News >> രക്തസാക്ഷിത്വം കൂട്ടായ്മയുടെ സമുന്നത സാക്ഷ്യം
Source: Vatican Radioകൂട്ടായ്മയുടെ സമുന്നത സാക്ഷ്യമാണ് രക്തസാക്ഷിത്വമെന്ന് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Promoting Christian Unity)പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് സമര്‍പ്പിച്ച പ്രബന്ധത്തിലൂടെ സ്ഥാപിച്ചു. വടക്കെ ഇറ്റലിയിലെ ബൊസെയില്‍ സെപ്തംബര്‍ 10-ാം തിയതി ശനിയാഴച, അവിടത്തെ എക്യുമേനിക്കല്‍ സന്ന്യാസ സമൂഹത്തില്‍ നല്കിയ പ്രഭാഷണത്തിലാണ് ക്രൈസ്തവ രക്തസാക്ഷ്യത്തിന്‍റെ മൂല്യത്തെയും ശ്രേഷ്ഠതയെയുംകുറിച്ച് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ പ്രസ്താവിച്ചത്.സഭയുടെ ചരിത്രം ഇന്നെന്നപോലെ പൂര്‍വ്വകാലങ്ങളിലും എക്കാലത്തും രക്തസാക്ഷിത്വത്തില്‍ മുദ്രിതമാണെന്നും, സഭ വളര്‍ന്ന് വലുതാകുന്നത് ത്യാഗത്തിലും സ്വയാര്‍പ്പണത്തിലും ഉതിര്‍ക്കൊള്ളുന്ന രക്തസാക്ഷിത്വത്തിന്‍റെ വിലയിലാണെന്ന്, 24-ാമത് രാജ്യാന്തര സഭൈക്യ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തോട് രക്തസാക്ഷിത്വത്തെ ഉപമിച്ച കര്‍ദ്ദിനാള്‍ കോഹ്, ജീവന്‍ പകരുന്ന ആത്മീയ ഭോജ്യമായ ദിവ്യകാരുണ്യത്തില്‍ അത് രൂപപ്പെടുന്നത് പ്രബന്ധത്തില്‍ വ്യക്തമാക്കി.ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിലുള്ള പങ്കുചേരലാണ് ക്രൈസ്തവ രക്ഷസാക്ഷിത്വം, അതിനാല്‍ ദിവ്യകാരുണ്യത്തില്‍ ക്രിസ്തു അനുഷ്ഠിച്ച സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ മൂല്യം അത് ഉള്‍ക്കൊള്ളുന്നുവെന്ന് രക്തസാക്ഷിയും ആദിമ സഭാപിതാവുമായ വിശുദ്ധ പോളികാര്‍പ്പിന്‍റെ ജീവസമര്‍പ്പണം ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് സമര്‍ത്ഥിച്ചു. ജീവിതസമര്‍പ്പണത്തിലൂടെയും രക്തസാക്ഷ്യത്തിലൂടെയും അതിനാല്‍ ക്രൈസ്തവര്‍ പരിശുദ്ധ കുര്‍ബാനയുടെ ദിവ്യരഹസത്തിലാണ് ഉള്‍ചേരുന്നതെന്ന് കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി. സ്വഭാവത്തിലും ദൗത്യത്തിലും സഭ രക്തസാക്ഷിയാണെന്ന് ചരിത്രം തെളിയിക്കുന്നു. ചരിത്രം കണ്ട ആദിമ സഭയിലെ രക്തസാക്ഷിത്വത്തെ വെല്ലുന്നതാണ് ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കന്‍ രാജ്യങ്ങളിലും സഭാമക്കള്‍ നേരിടുന്നത്.ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതും രക്ഷസാക്ഷിത്വം വരിക്കുന്നതും വിശ്വാസത്തെപ്രതിയാണ്. ഏതു രാജ്യത്തെന്നോ, സഭയിലെന്നോ, റീത്തിലെന്നോ വിവേചിക്കപ്പെടാതെ ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതിയാണ് ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും, അതില്‍ രക്തസാക്ഷിത്വം സഭൈക്യത്തിന്‍റെയും ക്രൈസ്തവ കൂട്ടായ്മയുടെയും കണ്ണിയാണെന്നും സ്ഥാപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ കോഹ് പ്രഭാഷണം ഉപസംഹരിച്ചത്.