News >> മദർ തെരേസ ഫിലിം ഫെസ്റ്റിവൽ ഷില്ലോങിൽ
Source: Sunday Shalom
ഷില്ലോങ്: മദർ തെരേസ ഇന്ത്യർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഷില്ലോങിൽ നടന്നു. അസം ഗവർണർ വി. ഷൺമുഖനാഥൻ ഉദ്ഘാടനം ചെയ്തു. ഷില്ലോംങ് അതിരൂപതാധ്യക്ഷൻ ഡോ. ഡോമിനിക് ജാല, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.എസ് റാവൂ, ലണ്ടനിൽ വികലാംഗകർക്കായി ഫ്‌ളൈയിംഗ് സ്‌കൂൾ ഗൗതം ലൂയിസ,് സിസ്റ്റർ ലിപിക തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. നാല് ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ 20 സിനിമകളും ഏതാനും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു.
കൊൽക്കത്ത അതിരൂപത, മിഷനറീസ് ഓഫ് ചാരിറ്റി, സിഗ്നീസ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മദർ തെരേസ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ഗൗതം ലൂയിസ് നിർമിച്ച മദർ തെരേസ & മീ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെ ആയിരുന്നു ഫെസ്റ്റിവൽ ആരംഭിച്ചത്. മൂന്ന് വയസുള്ളപ്പോൾ മദർ തെരേസയുടെ അനാഥാലയത്തിൽ എത്തിയ പോളിയോ ബാധിച്ച് വികലാംഗനായ ഗൗതം പിന്നീട് പൈലറ്റായിത്തീർന്നു. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ മദർ തെരേസയോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് ഗൗതം ഈ ഡോക്യുമെന്ററിയിലൂടെ. വത്തിക്കാനിൽ നടന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഗൗതം ലൂയിസിന് വത്തിക്കാന്റെ ക്ഷണം ലഭിച്ചിരുന്നു.
മദർ തെരേസയുമായി പ്രശസ്ത പത്രപ്രവർത്തകർ നടത്തിയ അഭിമുഖങ്ങളും മദറിന്റെ വീഡിയോ ക്ലിപ്പിംഗുകളും ഡോക്യുമെന്ററികളിലുണ്ട്. ഇന്ത്യയിലെ 100 സെന്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമ 50 വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിച്ച് ആറ് മാസംകൊണ്ട് പ്രദർശനം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. മദർ തെരേസയുടെ ജീവിതവും സന്ദേശവും ലോകം മുഴുവനും എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.