News >> സെപ്തംബർ 20: സമാധാനത്തിനായുള്ള പ്രാർത്ഥനാദിനം

Source: Sunday Shalom


കൊച്ചി: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കുന്ന സെപ്തംബർ 20 ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. അന്നേദിവസം ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കും. എല്ലാ മതങ്ങളും സമാധാനമാർഗങ്ങളെന്ന നിലയിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകളാകേണ്ടതിനും, ദൈവത്തിലുള്ള വിശ്വാസം മനുഷ്യരിൽ സാഹോദര്യബോധം വളർത്തുന്നതിനും എല്ലാവരും പ്രാർത്ഥനാപൂർവം ശ്രമിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിക്കുന്നത്. കേരളസഭയിലെ എല്ലാ ഇടവകകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ദിനാചരണത്തിൽ പ്രാർത്ഥനാപൂർവം പങ്കുകൊള്ളണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ അഭ്യർത്ഥിച്ചു.