News >> കേരളത്തിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ
Source: Sunday Shalom
മലയാളത്തിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളി ൽ വരുന്ന എല്ലാ ലേഖനങ്ങളിലും ആശയങ്ങളിലും നിർഭയത്വം ഉണ്ടെന്നു പറയാനാവില്ല. സ്വതന്ത്രചിന്തകളും പുതിയ ദൈവശാസ്ത്രവും തീരെ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ബൈബിൾ പണ്ഡിതരും ധ്യാനഗുരുക്കന്മാരും ചിന്തകരും എഴുതുന്നത് ചവച്ചത് തന്നെ ചവയ്ക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ വ്യക്തികളെയോ സ്ഥാപനങ്ങളെയോ പൊലിപ്പിച്ചും വർണിച്ചും എഴുതുന്നു. ചില പ്രസിദ്ധീകരണങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനു മാത്രം പ്രസിദ്ധീകരിക്കുന്നവയാണ്. മറ്റു ചിലതിൽ പരമ്പരാഗത ചിന്തകൾ വിട്ട് ഒന്നും കാണാനില്ല.
ആഴമില്ലാത്ത ചിന്തകൾ
എഴുത്തുകാരും പണ്ഡിതരും ഡോക്ടർമാരും ധാരാളം ഉണ്ടായിട്ടും തോമസ് അക്വിനാസിന്റേതുപോലുള്ളതോ അഗസ്തിനോസിന്റേതുപോലുള്ളതോ ആയ പഠനങ്ങൾ ഒന്നുമില്ല. സഭാത്മകമോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ കാര്യങ്ങൾകൊണ്ടു നിറഞ്ഞ മാസികകളും വാരികകളും ദ്വൈവാരികകളും നമ്മെ അറിവിന്റെ ആഴത്തിലേക്ക് എത്തിക്കുന്നില്ല. ചിലർ ആരാധനക്രമത്തിനു പ്രാധാന്യം നൽകുമ്പോ ൾ ചിലർ നൈയാമികഘടനയ്ക്കു പ്രാധാന്യം നൽകുന്നു. ചില ലേഖനങ്ങളും ചിത്രീകരണങ്ങളും ഉപദേ ശം നൽകുന്നതിൽ മാത്രം പ്രാധാന്യം നൽകുന്നു. ഫോട്ടോയും പേരും വരാൻ മാത്രം ചിലർ പ്രസിദ്ധീകരണങ്ങളെ ഉപയോഗിക്കുന്നു.
രൂപതകളും സന്യാസ ഭവനങ്ങളും പ്രസിദ്ധീകരണങ്ങളും, ആഴ്ചതോറും മാസംതോറും നടക്കുന്ന ധ്യാനങ്ങളും കൺവൻഷനുകളും എല്ലാം ഉണ്ടായിട്ടും കേരള സഭയുടെ വളർച്ച നിൽക്കുന്നിടത്തുതന്നെ നിൽക്കുന്നു. എണ്ണത്തിലും ഗുണത്തിലും വ്യക്തികളോ സഭയോ വളരുന്നില്ല. പാവങ്ങളുടെ പക്ഷം പറയുന്ന സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ധാരാളം ഉണ്ടായിട്ടും അക്രൈസ്തവരുടെ ആദരവിനു വേണ്ടപോലെ അർഹരാകുന്നില്ല. സമൂഹത്തിലെ തിന്മകളായി മദ്യപാനം, ഭ്രൂണഹത്യ, ആഡംബരം, ധൂർത്ത് എന്നിവ എല്ലാ പ്രസിദ്ധീകരണങ്ങളിലും പരാമർശ വിഷയമായിട്ടും ഇവയിലൊന്നും കുറവു കാണുന്നില്ല. സഭകളും സന്യാസസഭകളും തമ്മിലുള്ള ശീതസമരവും വൈരുധ്യവും മത്സരവും എല്ലാ പ്രസിദ്ധീകരണങ്ങളിലും മണക്കുന്നുണ്ട്. പരസ്യങ്ങൾക്കുവേണ്ടിയും അതുവഴി പണത്തിനുവേണ്ടിയുമുള്ള ഒരു അത്യാർത്തി മിക്ക പ്രസിദ്ധീകരണങ്ങളിലും നിഴലിക്കുന്നുണ്ട്.
ചങ്കൂറ്റമില്ലാത്ത എഴുത്തുകാർ
പല പ്രസിദ്ധീകരണങ്ങളിലും ചില സ്ഥിരംപംക്തി ഉള്ളതിനാൽ അധികം കഴമ്പ് ഇവയിലൊന്നിലും കാണുന്നില്ല. എല്ലാം ബിബ്ലിക്കലാക്കാനുള്ള വ്യഗ്രതയുള്ളതിനാൽ ബൈബിൾ ഉദ്ധരണികൾ പലതിലും ക്രമാതീതമായി പോകുന്നു. ഓരോ രൂപതകളുടെയും സന്യാസസഭകളുടെയും പ്രസിദ്ധീകരണങ്ങൾ അവരവർക്കുവേണ്ടി മാത്രമെന്നപോലെ പ്രാദേശികവും സ്വാർത്ഥപരവുമായ ഘടകങ്ങൾ മാത്രമാണ് ഉൾപ്പെടുത്തുന്നത്. സത്യം മുഴുവനും തുറന്നു പറയാനുള്ള ചങ്കൂറ്റം ഇല്ലാത്ത എഴുത്തുകാരാണ് അധികവും. ആരെങ്കിലും അങ്ങനെ എഴുതിയാൽ അതു പ്രസിദ്ധീകരിക്കാനുള്ള പ്രസിദ്ധീകരണങ്ങൾ നമുക്കില്ലതാനും. അർദ്ധസത്യങ്ങളും അല്പം കുറഞ്ഞ ചിന്തകളുംകൊണ്ട് പ്രസിദ്ധീകരണങ്ങൾ നിറഞ്ഞിരിക്കുകയാണ്. റാപ്പർപോലും പൊട്ടിക്കാതെ പ്രസിദ്ധീകരണങ്ങൾ കിടക്കുന്ന മേശകൾ പലയിടങ്ങളിലും കാണാനാവും. എല്ലാവരെയും സുഖിപ്പിക്കുന്നതും റിസ്‌ക്ക് ഇല്ലാത്തതും ഒരു വെല്ലുവിളിക്കും ഉപകരിക്കാത്തതുമായ കൃതികൾക്കാണ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ സ്ഥാനം ലഭിക്കുക.
അവാർഡുകൾ ലഭിക്കുന്നതും കൊടുക്കുന്നതും ഇപ്രകാരമുള്ള നിസ്സംഗരും ഉപദ്രവകാരികളല്ലാത്തവർക്കുമാണ്. സത്യം മുഴുവൻ എഴുതിയാൽ ഭാവിക്കും വളർച്ചയ്ക്കും തടസം നിൽക്കുമെന്നറിയുന്നതിനാൽ ഒറിജിനൽ ചിന്തകരും ദൈവശാസ്ത്രജ്ഞർപോലും പിറകോട്ടു വലിയും. പുരാതന പഠനങ്ങളെ വിലമതിച്ചും വിശദീകരിച്ചും എഴുതുന്ന ലേഖനങ്ങൾകൊണ്ടു പല പ്രസിദ്ധീകരണങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ ചിലർ വായനപോലും ഉപേക്ഷിക്കുന്നു. ശക്തമായ ഭയം എഴുത്തുകാരെ അലട്ടുന്നു. ക്രൈസ്തവ ദൈവാലയങ്ങൾ ബോംബുവച്ചു തകർത്തും ക്രൈസ്തവരെ കൊലപ്പെടുത്തിയും ഭീകരവാദികൾ ജൈത്രയാത്ര നടത്തിയാലും ഒരു പ്രസിദ്ധീകരണവും അതിനെതിരെ പ്രതികരിക്കാറില്ല. പൊല്ലാപ്പ് ഉണ്ടാക്കാതിരിക്കാനും അസഹിഷ്ണുത ഉണ്ടാകാതിരിക്കാനും ക്രൈസ്തവ ലേഖകർ മൗനം പാലിക്കും.
അടിസ്ഥാനപ്രശ്‌നങ്ങൾ ചർച്ച ചെയ്യാത്ത പ്രസിദ്ധീകരണങ്ങൾ
ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ അടിസ്ഥാനവിഷയങ്ങൾ ചർച്ച ചെയ്യാറില്ല. പരമ്പരാഗത വിഷയങ്ങളിൽ ഭക്തി നിറച്ചു വിശ്വാസികളെ വിശുദ്ധരാക്കാനുള്ള ശ്രമമാണ് ഏതിലും എന്തിലും കാണുക. ഓരോരോ കാലഘട്ടങ്ങളിൽ പ്രാദേശികമായി രൂപപ്പെട്ട ചിന്താസരണികളും കീഴ്‌വഴക്കങ്ങളും ഇന്നും അതേപടി തുടരണമെന്നതാണ് പ്രസിദ്ധീകരണങ്ങളുടെ നയം.
ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ ഭാ ഷയും സാഹിത്യവും വസ്തുനിഷ്ഠമായ യാഥാർത്ഥ്യബോധം പലപ്പോഴും ഉൾക്കൊള്ളുന്നില്ല. ചെറിയ വിഷയങ്ങളെയും ദൈവീകരിച്ചു മനുഷ്യരെ അ തീന്ദ്രിയ ലോകത്തിലേക്ക് എത്തിക്കാനാണ് മാസികകൾ ശ്രമിക്കുക. യുക്തിബോധത്തെയും പ്രവാചകധർമ്മത്തെയും വളർത്തുന്നവ ആകെയുള്ള പ്രസിദ്ധീകരണങ്ങളുടെ അഞ്ചുശതമാനംപോലും വരുന്നില്ല. ഇന്റർനെറ്റും പൗരാണികഗ്രന്ഥങ്ങളും നോക്കി ലേഖനങ്ങൾ ചമയ്ക്കുന്നവർ വിരളമല്ല. മനുഷ്യന്റെ പച്ചയായ വികാരങ്ങളെ മുഴുവൻ നിഷേധിക്കുന്ന ചിന്തകളും അഭിപ്രായങ്ങളുമാണ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുള്ളത്.
മനുഷ്യനെ മയക്കുകയോ അതേ അവസ്ഥയിൽ തുടരാൻ മാത്രം പ്രേരിപ്പിക്കുന്നവയോ മാത്രമേ പ്രസിദ്ധീകരണങ്ങളിൽ പ്രകാശം കാണൂ. എല്ലാറ്റിലും ഒരു സഭാത്മകതയില്ലെങ്കിൽ പ്രസിദ്ധീകരണയോഗ്യമല്ലാതായിത്തീരും. മനുഷ്യബുദ്ധിയെ ത്രസിപ്പിക്കുന്നവയോ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവയോ ഇന്ന് വിരളമാണ്. ഏതെങ്കിലും ഒരു പ്രസിദ്ധീകരണം ഒരാഴ്ചയിൽ ലഭിച്ചില്ലെങ്കിൽ ഒരു ശൂന്യതക്കുറവും വായനക്കാരനു തോന്നുന്നില്ല. കേരളസഭയിൽ ആയിരക്കണക്കിന് വൈദികരും നൂറുകണക്കിന് ഡോക്ടർമാരും ഉണ്ടായിട്ടും ഒരു പുതിയ തിയോളജിക്കൽ മൂവ്‌മെന്റ് കേരളസഭയിൽ ഉണ്ടാകുന്നില്ല. ഭാഷാസ്വാധീനവും വായനാസുഖവും നൽ കുന്ന ലേഖകർ ഉണ്ടെങ്കിലും ഒറിജിനൽ ചിന്തകർ ഇല്ലാതെപോകുന്നു. സ്റ്റാറ്റസ്‌കോയോടു ഇത്രമാത്രം ആഭിമുഖ്യം പുലർത്തുന്നവർ വേറെങ്ങും കാണില്ല. അതുതന്നെയാണ് സഭയുടെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നതും..
ഫാ. ലൂക്ക് പൂതൃക്കയിൽ