News >> സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വില്‍ക്കപ്പെടുന്നത് വ്യാമോഹങ്ങള്‍: മാര്‍പ്പാപ്പാ
Source: Vatican Radioസ്വാതന്ത്ര്യത്തിന്‍റെ പൊയ്മുഖമണിഞ്ഞ വ്യാമോഹങ്ങള്‍ വില്ക്കപ്പെടുകയും കപടമായ ഒരു സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നവമായ അടിമത്തങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.കരുണയുടെ അസാധാരണ ജൂബിലിവത്സരത്തില്‍ പാപ്പാ മാസത്തിലെ ഒരു ശനിയാഴ്ച വത്തിക്കാനില്‍ പ്രത്യേക പൊതുകൂടിക്കാഴ്ച അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയാഴ്ച (10/09/16) അനുവദിച്ച ദര്‍ശനവേളയില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്ന് മനുഷ്യന്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല, പ്രത്യുത കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടാണെന്നു ഓര്‍മ്മിപ്പിക്കുന്ന പത്രോസിന്‍റെ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായം 18 മുതല്‍ 21 വരെയുള്ള വാക്യങ്ങളെ അവലംബമാക്കിയുള്ളതായിരുന്ന പാപ്പായുടെ പ്രഭാഷണം.വീണ്ടെടുക്കല്‍ എന്ന പദം അധികമൊന്നും ഉപയോഗിച്ചുകാണുന്നില്ലയെങ്കിലും ദൈവത്തിന് നമ്മുടെ, നരകുലത്തിന്‍റെ, സൃഷ്ടിമുഴുവന്‍റെയും കാര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഏറ്റം മൗലികമായ മോചനത്തെ സൂചിപ്പിക്കുന്ന അടിസ്ഥാന പദമാണ് അതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ദൈവത്തിന്‍റെ ഇടപെടല്‍ മൂലം വിമോചിതനായി അല്ലെങ്കില്‍ രക്ഷിക്കപ്പെട്ടു എന്നു ചിന്തിക്കാന്‍ ഇന്നത്തെ മനുഷ്യന്‍ ഇഷ്ടപ്പെടുന്നില്ലയെന്നും, സകലതും നേടിയെടുക്കുന്നതിനുള്ള ശക്തി സ്വന്തം സ്വാതന്ത്ര്യമാണെന്ന് മനുഷ്യന്‍ വ്യാമോഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.ഞാനിതു ചെയ്യും കാരണം എനിക്കിതാണ് ഇഷ്ടം, ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കും കാരണം സ്വതന്ത്രനാണ് എന്നിങ്ങനെ മനുഷ്യന്‍ ചിന്തിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, വാസ്തവത്തില്‍ ഇവിടെ നമ്മള്‍ സ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് അടിമകളായിത്തീരുകയാണ് ചെയ്യുന്നതെന്ന് വിശദീകരിച്ചു.നിസ്സംഗതയുടെയും സ്വാര്‍ത്ഥതയുടെയും സ്വയംപര്യാപ്തതയുടെയും എല്ലാ രൂപങ്ങളിലും നിന്ന് ദൈവം നമ്മെ മോചിപ്പിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.ഈ ശനിയാഴ്ച്ചത്തെ കൂടിക്കാഴ്ചയ്ക്കെത്തേണ്ടിയിരുന്ന ദേശീയ പൗരസംരക്ഷണ വിഭാഗത്തില്‍പ്പെട്ടവര്‍, ഇറ്റലിയുടെ മദ്ധ്യഭാഗത്ത് ആഗസ്റ്റ് 24 നുണ്ടായ ഭൂകമ്പത്തിന്‍റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതു തുടരുന്നതിനാല്‍ ഈ കൂടിക്കാഴ്ചയ്ക്കെത്താന്‍ അവര്‍ക്ക് കഴിയാതിരുന്നത് പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവരുടെ സമര്‍പ്പണമനോഭാവത്തിനും ഉദരതയ്ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.