News >> ലൗദാത്തോ സി; 21ാം നൂറ്റാണ്ടിലെ ‘റേരും നൊവാരും
Source: Sunday Shalom
വത്തിക്കാൻ സിറ്റി: സാമൂഹ്യമാധ്യമങ്ങളും മറ്റ് ആധുനിക വാർത്താ മാധ്യമങ്ങളും കമ്പ്യൂട്ടറുകളും സാധ്യമാക്കിയ വാർത്താ-വിജ്ഞാന അതിപ്രസരത്തിൽ ജനങ്ങൾക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കർദിനാൾ പീറ്റർ ടർക്ക്‌സൺ. വിജ്ഞാന അതിപ്രസരത്തിന്റെ ഫലമായി മാനുഷിക ബന്ധങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ഹോളണ്ടിലെ ഡോൺ നഗരത്തിൽ നടന്ന ക്രൈസ്തവ സോഷ്യൽ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് കർദിനാൾ പറഞ്ഞു. നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കൽ പ്രസിഡന്റും മനുഷ്യന്റെ സമഗ്രവികസനത്തിനായി രൂപീകരിച്ച പുതിയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടുമാണ് കർദിനാൾ ടർക്ക്‌സൺ.
മനുഷ്യരെ കൂടുതലായി യന്ത്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവുമായ ശക്തികളെ നേരിടാൻ 2015ൽ മാർപാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനമായ ലൗദാത്തൊ സി സഹായിക്കുമെന്ന് കർദിനാൾ കോൺഗ്രസിൽ പങ്കെടുത്തവരോട് വിശദീകരിച്ചു. മുതലാളിത്ത-തൊഴിലാളി വ്യവസ്ഥതിയെക്കുറിച്ച് 1891ൽ ലെയോ 13ാമൻ മാർപാപ്പ പുറപ്പെടുവിച്ച ചരിത്രപരമായ റേരും നൊവാരും എന്ന ചാക്രികലേഖനത്തോടാണ് കർദിനാൾ ലൗദാത്തൊ സിയെ ഉപമിച്ചത്.
ആത്മശോധനയിലൂടെയും സംഭാഷണത്തിലൂടെയും വ്യക്തികളുമായുള്ള കണ്ടുമുട്ടലുകളിലൂടെയും കരസ്ഥമാക്കുന്ന യഥാർത്ഥ ജ്ഞാനം അറിവിന്റെ കുന്നുകൂടലല്ല. വാസ്തവത്തിൽ അറിവിന്റെ കുമിഞ്ഞുകൂടൽ അധികഭാരത്തിലേക്കും കൺഫ്യൂഷനിലേക്കുമാണ് നയിക്കുക. ആവശ്യമില്ലാത്ത മാലിന്യങ്ങളാണ് ഇതിലൂടെ മനസിൽ അടിഞ്ഞുകൂടുന്നത്.
ഒരു വശത്ത് മതമൂല്യങ്ങൾ നൽകുന്ന സ്വാതന്ത്ര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് ജനക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കുവാൻ നമുക്ക് സാധിക്കും. എന്നാൽ മറുവശത്ത് ക്രമേണ നാമെല്ലാവരും ക്രിസ്തുവിൽ പുനരൈക്യപ്പെട്ട് ഒരുമിച്ചുചേരുമെന്ന പ്രത്യാശയും മതാത്മക കാഴ്ചപ്പാട് നമുക്ക് നൽകുന്നു. ക്രിസ്തുവിനെ യഥാർത്ഥത്തിൽ പിന്തുടരുന്നതിനായി ഭൗമിക ഉത്തരവാദിത്വങ്ങൾ നാം ഏറ്റെടുക്കേണ്ടതായുണ്ട്. വിശ്വാസവും പ്രവൃത്തിയും സംയോജിപ്പിച്ചുകൊണ്ടുള്ള വഴിയാണ് ശരിയായിട്ടുള്ളത്; കർദിനാൾ വിശദീകരിച്ചു.
ലോകത്തിന്റെ സ്വഭാവികചരിത്രത്തിന് ക്രിസ്തു തുടക്കം കുറിച്ച അസാധാരണ ചരിത്രമാണ് ദിശയും അർത്ഥവും നൽകുന്നതെന്ന് കർദിനാൾ തുടർന്നു. ക്രിസ്തുവാണ് ലോകചരിത്രത്തിന്റെ അവസാനവും ലക്ഷ്യവും. നമ്മുടെ സമാധാനമായ ക്രിസ്തുവാണ് പുനരൈക്യം സാധ്യമാക്കുന്നത്. ക്രിസ്തുവിന്റെ വിളി ഒരോ കാലഘട്ടത്തിനുമനുസൃതമായി വിവർത്തനം ചെയ്യുക എന്നത് എല്ലാ കാലത്തുമുള്ള ക്രൈസ്തവരുടെ വിളിയാണ്. അതുകൊണ്ടുതന്നെയാണ് ഒരോ കാലഘട്ടത്തിലും വിശ്വാസികൾ സാമൂഹ്യതലത്തിൽ നടത്തുന്ന ഇടപെടലുകളിൽ ഇത്രയധികം വൈവിധ്യമുണ്ടാകുന്നത്; കർദിനാൾ ടർക്ക്‌സൺ വ്യക്തമാക്കി.