News >> സാംസ്‌കാരികാധിപത്യത്തിന് കീഴ്‌വഴങ്ങി വിശ്വാസം നഷ്ടപ്പെടുത്തരുത്
Source: Sunday Shalom
വാഷിംഗ്ടൺ: സാംസ്‌കാരികാധിപത്യത്തിന് കൂടുതലായി കീഴ്‌വഴങ്ങി കത്തോലിക്കാ വിശ്വാസത്തിന്റെ നിറം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലോസ് ആഞ്ചലസ് സഹായമെത്രാൻ ബിഷപ്പ് റോബർട്ട് ബാരൺ. വാഷിംഗ്ടണിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.
സംസ്‌കാരവും സഭയുമായി നടക്കുന്ന സംഭാഷണത്തിന്റെ സ്വഭാവം ഏകപക്ഷീയമാകരുത്. സഭയുടെ പ്രവൃത്തനപദ്ധതികൾ ലോകം നിശ്ചയിക്കുന്നതുപോലെയാകരുത്. പിൻവലിയാൻ വിധിക്കപ്പെട്ട ഒരു സമൂഹമെന്ന നിലയിലല്ല സംസ്‌കാരം
ഉയർത്തുന്ന വെല്ലുവിളികളോട് സഭ പ്രതികരിക്കേണ്ടത്. സംസ്‌കാരവുമായി നൂറ്റാണ്ടുകളിലൂടെ സംവാദത്തിലേർപ്പെട്ടിരുന്ന വിശുദ്ധരുടെ മാതൃകയിലേക്ക് നാം നോക്കണം. വിശുദ്ധ പൗലോസിനെയും വിശുദ്ധ അഗസ്റ്റിനിനെയും പോലുള്ള മാതൃകകൾ നമ്മുടെ മുമ്പിലുണ്ട്. ലോകത്തിലെ അനുഭവങ്ങൾ അവരുടെ സിദ്ധാന്തങ്ങളുടെ അളവുകോലായി മാറിയില്ല. മറിച്ച് സംവാദത്തിലേർപ്പെട്ടപ്പോൾ എല്ലാം ക്രിസ്തുകേന്ദ്രീകൃതമായ നിലാപടാണ് അവർ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ അഗസ്റ്റിൻ റോമിലെ പ്രാചീനസമൂഹത്തിലെ കുഴപ്പങ്ങൾ സത്യസന്ധവും വ്യക്തവുമായ ഭാഷയിൽ ചൂണ്ടിക്കാണിച്ചതുപോലെ സഭയ്ക്കും സംസ്‌കാരത്തിന്റെ പ്രശ്‌നങ്ങൾ വ്യക്തമായ ഭാഷയിൽ പ്രകടിപ്പിക്കാൻ സാധിക്കണം. റോമിലെ സാമൂഹ്യവ്യവസ്ഥിതിയുടെ തകരാറുകൾ നിരത്തിയശേഷം പ്രതിവിധിയായി സെന്റ് അഗസ്റ്റിൻ മുമ്പോട്ട് വച്ചത് സിവിത്താസ് ദേയ്- സത്യദൈവത്തോടുള്ള ആരാധനയിൽ കേന്ദ്രീകൃതമായ ക്രമമായിരുന്നു. അതേസമയംതന്നെ സംസ്‌കാരത്തിൽ ഉൾച്ചേർന്നിരിക്കുന്ന നന്മ സ്വാംശീകരിക്കാൻ സഭ എപ്പോഴും സന്നദ്ധത പുലർത്തണം. ക്രിസ്തുവിന്റെ പ്രകാശത്തിലാണ് എല്ലാ ആത്മാക്കളെയും തിരിച്ചറിയേണ്ടതെന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ ബിഷപ്പ് ബാരൺ പങ്കുവെച്ചു.
ഇന്നത്തെ മുഖ്യധാരാസംസ്‌കാരത്തിന്റെ പ്രശ്‌നങ്ങളായ അമിതമായ വ്യക്തികേന്ദ്രീകൃതസ്വഭാവം, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട്, മതത്തിന്റെ സ്വകാര്യവൽക്കരണം തുടങ്ങിയവ നാം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പൊതുനന്മയ്ക്ക് പരിഗണന ലഭിക്കാത്ത വിധത്തിൽ വ്യക്തിവാദം ഭീഷണിയായിട്ടുണ്ട്. സ്വന്തം താൽപ്പര്യങ്ങളും ഇഷ്ടങ്ങളും നടത്തുന്നതാണ് വ്യക്തി സ്വാതന്ത്ര്യം എന്ന തെറ്റായ ധാരണ സമൂഹത്തിൽ കടന്നുകൂടിയിരിക്കുന്നു. ക്രൈസ്തവമതം സ്വകാര്യവൽക്കരിക്കാൻ സാധിക്കുകയില്ല. സഭ ഒരിക്കലും പൊതുരംഗത്ത്‌നിന്ന് മാറി നിൽക്കുന്നില്ല. സഭ മിഷനറി സ്വഭാവത്തോടെയാണ് പൊതുരംഗത്തെ സമീപിക്കുന്നതും സംവാദം നടത്തുന്നതും. ലോകത്തെ കൂടുതലായി സഭയെപ്പോലെയാക്കുവാനാണ് അവൾ പരിശ്രമിക്കുന്നതെന്നും ബിഷപ്പ് ബാരൺ വ്യക്തമാക്കി.