News >> പ്രശസ്ത ഭൂതോച്ചാടകൻ ഫാ. ഗബ്രിയേൽ അമോർത്ത് ഓർമ്മയായി
Source: Sunday Shalom
റോം: ശ്വാസകോശസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു പ്രശസ്ത ഭൂതോച്ചാടകൻ ഫാ.ഗബ്രിയേൽ അമോർത്ത് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ 30 വർഷക്കാലമായി ഭൂതോച്ചാടന മേഖലയിൽ പ്രവർത്തിച്ചിരുന്ന ഫാ. അമോർത്ത് 70,000ലധികം ഭൂതോച്ചാടനങ്ങൾ നടത്തിയിട്ടുള്ളതായി കണക്കാക്കുന്നു. 1925 മെയ് 1ന് ജനിച്ച ഫാ. അമോർത്ത് 1951ൽ സൊസൈറ്റി ഓഫ് സെന്റ് പോൾ സന്യാസസഭയിലെ വൈദികനായി അഭിഷിക്തനായി. 1985ൽ റോമിന്റെ ഭൂതോച്ചാടകനായി നിയമിതനായ ഫാ. അമോർത്ത് ഭൂതോച്ചാടനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള രചനകളിലൂടെയും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭൂതോച്ചാടകനായി മാറി. 1885ൽ റോമൻ രൂപത വികാരി ജനറലായ കർദ്ദിനാൾ യുഗോ പൊളേറ്റി ഫാ. അമോർത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചു. ഭൂതോച്ചാടന മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒരുമിച്ചുകൂട്ടി 1990ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്‌സോസിസ്റ്റ് എന്ന സംഘടന രൂപീകരിച്ചു. കണക്കുകൾ പ്രകാരം 70,000 ഭൂതോച്ചാടനങ്ങൾ ഈ വൈദികൻ നിർവഹിച്ചിട്ടുണ്ട്.
ഭൂതോച്ചാടനത്തെക്കുറിച്ചും സഭയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദേഹം നൽകിയ വിശദമായ അഭിമുഖം ചുവടെ; പിശാച് ബാധയിൽ നിന്നോ, പൈശാചിക സ്വാധീനത്തിൽ നിന്നോ, പിശാച് സൃഷ്ടിക്കുന്ന തിന്മയിൽനിന്നോ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് സഭയുടെ പരമാധികാരത്തോടെ, വൈദികനോ ബിഷപ്പോ നടത്തുന്ന പൊതുപ്രാർത്ഥനയാണ് എക്‌സോർസിസം. ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി എന്ന പുസ്തകം പുറത്തിറങ്ങിയതിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.
ഇന്ന് സാത്താന്റെ സ്വാധീനം നാം വിചാരിക്കുന്നതിനേക്കാൾ ഭയാനകമാണ്. മനുഷ്യനെ തിന്മ ചെയ്യുന്നതിനാണ് സാത്താൻ സാധാരണ പ്രേരിപ്പിക്കുന്നത്. എല്ലാ മനുഷ്യരും ജനനം മുതൽ മരണം വരെ സാത്താന്റെ പ്രലോഭനവലയത്തിനുള്ളിലായിരിക്കും. കാരണം, സാത്താൻ അവരെ നിരന്തരം തിന്മചെയ്യുവാൻ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.ക്രിസ്തു മനുഷ്യനായി അവതരിച്ചതിനാൽ സാത്താന്റെ പരീക്ഷണത്തിന് വിധേയനായി. പലതരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാത്താന് കഴിയുന്നു. അതായത് സാത്താൻ ഒരു വ്യക്തിയിൽ നിവേശിക്കുന്നതുവരെ അത് ചെന്നെത്തിയേക്കാം. അദ്ദേഹം വ്യക്തമാക്കി.
? എക്‌സോർസിസം ദൈവനാമത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണോ
തത്വപരമായി അതെ. എന്നിരുന്നാലും, മറ്റുചിലകാര്യങ്ങളും ദൈവതിരുമുമ്പിൽ വളരെ പ്രസക്തമാണ്. എക്‌സോർസിസം ഒരു പ്രാർത്ഥനയാണ്. മറ്റ് എല്ലാ പ്രാർത്ഥനകളും പോലെതന്നെ, അത് വിശ്വാസം കൂടുംന്തോറും അതിന്റെ ഫലദായകത്വവും കൂടുന്ന പ്രാർത്ഥനയാണ്. വിശ്വാസത്തിന് ഭൂതോച്ചാടകരല്ലാതിരുന്നിട്ടുകൂടി വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വിശുദ്ധർ പല പിശാചുബാധിതരെയും പിശാചി ൽനിന്ന് മോചിപ്പിച്ചുവന്ന് നാം വായിക്കുന്നത്.
സാത്താനെതിരെയുള്ള ഏറ്റവും വലിയ പ്രവൃത്തിയാണ് എക്‌സോർസിസം. നമ്മുടെ അടുത്തേക്ക് വരുന്ന ആളുകളോട് ഞാൻ ആദ്യം ആവശ്യപ്പെടുന്നത് ദൈവകൃപയിൽ ജീവിക്കണമെന്നാണ്, കൂദാശപരമായ ജീവിതം നയിക്കുക, പ്രാർത്ഥനജീവിതം നയിക്കുക. അതിനുശേഷം അവരോടു സൗഖ്യപ്പെടുത്തലിന്റെയും വിമോചനത്തിന്റെയും പ്രാർത്ഥന സ്വീകരിക്കുവാൻ നിർദ്ദേശിക്കും. ഇതൊക്കെയും കരിസ്മാറ്റിക് നവീകരണത്തിൽ പ്രാക്ടീസ് ചെയ്യുന്ന പ്രാർത്ഥനയാണ്. അത്തരത്തിലുള്ള പ്രാർത്ഥനകൾക്കുശേഷം, ആ വ്യക്തിക്ക് ഒന്നെങ്കിൽ മോചനമുണ്ടായിട്ടുണ്ടാകും, അല്ലെങ്കിൽ അയാൾക്ക് എക്‌സോർസിസം ആവശ്യമുണ്ടായിരിക്കും. അപ്പോൾ മാത്രമാണ് നാം അതിന് മുതിരുക.
? പൈശാചികബന്ധനത്തിൽ നിന്ന് എങ്ങനെ നമുക്ക് മോചനം നേടാൻ കഴിയും
പൈശാചികബന്ധനം ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാർഗം ദൈവകൃപയിൽ ജീവിക്കുക എന്നുള്ളതാണ്. അതൊടൊപ്പം പ്രാർത്ഥനയിൽ വിശ്വസ്തരായിരിക്കുക. പിശാചിന് വാതിൽ തുറന്നുകൊടുക്കുന്ന പ്രവർത്തനങ്ങളിൽ ഒരിക്കലും ഏർപ്പെടാതിരിക്കുക. പ്രത്യേകിച്ചു മന്ത്രതന്ത്രവിദ്യകളിൽ. മാജിക്, സ്പിരിറ്റിസം, സാത്താനിസം ഇവയാണ് പ്രധാനപ്പെട്ട ഒക്കൾട്ടിസം. സ്വയം ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന വ്യക്തി സാത്താന്റെ പ്രവർത്തനങ്ങൾക്ക് കീഴടങ്ങേണ്ടിവരും. ഇന്ന് സാത്താന് സ്വതന്ത്രമായ കരങ്ങളാണുള്ളത്. പക്ഷേ, ഇത് അവന് മുമ്പത്തെക്കാളും കൂടുതൽ ശക്തി ഉണ്ട് എന്ന് അർത്ഥമാക്കുന്നില്ല, പക്ഷേ, പലരും സാത്താന് വാതിലുകൾ മല ർക്കെ തുറന്നിട്ടുകൊടുക്കുന്നു. ദൈവവിശ്വാസത്തിൽ നിന്നും അകന്നുപോകുന്നത് തന്നെ മുഖ്യം.
വിശ്വാസം കുറയുമ്പോൾ അന്ധവിശ്വാസം വർദ്ധിക്കുന്നു. ദൈവത്തെ ഉപേക്ഷിക്കുമ്പോൾ, സാത്തൻ ഉള്ളിൽ പ്രവേശക്കുന്നു. ഇന്നത്തെ മാധ്യമങ്ങൾ സാത്താനുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തുകൊടുക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ചില അധാർമ്മികമായ ഷോകൾ, അക്രമങ്ങൾ അമിതമായികാണിക്കുന്ന സിനിമകൾ, ഹൊറർ, സെക്‌സ്. ഇതിനെല്ലാം പുറമെ, മാധ്യമങ്ങൾ മന്ത്രവാദങ്ങൾക്കും മറ്റും വേണ്ട കവറേജുകൾ നൽകുന്നത്.
? മെഡ്ജുഗോറിയായിലെ സന്ദേശത്തിൽ മാതാവ് പറഞ്ഞിരുന്നു സാത്താൻ വളരെ ശക്തനാണെന്ന്. അതുകൊണ്ട് പ്രാർത്ഥനയും ഉപവാസവും സാത്താന് തിരിച്ചടിയല്ലേ
അതെ. തീർച്ചയായും. ഒരു ഇറ്റാലിയൻ മാഗസിനിൽ, മാതാവ് പിശാചിനെക്കുറിച്ച് പറയുന്നതിനെക്കുറിച്ച് ഞാൻ പരാമർശിച്ചിരുന്നു. മാതാവ് ഇതിനെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. പിശാച് ശക്തനാണെന്ന് മാതാവ് അടിവരയിട്ടുപലതവണ പറഞ്ഞിട്ടുണ്ട്. അവൻ മാതാവിന്റെ പദ്ധതികളെ തകിടം മറിക്കാൻ വെമ്പുകയാണെന്നും. പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക എന്നും മാത്രമേ മാതാവ് നമ്മോട് ആവശ്യപ്പെടുന്നുള്ളൂ. പ്രാർത്ഥനയിലൂടെ, നമുക്ക് യുദ്ധങ്ങൾ പോലും തടയാനാകുമെന്ന് മാതാവ് സന്ദേശം നൽകിയിട്ടുണ്ടല്ലോ. ഫാത്തിമയുടെ തുടർച്ചയാണ് മെഡ്ജുഗോറിയാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫാത്തിമയിലെ അമ്മയുടെ വാക്കുകളനുസരിച്ച്, നാം പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടാം ലോകമഹായുദ്ധം ഉണ്ടാകുമായിരുന്നില്ലത്രെ. മെഡ്ജുഗോറിയായിലും മാതാവ് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ നമ്മോട് ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രത്യക്ഷീകരണത്തിൽ ഓരോ സ്ഥലത്തും മാതാവ് ഓരോ പേരിലാണ് സ്വയം വെളിപ്പെടുത്തുന്നത്.
നാം മാതാവിന്റെ വാക്കുകൾ ഓർമ്മിക്കണം മിർമിർ.. മിർ.. (സമാധാനം..സമാധാനം..സമാധാനം). അമ്മ എവിടെ പ്രത്യക്ഷപ്പെട്ടാലും ജനേത്തോട് പറയാറുള്ളത് സമാധാനത്തെക്കുറിച്ച് തന്നെയാണ്. അത് മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ തുടക്കത്തിൽതന്നെ ആകാശത്തിൽ എഴുതപ്പെട്ടതാണ്. മാനവരാശി യുദ്ധത്തിലേക്ക് തിരിയുമ്പോൾ മാതാവ് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നാണ് ക്രൈസ്തവരോട് ആഹ്വാനം ചെയ്യുന്നത്.
? മാതാവ് ഉപവാസത്തെക്കുറിച്ച് എല്ലാ സന്ദേശങ്ങളിലും പറയാറുണ്ടല്ലോ. ഉപവാസവും പ്രാർത്ഥനയും വഴിയേ നമുക്ക് സാത്താനെ ഓടിക്കാനാകൂ എന്ന് വിശുദ്ധ ഗ്രന്ഥവും പഠിപ്പിക്കുന്നു.
ശരിയാണ്. ഫാത്തിമയിൽ ആദ്യവും പിന്നെ മെഡ്ജുഗറിയായിലും മാതാവ് ഉപവാസത്തെയും പ്രാർത്ഥനയെയും കുറിച്ചാണ് ഓർമ്മിപ്പിച്ചിരുന്നത്. അത് വളരെ പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു, ഇന്നത്തെ മനുഷ്യർ ഉപഭോഗാസക്തിയിൽ മുഴുകിയവരാണ്. മനുഷ്യൻ ത്യാഗം എങ്ങനെ ഒഴിവാക്കാൻ കഴിയും എന്നാണ് ചിന്തിക്കുന്നത്. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയല്ലാതെ, നമുക്ക് തപസാർന്ന ജീവിതചര്യയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഒരു ഉദാഹരണം പറയാം.. ഇന്ന് കുടുംബങ്ങൾ വളരെ എളുപ്പത്തിൽ തകർന്നുപോകുന്നു. അവർ വിവാഹം ആഘോഷിക്കുന്നു, പക്ഷേ, വേഗം വിവാഹമോചനം നേടുന്നു. അതിന് കാരണം നാം ത്യാഗം അനുഷ്ഠിക്കാൻ തയാറല്ല എന്നതാണ്. ഒരുമിച്ച് ജീവിക്കുന്നതിന് പങ്കാളിയുടെ കുറവുകൾ സ്വീകരിക്കുവാൻ നാം തയാറാകണം.
ത്യാഗമനസ്സ് ഇല്ലാതെപോകുന്നതിനർത്ഥം നാം നയിക്കുന്നത് ക്രിസ്തീയജീവിതം അതിന്റെ പൂർണ്ണതയിൽ നയിക്കുന്നില്ലെന്നാണ്. അബോർഷൻ നോക്കുക, മക്കളെ വളർത്താനും പഠിപ്പിക്കാനും മനസില്ലാത്തതിനാൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു. അതാണ് വിവാഹബന്ധങ്ങൾ തകരുവാൻ കാരണം. ജീവിതത്തിൽനിന്ന് ത്യാഗം അകന്നുപോകുന്നു. ത്യാഗം അനുഷ്ഠിക്കാൻ തയ്യാറായാൽ മാത്രമേ നമുക്ക് ക്രൈസ്തവജീവിതം നയിക്കാനാകൂ..
? പിശാചിനെക്കുറിച്ചും അവന്റെ പ്രവൃത്തികളെക്കുറിച്ചും സംസാരിക്കുമ്പോൾ ഭയം തോന്നാറില്ലേ
അത് എക്‌സോർസിസത്തെക്കുറിച്ച് പരിചയമില്ലാത്തതുകൊണ്ടാണ്. സാത്താന്റെ അസാധാരണമായ പ്രവർത്തനങ്ങളെക്കുറിച്ച് പല വൈദികരും വിശ്വസിക്കുന്നില്ല. ഒരു ബിഷപ്പ് അവരോട് അങ്ങനെ ചെയ്യാൻ പറയുമ്പോൾ അവർക്ക് ഭയമാണ്. അവർ ചിന്തിക്കുന്നത് ഞാൻ ചെകുത്താനെ സമാധാനത്തിൽ വിട്ടാൽ അവൻ എന്നെയും സമാധാനത്തിൽ വിടുമല്ലോ, ഞാൻ അവനോട് ഏറ്റുമുട്ടിയാൽ അവൻ എന്നോടും ഏറ്റുമുട്ടുമല്ലോ എന്നാണ്. അത് തെറ്റാണ്. നാം സാത്താനോട്‌യുദ്ധം ചെയ്യുന്തോറും അവൻ നമ്മെ കൂടുതൽ ഭയപ്പെടും, അദ്ദേഹം പറയുന്നു.