News >> ഭിക്ഷക്കാരനെപ്പോലെ വേഷം ധരിച്ച് ദൈവവചനം പ്രഘോഷിച്ച പ്രഫസർ

Source: Sunday Shalom


രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന ഫ്രാൻസിസ് അസ്സീസിയുടെ ജീവിതചര്യകളെ അടുത്തനുകരിച്ച ഒരു ഇന്ത്യൻ താപസനുണ്ടായിരുന്നു. തലചായ്ക്കാൻ ഇടമില്ലാതെപോയ മനുഷ്യപുത്രന്റെ ജീവിതം സ്വന്തം ജീവിതത്തിൽ പകർത്താൻ ഉദ്യമിച്ച് ഒരു കയ്യിൽ സുവിശേഷവും മറുകയ്യിൽ ഭിക്ഷാപാത്രവുമായി കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ക്രിസ്തുവിന്റെ സന്ദേശം പകർന്നുകൊടുത്ത ഒരു മനുഷ്യൻ. അഭ്യസ്തവിദ്യനായ അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രേയെപ്പോലെ ഒരു ഭിക്ഷാടകന്റെ ജീവിതമാണ് നയിച്ചത്.

ലൗകിക സുഖങ്ങൾ തെല്ലും പ്രലോഭിപ്പിക്കാത്ത ആ മനുഷ്യൻ അറിയപ്പെടാൻ ആഗ്രഹിച്ചത് പരദേശി പീറ്റർ എന്നാണ്. യഥാർത്ഥ പേര് പ്രഫ. പീറ്റർ റെഡ്ഡി. ഈ ലോകത്തിൽ താനൊരു പരദേശിയാണെന്നുള്ള ഉറച്ച ബോധ്യമായിരിക്കണം ആ പേരു തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പരദേശി പീറ്റർ ഇപ്പോൾ ദൈവദാസന്മാരുടെ നിരയിലാണ്.

1895 ഏപ്രിൽ 30 ന് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ പെരിയൂർ അമ്മപെട്ടൈയിൽ ഹൈന്ദവരായ മാതാപിതാക്കളിൽ നിന്നാണ് പീറ്റർ റെഡ്ഡിയുടെ ജനനം. ആറുമക്കളിൽ ഇളയവനായിരുന്ന പീറ്ററിന് ഒന്നരവയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. എട്ടുവയസായപ്പോൾ കുടുംബത്തോടൊപ്പം അവൻ മധുരയിൽ വന്ന് താമസമാക്കി.

പത്താം വയസ്സിൽ തമിഴ്‌നാട്ടിൽ തരംഗമ്പാടിയിൽ ഒരു ലൂഥറൻ സെന്ററിൽ അവൻ പഠനം തുടർന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസത്തോട് ആദ്യമൊക്കെ അനുഭാവം കാണിച്ചിരുന്നെങ്കിലും കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാഭ്യാസം പീറ്ററിന്റെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. ഒരു ക്രിസ്ത്യാനിയാകണമെന്ന അദമ്യമായ ആഗ്രഹം ആ നാളുകളിൽതന്നെ അദ്ദേഹത്തിന്റെ ഉള്ളിൽ രൂഢമൂലമായിരുന്നു. കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിശുദ്ധ ദൈവമാതാവിനോടുള്ള അതിയായ ഭക്തിയിലും അദ്ദേഹത്തെ വളർത്തി.

മധുരയിലെ അമേരിക്കൻ കോളജിൽ ഇന്റർ മീഡിയേറ്റ് പൂർത്തിയാക്കിയ അദ്ദേഹം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജിൽ നിന്ന് എം.എ ഡിഗ്രി സ്വന്തമാക്കി. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.എഡിന് തത്തുല്യമായ എൽ.റ്റി യും കരസ്ഥമാക്കി. 1910 കളിൽ ഒരു ഇന്ത്യൻ പൗരന് സ്വന്തമാക്കാൻ സാധിക്കുമായിരുന്ന ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളിൽ ഒന്നായിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം.

പിന്നീട് ഗുണ്ടുർ എ.ഇ.എൽ.എം കോളജിൽ ഹിസ്റ്ററി-ജോഗ്രഫി വിഭാഗം തലവനായി അധ്യാപനം ആരംഭിച്ചു. മദ്രാസ്, മൈസൂർ, ഓസ്മാനിയ, ബോംബെ, പാമ യൂണിവേഴ്‌സിറ്റികളിലുള്ള വൈ.എം.സി.എ വിദ്യാർത്ഥികളുടെ ട്രാവലിങ് സെക്രട്ടറിയായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഖ്യാതി യൂണിവേഴ്‌സിറ്റികളിൽ ചർച്ചാവിഷയമായി. പിന്നീട് തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പാളയം കോട്ടയിലുള്ള സെന്റ് സേവ്യേഴ്‌സ് കോളജിൽ പ്രഫസറായി അധ്യാപനമാരംഭിച്ചു.

നല്ലൊരു അധ്യാപകനായിരുന്നതിനാൽ വിദ്യാർത്ഥികൾക്കും അദ്ദേഹത്തോട് സ്‌നേഹമായിരുന്നു. മെത്രാന്മാരും വൈദികരും അദ്ദേഹത്തെ സെമിനാരികളിലും ഇടവകകളിലുമൊക്കെ പ്രസംഗിക്കുവാൻ വിളിക്കുമായിരുന്നു. വിശുദ്ധ ഗ്രന്ഥ പരിജ്ഞാനത്തിലുള്ള അഗാധമായ ആഴം അദ്ദേഹത്തെ അവരുടെ ഇടയിലും പ്രഖ്യാതനാക്കി. ഇറ്റാലിയൻ, ജർമ്മൻ, ഹീബ്രു, അറമായിക് ഭാഷകൾ അദ്ദേഹം പഠിച്ചെടുത്തത് അമ്പതു വയസായതിനുശേഷമാണ്. ഇത് അദ്ദേഹത്തിന്റെ സുവിശേഷ തീക്ഷ്ണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ഭാഷകളായ തെലുഗു, തമിഴ്, സംസ്‌കൃതം, ഹിന്ദി, മലയാളം എന്നിവയും പീറ്ററിന് സരളമായി കൈകാര്യം ചെയ്യുവാൻ സാധിക്കുമായിരുന്നു. മാത്രമല്ല കായിക മത്സരങ്ങളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നല്ലൊരു ബാഡ്മിന്റൺ, ടെന്നീസ് കളിക്കാരനായിരുന്നു പീറ്റർ റെഡ്ഡി.

ക്രിസ്തുവിനെ അടുത്തനുഗമിച്ചവരുടെ ജീവിതം പഠിക്കുക പീറ്റർ റെഡ്ഡിയുടെ വിനോദമായിരുന്നു. അങ്ങനെയാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതം അദ്ദേഹം വായിക്കാനിടയാകുന്നത്. അതൊരു വഴിത്തിരിവായിരുന്നു. അസ്സീസിയുടെ തെരുവോരങ്ങളിലൂടെ ദൈവമാണ് തന്റെ പിതാവ് എന്ന് സധൈര്യം ഉദ്‌ഘോഷിച്ചുകൊണ്ട് ഒരു വാനമ്പാടിയെപ്പോലെ നടന്ന ഫ്രാൻസിസ് അദ്ദേഹത്തിന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കി. തീക്ഷ്ണത ഉള്ളിൽ നിറഞ്ഞപ്പോൾ പീറ്റർ ശ്രീരംഗത്ത് അമലാശ്രമത്തിലെത്തി കപ്പൂച്ചിൻ വൈദികനായ ഫാ. ഗുയിദോയെ കണ്ടു. 1937 വരെ പീറ്റർ റെഡ്ഡിയുടെ ആത്മീയ പിതാവായിരുന്നു ഈ വന്ദ്യ വൈദികൻ. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് 1922 ലെ ദു:ഖശനിയാഴ്ച തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് ദേവാലയത്തിൽവെച്ച് പീറ്റർ റെഡ്ഡി മാമ്മോദീസ സ്വീകരിച്ചു. ഫാ. കാർത്തി എസ്.ജെയാണ് മാമ്മോദീസ നൽകിയത്.

1937 ൽ പീറ്റർ കപ്പൂച്ചിൻ വൈദികനായ അർബനെ കണ്ടുമുട്ടി. ഫാ. അർബൻ പിന്നീട് എത്യോപ്യയിൽ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയുണ്ടായി. 1944 വരെ അദ്ദേഹമായിരുന്നു പീറ്ററിന്റെ ആത്മീയ ഗുരു. ഫാ. അർബന്റെ അനുവാദത്തോടും ആശീർവാദത്തോടും കൂടിയാണ് ഒരു ഭിക്ഷാടകന്റെ വേഷത്തിൽ പീറ്റർ റെഡ്ഡി തന്റെ ജീവിതം ആരംഭിക്കുന്നത്. കോളജ് ജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ സുവിശേഷ പ്രഘോഷകനായി നാടെങ്ങും സഞ്ചരിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നില്ല. പ്രാർത്ഥനയിൽ ആത്മീയ ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഈ കഠിന ജീവിതചര്യ അദ്ദേഹം ആരംഭിക്കുന്നത്.

പീന്നീട് കാലം അദ്ദേഹത്തെ മറ്റൊരു ഫ്രാൻസിസ് അസ്സീസിയാക്കി മാറ്റി. ഫ്രാൻസിസ്‌കൻ മൂന്നാം സഭയിലെ അംഗമായിരുന്നു അദ്ദേഹം. എല്ലാം ഉപേക്ഷിച്ച് ഒരു ഭിക്ഷുവിന്റെ വേഷത്തിൽ കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും നഗ്നപാദനായി സുവിശേഷ പ്രഘോഷണം നടത്തിയിരുന്നു.

ഒരു സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സ്ഥലത്തെ വികാരിയച്ചൻ, പീറ്റർ റെഡ്ഡിയെ സ്‌കൂൾ വാർഷികത്തിന് പ്രസംഗിക്കുവാൻ ക്ഷണിച്ചിരുന്നു. കൃത്യസമയത്തിനു മുമ്പുതന്നെ വികാരിയച്ചന്റെ താമസസ്ഥലത്ത് അദ്ദേഹം എത്തി. എന്നാൽ അവിടുത്തെ ജോലിക്കാരൻ, ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തിയ ആളിനെ പുറത്താക്കുകയാണ് ചെയ്തത്. വികാരിയച്ചൻ ജോലിക്കാരനെ വിളിച്ച് അവിടെ പീറ്റർ റെഡ്ഡി വന്നിരുന്നോ എന്നുള്ള അന്വേഷണത്തിന് ഒരുത്തരും എത്തിയിരുന്നില്ലെന്നായിരുന്നു മറുപടി. ആവർത്തിച്ചുള്ള ചോദ്യത്തിന് ഒരു ഭിക്ഷക്കാരൻ വന്നിരുന്നു എന്ന് ജോലിക്കാരൻ പറഞ്ഞു. അതനുസരിച്ച് വികാരിയച്ചൻ പീറ്റർ റെഡ്ഡിയെ തേടി കണ്ടുപിടിച്ച് ക്ഷമാപണത്തോടുകൂടി സ്‌കൂളിലെ പ്രസംഗവേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വലിയൊരു കൺവൻഷൻ പന്തലിൽ നടന്ന മറ്റൊരു സംഭവം. ജനപ്രവാഹമുണ്ടായിരുന്നതിനാൽ ഭിക്ഷക്കാരുടെ നീണ്ട നിര തന്നെ അവിടെയുണ്ടായിരുന്നു. ആളുകളിൽ പലരും പുച്ഛത്തോടെയാണ് അവരെ കണ്ടിരുന്നത്. പീറ്റർ റെഡ്ഡിയും കൺവൻഷൻ പന്തലിലെത്തി. അദ്ദേഹം തനിക്കുപറ്റിയ സ്ഥലമായി കണ്ടെത്തിയത് ഭിക്ഷക്കാർക്ക് അനുവദിച്ചിരുന്ന സ്ഥലമാണ്. അവരുടെ ഇടയിൽ ഒരുവനെപ്പോലെ അദ്ദേഹം അവിടെ ക്കൂടി. കുറച്ചുസമയം കഴിഞ്ഞപ്പോൾ പ്രധാന പ്രഭാഷകന്റെ പേരു വിളിച്ചു. ഭിക്ഷക്കാരുടെ ഇടയിൽ നിന്ന് പീറ്റർ റെഡ്ഡി എഴുന്നേറ്റ് സ്റ്റേജിലേക്ക്. ഏവരും അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തെ പുച്ഛിച്ചുകടന്നുപോയവർ തലകുനിച്ചാണ് പ്രസംഗവേദിയിൽ ഇരുന്നത്.

തങ്ങളുടെ ഇടയിൽ നിന്ന് ഒരാൾ പ്രസംഗിക്കാനായി എഴുന്നേൽക്കുന്നതു കണ്ട് ഭിക്ഷക്കാരും സ്തംഭിച്ചുപോയി.അഭ്യാസ്തവിദ്യനായ പീറ്റർ റെഡ്ഡി പിച്ചപാത്രവും കയ്യിലെടുത്ത്, തെരുവിലിറങ്ങുന്നതിനെ എതിർത്ത പലരുണ്ട്. നല്ലൊരു കോളജ് പ്രൊഫസറിന് ചേർന്ന പണിയല്ലിതെന്ന് പലരും പറഞ്ഞു. ഈ തീരുമാനം ശരിയാണോ? അവർ ചോദിച്ചു. ആത്മീയ ഗുരുക്കന്മാരുടെ മാർഗനിർദേശത്തോടെ എടുത്ത തീരുമാനമായതിനാൽ അതിനെക്കുറിച്ചുള്ള പീറ്റർ റെഡ്ഡിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു; എന്റെ തീരുമാനം ശരിയോ തെറ്റോ എന്നുള്ളതല്ല ഇവിടെ പ്രസക്തം. ദൈവത്തിന്റെ പദ്ധതി എന്ത് എന്നുള്ളതാണ്. അതാണ് ഞാൻ നിറവേറ്റുന്നത്.

1950 ജനുവരി 18 മുതൽ 25 വരെ അഷ്ടദിന പ്രാർത്ഥനയുടെ ഭാഗമായ ഒരു പ്രസംഗ പരമ്പര തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിനോടു ചേർന്നുള്ള പന്തലിൽ നടന്നിരുന്നു. പീറ്റർ റെഡ്ഡിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം വൈദികരാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. തിരുവല്ല ബിഷപ് ഹൗസിന്റെ വാതിലിനടുത്തുള്ള ഗോവണിയുടെ അടിഭാഗത്തായിരുന്നു പ്രഭാഷണ ദിവസങ്ങളിൽ ഊണും ഉറക്കവുമെല്ലാം. ഇതുപോലെ കേരളത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലും പീറ്റർ റെഡ്ഡി സുവിശേഷം പ്രസംഗിച്ചു. ലോകത്തോടും ലോകസുഖങ്ങളോടുമുള്ള മൈത്രി പാടേ ഉപേക്ഷിച്ച് ജീവിച്ച പീറ്റർ റെഡ്ഡി രോഗബാധിതനായി 1958 ജൂൺ 21ന് തന്റെ നിത്യസമ്മാനം വാങ്ങുവാൻ യാത്രയായി. പാളയംകോട്ട കത്തോലിക്കാ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തത്.

തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽ നിന്ന് 1962 ൽ പഠിച്ചിറങ്ങിയ വൈദികർ പൗളിസ്റ്റ്‌സ് 62 എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. അവരാണ് പരദേശി പീറ്ററിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ ജീവിത മാതൃകയും വിശുദ്ധ ജീവിതവും പൊതുജനത്തിനുമുമ്പിൽ അവതരിപ്പിക്കാൻ അവർ ബദ്ധശ്രദ്ധരായിരുന്നു. 2007 ജനുവരി പത്താം തിയതി പൗളിസ്റ്റ്‌സ് 62 അല്മായ നേതാക്കന്മാരോടൊപ്പം പാളയം കോട്ട രൂപതയുടെ മെത്രാൻ ജൂഡ് പോൾരാജിനെ കാണുകയും വികാരി ജനറാൾ അന്തോണി സ്വാമിയുടെ സഹായത്തോടെ പീറ്റർ റെഡ്ഡിയുടെ മാധ്യസ്ഥത്തിലൂടെ നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് പിതാവിനോട് സംസാരിക്കുകയും ചെയ്തു. ഫാ. റെക്‌സ് ജസ്റ്റിന്റെ നേതൃത്വത്തിൽ മെത്രാൻ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും നാമകരണനടപടികൾക്കായുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ദൈവദാസന്മാരുടെ പദവിയിലേക്കുയർത്തപ്പെട്ട പീറ്റർ റെഡ്ഡി ഒരല്മായ സന്യാസിയുടെ ജീവിതമാതൃകയാണ് നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥ പരിജ്ഞാനം എടുത്തുപറയേണ്ടതാണ്. എല്ലാവർഷവും ഏഴുപ്രാവശ്യം വീതം ബൈബിൾ മുഴുവനായി അദ്ദേഹം വായിച്ചിരുന്നുവത്രേ. അതുകൊണ്ടുതന്നെ സെമിനാരിക്കാരുടെ ഇടയിലും വൈദികരുടെ സമൂഹത്തിലും പരദേശി പീറ്റർ ഒരു സംസാരവിഷയമായി.

ആഡംബരങ്ങളും ആഘോഷങ്ങളും ഉപേക്ഷിച്ച് ഈ ലോകത്തിൽ ഒരു പരദേശിയെപ്പോലെ സ്വർഗം ലക്ഷ്യമാക്കി സഞ്ചരിച്ച ഈ ധന്യാത്മാവിന്റെ ജീവിതമാതൃകയും വിശുദ്ധിയും നമ്മെ പ്രചോദിപ്പിക്കട്ടെ.

ജിന്റോ മാത്യു