News >> പാപ്പാ ഫ്രാന്‍സിസിന്‍റെ സന്മനസ്സ് യുവാവിന് കാരുണ്യത്തിന്‍റെ അനുഭവം
Source: Vatican Radioസെപ്തംബര്‍ 10-ാം തിയതി ശനിയാഴ്ച , രാവിലെയായിരുന്നു തെക്കെ ഇറ്റലിയിലെ സിസിലിയില്‍നിന്നുമുള്ള ജോസഫ് ച്യോളോ എന്ന 16-വയസ്സുകാരന് പാപ്പാ ഫ്രാന്‍സിസ് സ്ഥൈര്യലോപനം നല്കിയത്.ക്യാസര്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ യുവാവിന്‍റെ ആഗ്രഹമായിരുന്നു പറ്റുമെങ്കില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍നിന്നും സ്ഥൈര്യലേപനം സ്വീകരിക്കണമെന്നത്. അങ്ങനെ തനിക്ക് ആദ്യമായും അവസാനമായും പാപ്പായെ കാണാമല്ലോ എന്നായിരുന്നു ച്യോളോയുടെ വാദം. ഇടവകയിലെ യുവാക്കളായ കാരുണ്യത്തിന്‍റെ സന്നദ്ധസേവകരാണ് സുഹൃത്ത് ച്യോളോയുടെ ആഗ്രഹം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചത്. മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം കഴിഞ്ഞുളള കാരുണ്യത്തിന്‍റെ പൊതുകൂടിക്കാഴ്ച പരിപാടി ദിനമായ, സെപ്തംബര്‍ 10, ശനിയാഴ്ച ജോസഫ് ച്യോളോയ്ക്ക് സ്ഥൈര്യലേപനം നല്കുന്നതില്‍ പാപ്പാ ഫ്രാന്‍സിസ് സന്തോഷം പ്രകടപ്പിച്ചു.സ്ഥലത്തെ വികാരി, ഫാദര്‍ ഫാബിയോ മരേലയും, മാതാപിതാക്കളും , സഹോദരിയും, സിസിലിയിലെ കാരുണ്യത്തിന്‍റെ സന്നദ്ധ സേവകരുംചേര്‍ന്ന് ച്യോളോയെ ആംബുലന്‍സില്‍ വത്തിക്കാനിലെത്തിച്ചു.പേപ്പല്‍ വസതിയില്‍നിന്നും ശനിയാഴ്ച രാവിലെ ജൂബിലിയുടെ പ്രത്യേക പൊതുകൂടിക്കാഴ്ചയ്ക്കായി ഇറങ്ങിയ പാപ്പാ, വരുംവഴിയായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയോടു ചേര്‍ന്നുള്ള മണികളുടെ കമാനത്തില്‍വച്ച് (Arch of the Bells) ച്യോളോയ്ക്ക് സ്ഥൈര്യലെപനം നല്കിയത്. ക്യാന്‍സറുമായി മല്ലടിക്കുന്ന യുവാവ്, താന്‍ വന്ന ആംബുലന്‍സിന്‍റെ മുന്നില്‍ 'വീല്‍ചെയറി'ല്‍ ഇരുന്നുകൊണ്ട് സന്തോഷത്തോടും ആത്മനിര്‍വൃതിയോടുംകൂടെ പാപ്പായുടെ കരങ്ങളില്‍നിന്നും സന്തോഷത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു. ച്യോളോയുടെ കണ്ണുകളില്‍നിന്നും ആനന്ദാശ്രുക്കള്‍ ഒഴുകി. കണ്ടുനിന്നവരും വികാരനിര്‍ഭരരായി.വീല്‍ചെയ്റില്‍ ഇരുന്നുകൊണ്ടുതന്നെ പാപ്പായുടെ കരങ്ങളില്‍ പിടിച്ചിട്ട് ച്യോളോ നന്ദിപറഞ്ഞു. "പാപ്പാ ഫ്രാന്‍ചേസ്ക്കോ, എന്നോടു അങ്ങ് കാണിച്ചത് വലിയ ഔദാര്യമാണ്. ഇത് ഈശോയുടെ കാരുണ്യമാണ്. എന്‍റെ വലിയ ഭാഗ്യവും!"അപ്പോള്‍ പാപ്പാ പറഞ്ഞു. "ജുസേപ്പേ, നീ എന്നെ കാണാന്‍ വന്നല്ലോ! ഒത്തിരി നന്ദി!! എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കല്ലേ...!" ഇങ്ങനെ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ച്യോളോയോട് യാത്രപറഞ്ഞു. പൊതുകൂടിക്കാഴ്ച പരിപാടിക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് പാപ്പാ യാത്രയായി.സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ് റൈനോ ഫിസികേലയാണ് ഇക്കാര്യം വത്തിക്കാന്‍റെ ദിനപത്രം "ഒസര്‍വത്തോരെ റൊമാനോ"യ്ക്ക് നല്കിയത്.