News >> അനാഥരല്ല, നിങ്ങള്‍ക്ക് അമ്മയുണ്ട്! വ്യാകുലാംബികയുടെ അനുസ്മരണം


Source: Vatican Radio

സെപ്തംബര്‍ 15-ാം തിയതി, വ്യാഴാഴ്ച സഭ ആചരിച്ച 

വ്യാകുലാംബികയുടെ തിരുനാളില്‍ പേപ്പല്‍  വസതി സാന്താ മാര്‍ത്തയിലെ കൊച്ചുകപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ നടത്തിയ വചനവിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മനുഷ്യര്‍ ഏറെ അനാഥത്വം അനുഭവിക്കുന്ന ഇന്നിന്‍റെ ലോകത്ത് പരിശുദ്ധ കന്യകാനാഥ സകലര്‍ക്കും അമ്മയാണ്. ക്രിസ്തു കുരിശില്‍ ഏറ്റപ്പെട്ടപ്പോള്‍ ശിഷ്യന്മാരെല്ലാവരും, യോഹന്നാന്‍ ഒഴികെ മറ്റെല്ലാവരും ഭയവിഹ്വലരായി ഓടിമറഞ്ഞു. എന്നാല്‍ യേശുവിന്‍റെ അമ്മ അവിടെ കുരിശില്‍ ചുവട്ടില്‍ നിന്നു (യോഹന്നാന്‍ 19, 15). അടുത്തു നിന്ന പലരും മറിയത്തെ നോക്കി പുലമ്പി, "ഇത് ആ തച്ചന്‍റെ അമ്മയല്ലേ? പ്രശ്നക്കാരന്‍റെ അമ്മയല്ലേ ഇത്?"ഏറെ യാതനകളും അപമാനവും സഹിക്കേണ്ടി വന്നെങ്കിലും എല്ലാം ഹൃദയത്തില്‍ പേറിക്കൊണ്ട് മറിയം അവിടെ, കുരിശില്‍ത്തന്നെ നിന്നു. ചില പുരോഹിത പ്രമാണികള്‍ യേശുവിനെ നോക്കി ആക്രോശിച്ചു,

  • നീ നീതിമാനാണെങ്കില്‍ കുരിശില്‍നിന്ന് ഇറങ്ങു വരൂ!" ഈ വെല്ലുവിളിയും മറിയം വേദനയോടെ കേട്ടുനിന്നു. ഇതെല്ലാം മറിയം ക്ഷമിച്ചു നിന്നു. കാരണം അവിടെ കുരിശില്‍ കിടക്കുന്നത് മകനാണ്, തന്‍റെ മാംസത്തില്‍നിന്നുള്ള മാംസമാണ്!.

പൂര്‍വ്വകാല സ്മരണകള്‍ അയവിറച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പിന്നെയും പങ്കുവച്ചു. ബ്യൂനസ് ഐരസില്‍ മെത്രാനായിരിക്കെ ജയിലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പതിവായി കണ്ടിട്ടുള്ള രംഗം വചനചിന്തയില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കഴിയുന്ന മക്കളെ ഒരു നോക്കു കാണാന്‍ അമ്മമാര്‍ ജയിലില്‍ വരുന്ന രംഗമാണത്. തന്‍റെ മകന്‍ ജയിലിലാണല്ലോ എന്ന മാനസികവ്യഥ ഉണ്ടെങ്കിലും, അവര്‍ അതില്‍ അപമാനിതയല്ല, കാരണം ആ മകന്‍ തന്‍റെ ജീവനാണ്, മാംസത്തിന്‍റെ മാംസമാണ്. കുടുംബത്തിന്‍റെ ഭാഗമാണ്. 

ശിഷ്യന്മാരോട് ക്രിസ്തു പറഞ്ഞിട്ടുണ്ട്, "നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ലെ"ന്ന് (യോഹ. 14, 18).  കുരിശില്‍ കിടന്നുകൊണ്ട് മറിയത്തെ ക്രിസ്തു മനുഷ്യകുലത്തിന് അമ്മയായി നല്കി. തന്‍റെ വിലാവിലെ കദനഭാരത്തിന്‍റെ മുറിപ്പാടില്‍നിന്നും മറിയം ആത്മീയമായി ജന്മവും ജീവനും നല്കിയ പുതിയ നിയമത്തിലെ‍ മക്കളാണു നാം ക്രൈസ്തവര്‍. കാല്‍വരിയിലെ കുരിശുയാഗം മുതല്‍, ഇന്നും മറിയം നമ്മുടെ അമ്മയാണ്. പാപികളും ചിന്നിക്കിടക്കുന്നവരും ആണെങ്കിലും നമ്മെക്കുറിച്ച് അപമാനിതയാകാതെ ഈ അമ്മ നമ്മെ മക്കളായി സ്വീകരിക്കുന്നു. മറിയം നമ്മെ പരിരക്ഷിക്കുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപാരമ്പര്യത്തില്‍ മറിയത്തെ ചിത്രീകരിക്കുന്നത്, അമ്മയുടെ തിരുവസ്ത്രത്തുമ്പില്‍ മക്കളെ പുതപ്പിച്ചുകൊണ്ടാണ്. തന്‍റെ മേലങ്കികൊണ്ട് മക്കളെ അണച്ചുപിടിച്ചു മറിയം സംരക്ഷിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് വചനചിന്തയില്‍ പാപ്പാ അനുസ്മരിച്ചു. കിഴക്കിന്‍റെ പാരമ്പര്യത്തിലെ ചിന്ത, പശ്ചാത്യ സഭയിലേയ്ക്ക് കടമെടുത്തിട്ടുള്ളത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സഭാ പിതാവായ വിശുദ്ധ ബര്‍ണാര്‍ഡ് രചിച്ച മനോഹരമായ ലത്തീന്‍ ഗീതം, Sub tuum presidum "എത്രയും ദയയുള്ള മാതാവേ, വ്യക്തമാക്കുന്നുണ്ട്. അങ്ങേ രക്ഷദമായ സങ്കേതം ഞങ്ങള്‍ തേടിവരുന്നു... അമ്മേ !"

ആശ്വാസദായകനായ പരിശുദ്ധാത്മാവേ, ദൈവമാതൃത്വത്തിന്‍റെ രഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കി തരണമേ, എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചു