News >> ദൈവം അയച്ച മാലാഖയാണ് മദർ തെരേസയെന്ന് കോഴിക്കോട് മേയർ

Source: Sunday Shalom


കോഴിക്കോട്: പാവങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം ലോകത്തിൽ പ്രസരിപ്പിക്കാൻ ദൈവം അയച്ച മാലാഖയാണ് മദർ തെരേസയെന്ന് കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ. ലോകത്തെയാകെ പുണരാനും ദൈവസ്‌നേഹം പകരാനും മദറിന് കഴിഞ്ഞത് അവരുടെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ പ്രകടമായ നിസ്വാർത്ഥതയും നിർമ്മല സ്‌നേഹവുംകൊണ്ടാണ്. വിശുദ്ധയായ പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെയും ബ്രിജിറ്റയിൻ സഭയുടെ സ്ഥാപക എലിസബത്ത് ഹെഡൽ ബ്ലാഡിന്റെയും നാമകരണത്തോടനുബന്ധിച്ച് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ നടന്ന ആ ഘോഷം കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തിയ അത്യപൂർവ വ്യക്തിത്വമായിരുന്നു മദർ തെരേസയെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. പരസ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ചൈതന്യം നിറഞ്ഞ ഭാരതസംസ്‌കാരത്തിന് വിദേശിയായിരുന്ന മദർ തെരേസയെ സ്വന്തമായി സ്വീകരിക്കാൻ കഴിഞ്ഞത് മദറിന്റെ അർപ്പണം ദൈവസ്‌നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹത്താൽ പ്രചോദിതമായിരുന്നതുകൊണ്ടാണ്. ലോകത്തെവിടെയുമുള്ള അനാഥർക്കും ആലംബഹീനർക്കും അവർ അമ്മയായിരുന്നു.

അമ്മസ്‌നേഹത്തിന്റെ പൂർണതയും നൈർമല്യവും മദർ തെരേസയിൽ ലോകം ദർശിച്ചു. സർവാശ്ലേഷിയായ ക്രിസ്തുവിന്റെ കരുണാർദ്ര സ്‌നേഹത്തിന്റെ മുഖം നമ്മുടെ കാലഘട്ടത്തിൽ ലോകം ദർശിച്ചത് മദറിലൂടെയാണെന്ന് ബിഷപ് പറഞ്ഞു. ഈശോയുടെ തിരുഹൃദയത്തിന്റെ സ്വന്തമായിരുന്നു മദർ. ജീവനും ജീവിതവും ക്രിസ്തുകേന്ദ്രീകൃതമായാൽ മനുഷ്യന് ആർജിക്കാൻ കഴിയുന്ന മഹത്വം എത്രയെന്ന് മനുഷ്യന്റെ ജീവിതം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആദ്യത്തെ ബ്രിജിറ്റയിൻ കോൺവെന്റ് സ്ഥാപിച്ച വിശുദ്ധ മരിയ എലിസബത്ത് ഹെഡൻ ബ്ലാഡും തന്റെ ശുശ്രൂഷകളിലൂടെയും സമർപ്പണത്തിലൂടെയും വിശുദ്ധയായിത്തീർന്ന വ്യക്തിയാണ്. രണ്ടു വിശുദ്ധരുടെയും മാതൃക ദൈവജനത്തിന് വഴികാട്ടികളാണെന്ന് ബിഷപ് കൂട്ടിച്ചേർത്തു.

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് അത്താണിക്കലിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്‌നേഹഭവനിൽനിന്നും മേരിക്കുന്ന് ബ്രിജിറ്റയിൻ കോൺവെന്റിൽനിന്നും ആരംഭിച്ച തിരുശേഷിപ്പ്-ഛായാചിത്ര പ്രയാണങ്ങൾ സിറ്റി സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ സംഗമിച്ച് മദർ ഓഫ് ഗോഡ് കത്തീഡ്രലിലേക്ക് നീങ്ങി. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. എം.എച്ച്. ആന്റണി എന്നിവർ തിരുശേഷിപ്പുകൾ ഏറ്റുവാങ്ങി.

ഫാ. എം.ജെ. മാർസലിൻ, ഫാ. ജിയോഫിൻ, ഫാ. അലോഷ്യസ് കുളങ്ങര, ഫാ. ജോസ് തച്ചിൽ, ഫാ. ആന്റോ ഡയനീഷസ്, സിസ്റ്റർ ജോസഫാത്ത്, സിസ്റ്റർ ഡാമിയൻ, മുൻ മേയർ സി.ജെ. റോബിൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബിഷപ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയർപ്പിച്ചു.