News >> ദൈവനാമത്തില്‍ കൊല്ലുന്നത് പൈശാചികമെന്ന് പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radioഫ്രാന്‍സില്‍, റുറേയിലുള്ള വിശുദ്ധ എതിയേനയുടെ ഇടവകയില്‍ ജൂലൈ 26-ാം തിയതി ഭീകരരുടെ കരങ്ങളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട വൈദികന്‍, ഷാക് ഹാമേലിന്‍റെ ആത്മശാന്തിക്കായാണ് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചത്.ഇടവക ജനങ്ങള്‍ക്കൊപ്പം പ്രഭാതബലി അര്‍പ്പിക്കുകയായിരുന്ന 82-വയസ്സുകാരന്‍ ഫാദര്‍ ഷാക്കിനെ രണ്ടു യുവാക്കളായ ഭീകരര്‍ ചേര്‍ന്നാണ് മൃഗീയമായി കൊലപ്പെടുത്തിയത്. നിര്‍ദോഷിയും നിരപരാധിയുമായ ഫാദര്‍ ഷാക്കിന്‍റെ ജീവസമര്‍പ്പണം ക്രിസ്തുവിന്‍റെ കുരിശിലെ പരമയാഗംപോലെയാണ് അല്‍ത്താരയില്‍ പൂര്‍ത്തിയാക്കപ്പെട്ടതെന്ന് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍നിന്നും എത്തിയ മെത്രാനും രൂപതാംഗങ്ങളും ഇടവകക്കാരുമായ 80 അംഗ സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചുക്രിസ്തുവില് ദൃശ്യമായ ലാളിത്യത്തിന്‍റെ ജീവസമര്‍പ്പണം സകല ക്രൈസ്തവര്‍ക്കും ഉണ്ടാകണം. 'ദൈവത്തിന്‍റെ രൂപത്തിലായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി ക്രിസ്തു പരിഗണിച്ചില്ല. സ്വയം ശൂന്യനാക്കി, ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെമദ്ധ്യേ അവിടുന്നു വസിച്ചു. കുരിശുമരണം വരിച്ചു. എന്നിട്ടും ദൈവം അവിടുത്തെ ഉയര്‍ത്തി. പൗലോസ്ലീഹ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനഭാഗം പാപ്പാ ഉദ്ധരിച്ചു (ഫിലിപ്പിയര്‍ 2, 6-11). ഇതാണ് ക്രിസ്തുവിന്‍റെ മൗതികരഹസ്യം, ഇത് രക്തസാക്ഷിത്വത്തിന്‍റെ രക്ഷണീയ രഹസ്യമാണ്. മനുഷ്യരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ആദ്യരക്തസാക്ഷി ക്രിസ്തുവാണ്. ആദ്യനൂറ്റാണ്ടില്‍ തുടങ്ങി ഇന്നുവരെയ്ക്കുമുള്ള ക്രൈസ്തവ രക്തസാക്ഷിത്വത്തിന്‍റെ ചരിത്രത്തിന് തുടക്കമായത് ക്രിസ്തുവിന്‍റെ കുരിശുയാഗത്തോടെയാണ്, പാപ്പാ ഉദ്ബോധിപ്പിച്ചു.സത്യമാകുന്ന ദൈവത്തിന് സാക്ഷ്യമേകാനാണ് ക്രൈസ്തവര്‍ അന്നും ഇന്നും രക്ഷസാക്ഷ്യത്വം വരിച്ചത്. സത്യദൈവത്തെ നിഷേധിക്കാനും ദൈവദൂഷണം പറയാനും സന്നദ്ധരല്ലാത്ത ക്രൈസ്തവരാണ് കൊല്ലപ്പെടുന്നത്. സത്യത്തിനു സാക്ഷികളാകുന്ന ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്‍റെ ചരിത്രം പണ്ടെന്നപോലെ ഇന്നും തുടരുകയാണ്. അവര്‍ ക്രിസ്തുവിനെ തള്ളിപ്പറയാത്തതുകൊണ്ടാണ് അവര്‍ കൊല്ലപ്പെടുന്നത്. ക്രിസ്തുവിനെ നിഷേധിക്കാത്തവര്‍ കൊല്ലപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു, തടങ്കലില്‍ അടയ്ക്കപ്പെടുന്നു, കഴുത്തറു കൊലചെയ്യപ്പെടുന്നു. ഫാദര്‍ ഷാക്ക് അവരില്‍ ഒരാളാണ്. അദ്ദേഹം രക്തസാക്ഷിയാണ്. ദൈവത്തെ തള്ളിപ്പറയാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്നതും, അതിനായി അവരെ കൊല്ലുന്നതും പൈശാചികമാണ്. പാപ്പാ പ്രസ്താവിച്ചു.വിനീതദാസനും ശുശ്രൂഷകനും സമാധാന വക്താവുമായിരുന്ന ഫാദര്‍ ഷാക്കിന്‍റെ മരണം ക്രിസ്തുവിന്‍റെ മറ്റൊരു കുരിശുയാഗമായിരുന്നു. ഫാദര്‍ ഷാക്കും ക്രൂശിക്കപ്പെടുകയായിരുന്നു. പാപ്പാ വിശേഷിപ്പിച്ചു. ഷാക്കിന്‍റെ കൊലപാതകം ഇന്നു ലോകത്തില്‍ തുടരുന്ന പൈശാചികതയുടെ കണ്ണിയാണ്. പാപ്പാ കൂട്ടിച്ചേര്‍ത്തു. പൈശാചികതയെ തള്ളിപ്പറഞ്ഞുകൊണ്ട്, കുരിശുയാഗത്തിന്‍റെ ബലിവേദിയില്‍ ക്രിസ്തുവിനെ ആശ്ലേഷിച്ച ഫാദര്‍ ഷാക്ക്, തന്‍റെ ജീവസമര്‍പ്പണത്തിന്‍റെ മാതൃകയിലൂടെ രക്തസാക്ഷിയായി തീരുകയാണ്. പുണ്യാത്മാക്കളാണ് രക്തസാക്ഷികള്‍ എന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.