News >> ലോകത്തെ പീഡിതരായ ക്രൈസ്തവരെ അസ്സീസി സംഗമം അനുസ്മരിച്ചു
Source: Vatican Radioവിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ സംഗമിച്ച ലോകമത നേതാക്കളുടെ സംഗമം പീഡിതരായ ക്രൈസ്തവരെ അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പാപ്പാ ഫ്രാന്‍സിസും, കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച സവിശേഷമായ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.സെപ്തംബര്‍ 20-ാം തിയതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം 3 മണിക്ക് അസ്സീസിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ താഴത്തെ ബസിലിക്കയില്‍ ചേര്‍ന്ന ക്രൈസ്തവൈക്യ സംഗമമാണ് പീഡിതരായ ക്രൈസ്തവരെ അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ബറൂണ്ടി, ഇറാക്ക്, സീറിയ, ഉക്രെയിന്‍ തുടങ്ങിയ പേരുകള്‍ ഒന്നൊന്നൊയി ഉരുവിട്ടു പ്രാര്‍ത്ഥിച്ചുകൊണ്ട് അള്‍ത്താരവേദിയില്‍ യുവജനപ്രതിനിധികള്‍ തിരിതെളിയിച്ചപ്പോള്‍ 27-മത്തെ തിരിതെളിഞ്ഞത് പശ്ചിമേഷ്യന്‍ അറബി രാജ്യമായ യെമനു വേണ്ടിയായിരുന്നു.പ്രാര്‍ത്ഥനയെ തുടര്‍ന്ന് ക്രിസ്തുവിന്‍റെ കുരിശിനെ കേന്ദ്രീകൃതമാക്കി സമാധാനത്തിന്‍റെ ധ്യാനചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ആംഗ്ലിക്കന്‍ സഭാതലവനും വെസ്റ്റ്മിനിസ്ട്രിന്‍റെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി തുടങ്ങിയ പ്രമുഖരും, ആയിരക്കണക്കിന് ജനങ്ങളും സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് അസ്സീസി പട്ടണത്തിലെ സമ്മേളനത്തിന്‍റെ പ്രധാന വേദിയില്‍ ചേര്‍ന്ന മതൈക്യ സമാധാനസംഗമത്തിന്‍റെ സമാപനസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു സന്ദേശം നല്കി.1986-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന മതങ്ങളുടെ സംഗമം അസ്സീസിയില്‍ വിളിച്ചുകൂട്ടിയത്. അനുവര്‍ഷം ലോകത്തിന്‍റെ വിവിധ നഗരങ്ങളില്‍ സംഗമിക്കുന്ന മതങ്ങളുടെ സമാധാനത്തിനായുള്ള സംഗമം അതിന്‍റെ 30-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് വീണ്ടും അസ്സീസിയില്‍ സംഗമിച്ചത്. റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധ ഇജിഡിയൂസിന്‍റെ നാമത്തിലുള്ള ഉപവിപ്രസ്ഥാനമാണ് എല്ലാവര്‍ഷവുമുള്ള മതങ്ങളുടെ സംഗമത്തിന് നേതൃത്വംനല്കുന്നത്.