News >> അനുകമ്പ മനസ്സിലല്ല പ്രവൃത്തിയിൽ വെളിവാക്കണം: പാപ്പ
Source: Sunday Shalom
വത്തിക്കാൻസിറ്റി: അനുകമ്പ മനസ്സിൽ മാത്രം തോന്നിയാൽ പോരാ പ്രവർത്തിയിലൂടെ അതിനെ വെളിവാക്കണമെന്നും നാമായിരിക്കുന്ന അവസ്ഥയിൽ കൂട്ടായ്മയുടെ ഉപകരണമായി തീരണമെന്നും ഫ്രാൻസിസ് പാപ്പ. പോൾ ആറാമൻ ഹാളിൽവെച്ച് നടത്തിയ തന്റെ പ്രതിവാര പ്രസംഗത്തിൽ, അപ്പവും മീനും വർധിപ്പിച്ച് ജനങ്ങളുടെ വിശപ്പടക്കിയ യേശുവിന്റെ അത്ഭുതത്തെ പരാമർശിക്കുന്ന സുവിശേഷ ഭാഗം ഉദ്ധരിച്ച് വിശ്വാസികളോട് സംസാരിക്കുകയായിരിന്നു പാപ്പ.
തന്നെ അനുഗമിക്കുന്നവരുടെ ആവശ്യത്തിൻമേൽ അലിയുന്ന ഹൃദയമാണ് ക്രിസ്തുവിന്റെത്. ആളുകളുടെ വിശപ്പടക്കുന്നതിൽ മാത്രമല്ല ക്രിസ്തു ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ ശിഷ്യൻമാരോട് ആഹാരം വിതരണം ചെയ്യാനും അവിടുന്നു പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. ഈ അത്ഭുതത്തിലൂടെ യേശു സൂചിപ്പിക്കുന്നത് തന്റെ പ്രാർത്ഥനയുടെയും വിശ്വാസത്തിന്റേയും ശക്തിയാണ്. നമ്മുടെ ആവശ്യത്തോടുള്ള അവന്റെ പ്രതികരണവും നമ്മുടെ രക്ഷയ്ക്കായുള്ള അവന്റെ താൽപ്പര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം. അപ്പം വിതരണം ചെയ്യുന്നതിനു മുമ്പ് അതിനെ ക്രിസ്തു ആശീർവദിക്കുന്നുണ്ട്.
ഇതേ ആശീർവാദം അന്ത്യത്താഴത്തിന്റെ സമയത്തും ക്രിസ്തുനടത്തുന്നു. ഇന്നും ഈ ആശീർവാദം വിശുദ്ധ കുർബാനയിലൂടെ അവിടുന്ന് തുടരുന്നു. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും ഇടവകയിലും തൊഴിൽ മേഖലയിലും നാമായിരിക്കുന്ന സമൂഹത്തിലും കൂട്ടായ്മയുടെ ഉപകരണമായിത്തീരണം.
ഏകാന്തതയിലും ആവശ്യങ്ങളിലും ആരെയും കൈവിടാത്ത ദൈവീക കാരുണ്യത്തിൻറെ ദൃശ്യ അടയാളമായിരിക്കണം നാം. കരയുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളാണ് ക്രൈസ്തവർ നടത്തേണ്ടത്.
ക്രൈസ്തവരായ നാം ആളുകളെ പോറ്റുന്നവരും അവരെ ഒരുമിപ്പിക്കുന്നവരുമായി മാറണം. തനിച്ച് കഴിയുന്നവരേയും ആവശ്യത്തിലിരിക്കുന്നവരേയും ഉപേക്ഷിക്കാത്തത് ദൈവത്തിന്റെ കരുണയുടെ ദൃശ്യമായ ഒരടയാളമാണെന്നും പാപ്പ പറഞ്ഞു.