിശ്വാസെത്തെക്കുറിച്ച് മദറിനോട് പറഞ്ഞതും അവിടെ ഒരു സെന്റർ തുറക്കണമെന്ന് അപേക്ഷിച്ചതും. മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ഏറെ വിലക്കുകൾ ഉണ്ടായിരുന്ന ആ സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാർക്ക് കടന്നു ചെല്ലാൻ പറ്റാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
മദറിന്റെ സന്ദർശനത്തിന് അനുമതി ലഭിച്ചത് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടായിരുന്നു. 1978-ൽ സംസ്ഥാനത്ത് നിലവിൽവന്ന നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ പുറമെനിന്നുള്ളവർക്ക് അവിടെ സന്ദർശനം നടത്തണമെങ്കിൽ സ്‌പെഷ്യൽ പാസ് ആവശ്യമായിരുന്നു. എന്നാൽ, മദറിന്റെ ബോർഡൂരിയ സന്ദർശനത്തിന് ജില്ലാ ഭരണകൂടം ആദ്യം അനുമതി നിഷേധിക്കുകയായിരുന്നു. ഡോ. പള്ളിപ്പറമ്പിലിന്റെ ഇടപെടലുകൾവഴിയാണ് പിന്നീട് അനുമതി ലഭിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഹൗസിന് ബോർഡൂരിയയിൽ തറക്കല്ല് ഇട്ടതിനുശേഷമായിരുന്നു മദർ മടങ്ങിയത്.
23 വർഷം മുമ്പ് നടന്ന സന്ദർശനത്തിന്റെ ഓർമകൾ ഇപ്പോഴും മനസിൽ തലോലിക്കുന്നവരാണ് ബോർഡൂരിയിലെ വിശ്വാസികൾ. അന്നത്തെ സന്ദർശനംകണ്ട കുട്ടികൾ ഇപ്പോൾ മുതിർന്നവരായി. തങ്ങളുടെ നാട്ടിൽ വന്ന മദർ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരുന്ന ഭാഗ്യപ്പെട്ട സംഭവം കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവർ. അതുകൊണ്ടുതന്നെ മദറിന്റെ വിശുദ്ധ പ്രഖ്യാപനം ആഘോഷമായിട്ടാണ് അവർ വരവേറ്റത്.
എല്ലാറ്റിനും മുമ്പിൽനിന്നത് രൂപതാധ്യക്ഷനായ ഡോ. ജോർജ് പള്ളിപ്പറമ്പിലായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചാണ് ആഘോഷങ്ങൾ തുടങ്ങിയത്. മദറിന്റെ വലിയ ഛായചിത്രം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി. വിശുദ്ധ മദർ തെരേസയോടുള്ള ആദരസൂചകമായി ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ മദറിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.