News >> മനഃപാഠമാക്കാൻ സാധിക്കാത്ത വിഷയം

Source: Sunday Shalom


വത്തിക്കാൻ സിറ്റി: സുവിശേഷപ്രഘോഷണം മനഃപാഠമാക്കാൻ സാധിക്കാത്ത ഒരു കലയും വിജ്ഞാനശാഖയുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അമേരിക്കയിലെ ആഫ്രിക്കൻ വംശജരായ അടിമകളുടെ ഇടയിൽ പ്രവർത്തിച്ച ജസ്യൂട്ട് വൈദികൻ പീറ്റർ ക്ലാവറിന്റെ തിരുനാൾദിനത്തിൽ നടത്തിയ പ്രസംഗത്തിൽ സുവിശേഷപ്രഘോഷകനുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ച് പാപ്പ പങ്കുവച്ചു.

ഒഴുക്കിനൊത്ത് നീന്തുന്നതും മതപരിപവർത്തനം നടത്തുന്നതും രണ്ടും സുവിശേഷപ്രഘോഷണമല്ല. കൊറീന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് പറയുന്നത് പോലെ സുവിശേഷം പ്രസംഗിക്കുന്നതിൽ എനിക്ക് അഹങ്കരിക്കാനൊന്നുമില്ല. അതെന്റെ കടമയാണ്. ക്രിസ്തുവിന്റെ നാമം വഹിക്കുക എന്നത് ക്രിസ്ത്യാനിയുടെ കടമയാണ്. വിശുദ്ധ പൗലോസിന്റെ ഭാഷയിൽ എല്ലാവർക്കും എല്ലാമായിക്കൊണ്ടാണ് ഈ കടമ നിർവഹിക്കേണ്ടത്. മറ്റുള്ളവരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി വിശ്വാസയാത്രയിൽ അവരെ അനുഗമിക്കുക; പാപ്പ ഉദ്‌ബോധിപ്പിച്ചു.

സുവിശേഷപ്രഘോഷണം നടത്തുക എന്നാൽ ഈ സാക്ഷ്യം നൽകുക എന്നാണർത്ഥം: യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് ഞാൻ ഇതുപോലെ ജീവിക്കുന്നു എന്ന സാക്ഷ്യം. വാക്കുകൊണ്ട് മാത്രമല്ല, ജീവിതം കൊണ്ടും സുവിശേഷം പ്രസംഗിക്കണം. ദാനമായി ലഭിച്ച സുവിശേഷം ദാനമായി തന്നെ മറ്റുള്ളവർക്ക് നൽകണം. കൃപയും, രക്ഷയും വാങ്ങിക്കുകയോ, വിൽക്കുകയോ ചെയ്യാനാവില്ല; പാപ്പ വിശദീകരിച്ചു.
സുവിശേഷം പ്രസംഗിക്കാനാഗ്രഹിച്ച ഒരു മിഷനറിയായിരുന്നു ഫാ. പീറ്റർ ക്ലാവർ. തന്റെ ഭാവിജീവതം സുവിശേഷപ്രഘോണത്തിനുള്ളതാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. എന്നാൽ ആ കാലഘട്ടത്തിൽ പരിത്യക്തരായിരുന്നവരോട് കൂടെയായിരിക്കുവാൻ ദൈവം അദ്ദേഹത്തെ വിളിച്ചു. ആഫ്രിക്കയിൽ നിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കറുത്ത വർഗക്കാരോട് കൂടെയായിരിക്കുവാനുള്ള ദൈവവിളി അദ്ദേഹം തിരസ്‌കരിച്ചില്ല. ഞാൻ സുവിശേഷപ്രഘോഷകനാണ് എന്ന് പറഞ്ഞ് അദ്ദേഹം ദൈവത്തിന്റെ വിളിയിൽ നിന്ന് നടന്നകന്നില്ല.

സുവിശേഷപ്രഘോഷണം എന്നത് യാന്ത്രികമാക്കാതെ പ്രവൃത്തികളിലൂടെ അദ്ദേഹം ദൈവത്തെ പ്രഘോഷിച്ചു. അടിമകളായവരോട് സംസാരിച്ചും, അവരോടൊപ്പം അവരുടെ ജീവിതം ജീവിച്ചുമാണ് അദ്ദേഹം സുവിശേഷം പങ്കുവച്ചത്. അദ്ദേഹത്തെപ്പോലെ തങ്ങളുടെ ജീവിതം മുഴുവൻ സുവിശേഷത്തിനായി വ്യയം ചെയ്യുന്ന നിരവധിയാളുകൾ സഭയിലുണ്ട്. നമുക്കെല്ലാവർക്കും സുവിശേഷം പ്രഘോഷിക്കാനുള്ള കടമയുണ്ട്. ഒരു വാക്കുതർക്കം ജയിക്കാനുള്ള മനോഭാവത്തോടെയാകരുത് സുവിശേഷപ്രഘോഷണം. ദൈവം നമുക്ക് ദാനമായി നൽകിയതുപോലെ ഉദാരമായി നൽകേണ്ടതാണ് സുവിശേഷം; പാപ്പ വ്യക്തമാക്കി.