News >> വിഭാഗീയതയും പണവും: സഭയ്‌ക്കെതിരായ സാത്താന്റെ ഉപകരണങ്ങളെന്ന് പാപ്പ

Source: Sunday Shalom


വത്തിക്കാൻ: സഭയെ ദ്രോഹിക്കാൻ പിശാചിന്റെ കൈയിൽ രണ്ടു തരം ആയുധങ്ങളുണ്ടെന്നും ഇതിലെ ഏറ്റവും ശക്തമായ ആയുധം വിഭാഗീയ ചിന്തകൾ സൃഷ്ടിക്കുക എന്നതാണെന്നും ഫ്രാൻസിസ് പാപ്പ. പണമാണ് രണ്ടാമത്തെ ആയുധമെന്നും അദ്ദേഹം പറഞ്ഞു. മിഷൻ രാജ്യങ്ങളിലേക്ക് പുതിയതായി നിയമിച്ച ബിഷപ്പുമാർ പങ്കെടുത്ത യോഗത്തിൽ സുവിശേഷ ദൗത്യത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാത്താൻ പണത്തിന്റെ രൂപത്തിൽ എത്തിയ ശേഷം നാവിലൂടെ വിഭാഗീയ ചിന്തകൾ പരത്തി സഭയെ തകർക്കാനാണ് ശ്രമിക്കുക. അപവാദം പ്രചരിപ്പിക്കുന്നത് തീവ്രവാദം പ്രചരിപ്പിക്കുന്നതു പോലെയാണ്. ഇതിനാൽ തന്നെ സാർവത്രിക സഭയെ തകർക്കുവാൻ സാത്താൻ ഉപയോഗിക്കുന്ന ഈ രണ്ട് ആയുധങ്ങളെയും നാം എതിർത്ത് നിൽക്കണം. വിഭാഗീയ ചിന്തകൾ ആളുകളിൽ ഉളവാക്കിയശേഷം കലാപം സൃഷ്ടിച്ചാണ് സഭയെ സാത്താൻ ഉപദ്രവിക്കുന്നത്.

വംശീയമായ പ്രശ്‌നങ്ങൾ സഭയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്.ഇത്തരം പ്രവണതകൾ സഭയിലെ അംഗങ്ങളിൽ നിന്നും നീങ്ങാൻ നാം പ്രത്യേകം പ്രാർത്ഥനകളും പരിഹാരകർമങ്ങളും നടത്തണം. ഐക്യത്തിന്റെ ദൃശ്യരൂപങ്ങളായി വേണം ഓരോ ബിഷപ്പുമാരും തങ്ങളുടെ പ്രവർത്തനം നടത്തേണ്ടത്. ഓരോ ബിഷപ്പുമാരും തങ്ങളുടെ കീഴിലുള്ള വൈദികരോട് വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരായിരിക്കണം. അവരുടെ എഴുത്തുകൾക്ക് കഴിയുന്നത്ര വേഗത്തിൽ മറുപടി നൽകണം.

ഓരോ വിശ്വാസികളുടെയും വൈദികരുടെയും രക്ഷാധികാരികളാണ് ബിഷപ്പുമാർ. എല്ലാ സമയവും ഇക്കാര്യം ഓർക്കുകയും അതിന് അനുസൃതമായി പ്രവർത്തിക്കുകയും വേണം. മനുഷ്യരേ ക്രിസ്തുവിനോട് അടുപ്പിക്കുകയും അവിടുത്തെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാക്കുവാനുമുള്ള വിളിയെ തിരിച്ചറിഞ്ഞ്, അതിന് അനുസരിച്ചുള്ള പ്രവർത്തനം ബിഷപ്പുമാർ കാഴ്ച്ചവയ്ക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.