News >> നല്ല സാമൂഹ്യബോധം സൃഷ്ടിക്കാന്‍ കാരിത്താസ് ഇന്ത്യക്കു സാധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: നല്ല സാമൂഹ്യബോധം സൃഷ്ടിക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(CBCI)യുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ലത്തീന്‍ അതിരൂപതയുടെ തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊല്ലം രൂപതയുടെ കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നെയ്യാറ്റിന്‍കര രൂപതയുടെ നിഡ്സ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കാന്‍സറിനെതിരേയുള്ള സമഗ്രമായ സുരക്ഷാ പദ്ധതിയായ "ആശാകിരണം" നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പരുവപ്പെടുത്തിയെടുത്ത് സാമുഹ്യബോധം ഉള്ളവരായി ജീവിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് ഒരു കരുതല്‍ വേണം എന്ന മനോഭാവം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ മാറ്റമാണ് വരുന്നത്. അതിന് മുന്‍കൈയെടുത്ത കാരിത്താസ് ഇന്ത്യയെയും ഇതിന് ചുക്കാന്‍ പിടിക്കുന്നവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

ചികിത്സാച്ചെലവും മരുന്നിന്റെ വിലയുമെല്ലാം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ഇവിടെയാണ് കാരിത്താസ് ഇന്ത്യയുടെയും മറ്റും പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. വലിയ ചികിത്സ വേണ്ട സാഹചര്യത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസം നല്‍കാന്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. 

സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതു നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഏതു ചികിത്സയും ഏതു തരത്തിലുള്ള ആരോഗ്യസേവനവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ്. അതിനു വേണ്ടിയാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതും പുതിയ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതും അതിനു വേണ്ടിയാണ്. സര്‍ക്കാരിന്റെ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് 700 കോടി രൂപ പാവപ്പെട്ടവര്‍ക്കു ചികിത്സാസഹായമായി നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 500 കോടിയിലധികം രൂപ പാവപ്പെട്ടവര്‍ക്കു നല്‍കി.

നമുക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നമ്മുടെ സംസ്ഥാനത്തു ലഭ്യമായ സാഹചര്യമാണിന്ന്. സമൂഹം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മാറ്റം നമുക്കു കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ മുഴുവനുമായി ഒരു സുരക്ഷാ പദ്ധതിക്കാണ് കാരിത്താസ് ഇന്ത്യ വിവിധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് തുടക്കം കുറിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവ പറഞ്ഞു. ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സാമൂഹിക ക്ഷേമപ്രവര്‍ത്തന കാര്യാലയമായ കാരിത്താസ് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ എന്‍ജിഒ ആണെന്നും കര്‍ദിനാള്‍ പറഞ്ഞു. 

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്യന്‍, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫ്രഡറിക് ഡിസൂസ, അസിസ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ലെനിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. 

തിരിച്ചറിഞ്ഞ് തിരിച്ചുവരാം എന്ന മുദ്രാവാക്യവുമായി രൂപം കൊടുത്തിരിക്കുന്ന ആശാകിരണം എന്ന കാന്‍സര്‍ സുരക്ഷാ പദ്ധതിയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാരുടെ പരിശീലനം, രോഗികള്‍ക്കു ചികിത്സാസമയം വേണ്ട വിവിധ സഹായങ്ങള്‍, പാലിയേറ്റീവ് കെയര്‍, കുടുംബങ്ങളുടെ പുനരധിവാസം, ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളാണു ക്രമീകരിക്കുന്നത്.
Source: Deepika