News >> ഡ്യൂകാറ്റ് ഏഷ്യൻ പതിപ്പ് പ്രകാശനം ചെയ്തു

Source: Sunday Shalom


ബംഗളൂരു: കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനത്തിന്റെ സംഗ്രഹമായ ഡ്യൂകാറ്റിന്റെ ഏഷ്യൻ പതിപ്പ് പ്രകാശനം ചെയ്തു. യുവജനങ്ങൾക്ക് വിശ്വാസം എങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്നാണ് ഡ്യൂകാറ്റ് വിശദീകരിക്കുന്നത്. ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബെർണാർഡ് മോറസ് പ്രകാശന കർമം നിർവഹിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ പോളണ്ടിലെ ക്രാക്കോവിൽ നടന്ന ലോക യുവജന സമ്മേളനത്തിൽവച്ച് ഫ്രാൻസിസ് മാർപാപ്പയാണ് ഡ്യൂകാറ്റ് പ്രകാശനം ചെയ്തത്.

ഓസ്ട്രിയൻ ബിഷപ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ഡ്യൂകാറ്റിന് നവസുവിശേഷവല്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരുന്നു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ട്രെയിഡിംഗ് കോർപറേഷനാണ് ഡ്യൂകാറ്റിന്റെ ഏഷ്യൻ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രണ്ട് ചാക്രികലേഖനങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ ലൗദാത്തോസീ എന്ന ചാക്രികലേഖനത്തിൽനിന്നുള്ള ഉൾക്കാഴ്ചകളും ഡ്യൂകാറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നടന്ന പ്രകാശന ചടങ്ങിൽ ഇന്ത്യൻ കാറ്റക്കെറ്റിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഫാ. ഗിൽബർട്ട് ചൂണ്ടൽ ഓഡിയോ-വിഷ്വൽ പ്രോഗ്രാമിലൂടെ ഡ്യൂകാറ്റ് സദസിന് പരിചയപ്പെടുത്തി.