News >> പ്രസ്റ്റൺ രൂപത: യൂറോപ്പിലെ സഭയ്ക്ക് പ്രത്യാശ പകരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ

Source: Sunday Shalom


യു.കെ: ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ സ്വന്തം രൂപത എന്ന ദീർഘകാല സ്വപ്‌നം യാ ഥാർത്ഥ്യമാകുന്നുവെന്ന വാർത്ത മലയാളികളെമാത്രമല്ല, യു.കെയിലെ തദ്ദേശീയ സഭാംഗങ്ങളും പുത്തൻ ഉണർവേകുമെന്ന് റിപ്പോർട്ടുകൾ. യൂറോപ്പിലെ സഭാധികൃതർ എത്രമാത്രം പ്രാധാന്യത്തോടെയാണ് പുതിയ സംഭവവികാസങ്ങളെ കാണുന്നതെന്നത് വ്യക്തമാക്കുന്നതായിരുന്നു സീറോ മലബാർ എപ്പാർക്കിയെ സ്വാഗതംചെയ്തുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനകൾ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്ന റിപ്പോർട്ടുകൾ ഇക്കാര്യങ്ങൾ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. അതിൽ ശ്രദ്ധേയമാണ് യു.കെയിൽ വലിയ പ്രചാരമുള്ള ക്രിസ്തീയ പ്രസിദ്ധീകരണമായ കാത്തലിക് ഹെറാൾഡിന്റെ കവർ സ്റ്റോറിയിലെ നിരീക്ഷണങ്ങൾ.

പ്രസ്റ്റണിലെ പുതിയ രൂപതയെയും യു.കെയിലെ മലയാളികളുടെ ആത്മീയ പ്രവർത്തനങ്ങളെയുംകുറിച്ച് കാത്തലിക് ഹെറാൾഡ്പോലൊരു മാധ്യമം കവർ സ്റ്റോറി തയാറാക്കുന്നതിൽനിന്നുതന്നെ വ്യക്തം, അവർ മലയാളികൾക്ക് നൽകുന്ന സ്ഥാനം. ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൡലും ഇടം പിടിച്ചു രൂപതാ പ്രഖ്യാപന വാർത്ത.
കേരളത്തിൽനിന്നും യു.കെയിലേക്ക് കുടിയേറിയ മലയാളി ക്രൈസ്തവർ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ കാണിക്കുന്ന തീക്ഷ്ണതയെ ഇംഗ്ലണ്ടിലെ ക്രൈസ്തവ മേലധ്യക്ഷന്മാർ അഭിനന്ദിക്കുന്നുവെന്ന് കാത്തലിക് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.ബിർമിംഗ്ഹാമിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന സെഹിയോൻ ശുശ്രൂഷയും യൂറോപ്പിലെ സഭയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു.
അടച്ചുപൂട്ടുന്ന ദൈവാലയങ്ങളെക്കുറിച്ചുള്ള ദുഃഖത്തിലും ദൈവാലയ ശുശ്രൂഷകളിൽ വിശ്വാസികൾ കുറയുന്നതിന്റെ ആശങ്കയിലും, ദൈവവിളികൾ ഉണ്ടാവാത്തതിന്റെ വിഷമത്തിനിടയിലും പ്രത്യാശയുടെ സ്പന്ദനമാണ് പുതിയ വാർത്തയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങളുടെ ആകെത്തുക. വരുംകാലങ്ങളിൽ യൂറോപ്പിലെ സഭക്ക് വൈദികരെയും സമർപ്പിതരെയും സംഭാവന ചെയ്യാൻ കുടിയേറ്റക്കാരുടെ പിൻതലമുറക്ക് കഴിയും എന്ന പ്രത്യാശ ഇവിടുത്തെ സഭാ നേതൃത്വവും പങ്കുവെക്കുന്നു.
പുതിയ രൂപതയുടെ ഉദ്ഘാടനവും നിയുക്ത ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക തിരുക്കർമങ്ങളും ഒക്ടോബർ ഒൻപതിന് പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കും. സെപ്റ്റംബർ 18ന് മാഞ്ചസ്റ്ററിൽ എത്തുന്ന നിയുക്ത ബിഷപ്പിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസീസമൂഹം.
മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തുന്ന ബിഷപ്പിനെ സീറോ മലബാർ കോർഡിനേറ്റർ ഫാ.തോമസ് പാറയടി, സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരി ഫാ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്.