News >> കൂട്ടായ്മയോടെ ജീവിക്കുന്നതിലാണ് മനുഷ്യകുലത്തിന്‍റെ ഭാവി.. പാപ്പാ ഫ്രാന്‍സിസ്
Source: Vatican Radioപരസ്പര വിശ്വാസമില്ലായ്മയും, മൗലികവാദവും, വെറുപ്പും മൂലം ചിന്നിക്കിടക്കുന്ന ലോകത്ത് കൂട്ടായ്മ വളര്‍ത്തിക്കൊണ്ട് മനുഷ്യരാശിയുടെ സഹവര്‍ത്തിത്വം യാഥാര്‍ത്ഥ്യമാക്കാന്‍ വിളിക്കപ്പെട്ടവരാണു മതനേതാക്കളും മതങ്ങളും. ദൈവത്തോടുള്ള വിശ്വസ്തതയും സഹോദരങ്ങളോടുള്ള സല്‍പ്രവൃത്തികളുംവഴി ഈശ്വരവിശ്വാസികള്‍ സമാധാനത്തിന്‍റെ ശില്പികളാകണം. സംവാദത്തിന്‍റെ ശക്തമായ പാലവും, വിശ്വശാന്തിയുടെ ക്രിയാത്മകമായ മാദ്ധ്യസ്ഥ്യവും വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് മതനേതാക്കളെന്ന് അസ്സീസിയിലെ മതാന്തര സംവാദ സംഗമത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.വിശുദ്ധ ഫ്രാന്‍സിസിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടും കാലികമായ അശാന്തിയുടെ സാമൂഹ്യചുറ്റുപാടുകള്‍ മനസ്സിലാക്കിയുമാണ് 1986-ല്‍ ലോകമത നേതാക്കളെ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അസ്സീസിയില്‍ വിളിച്ചുകൂട്ടിയത്. ആ സമാധാന സംഗമത്തിന്‍റെ 30-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മതനേതാക്കള്‍ക്കൊപ്പം ആസ്സീസിയില്‍ എത്തിയത്.2. ലോകം സമാധാനത്തിനായി ദാഹിക്കുന്നു. സമാധാന പാലകര്‍ അനുഗൃഹീതരാണ് (മത്തായി 5, 9). അതിനാല്‍ മനുഷ്യരും മതങ്ങളും ഇന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. സമാധാനം ദൈവിക ദാനമാണ്. ദൈവസാഹയത്താല്‍ മാത്രമേ, നമുക്ക് അത് വളര്‍ത്താനും നേടിയെടുക്കാനും സാധിക്കൂ. ദൈവനിഷേധം മാനവികതയുടെ രോഗവും (paganism) നവമായ നിസ്സംഗതയുമാണ്
. ഈ നിസ്സംഗതയ്ക്കെതിരെ പോരാടാന്‍ മതങ്ങള്‍ക്ക് വലിയ ഉത്തരവാദിത്ത്വമുണ്ട്. നിസ്സംഗത (Indifference) ഇന്ന് ലോകത്ത് കൊട്ടിയടയ്ക്കുന്ന സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വാതില്‍ നമുക്ക് തട്ടിത്തുറക്കാം. വിശ്വാസത്തിന്‍റെ തീക്ഷ്ണത കെടുത്തുകയും മനുഷ്യരെ നിസ്സംഗതയുടെ മാന്ദ്യത്തിലേയ്ക്ക് തരംതാഴ്ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന ഭീതിദമായ രോഗാണുവാണ് (virus) നിസ്സംഗത. മതനേതാക്കള്‍ ഇന്ന് ദീര്‍ഘയാത്രചെയ്തും ത്യാഗങ്ങള്‍ സഹിച്ചും അസ്സീസിയില്‍ എത്തിയത് ദൈവത്തോടും മനുഷ്യരോടും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും തുറവു പ്രകടമാക്കിക്കൊണ്ടാണ്.3. ലോകമിന്ന് സമാധാനത്തിനായി കേഴുകയാണ്. മനുഷ്യകുലത്തിന്‍റെ ഈ രോദനത്തോട് നിസംഗരായിരിക്കാന്‍ നമുക്കാവില്ല. എത്രയോ രാജ്യങ്ങളാണ് യുദ്ധമൂലം ക്ലേശിക്കുന്നത്. എന്നാല്‍ ഈ ക്ലേശങ്ങള്‍ക്കു പിന്നില്‍ യുദ്ധവും കലാപങ്ങളും കാരണമാക്കിയിട്ടുള്ള യാതനകളും ദാരിദ്ര്യവുമാണ്. ഈ സത്യം നാം പലപ്പോഴും മറന്നുകളയുകയാണ്. ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ സമാധാനത്തിനായുള്ള മനുഷ്യരോദനം നേരില്‍ കേട്ടതാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കമുള്ള ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങള്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കേഴുന്നു. ഈ മനുഷ്യ യാതനകള്‍ക്കെതിരെ കണ്ണടയ്ക്കാതെ, നിസ്സംഗത കാട്ടാതെ, നമുക്ക് കേഴുന്നവരുടെ ശബ്ദമാകാം. അവരുടെ ശബ്ദം കേള്‍ക്കാത്തിടത്ത് അവര്‍ക്ക് ശബ്ദമേകാം, കരുത്തേകാം.! ജീവന്‍റെ സന്തോഷം കെടുത്തുന്ന യുദ്ധത്തിനും, നശീകരണത്തിന്‍റെ സായുധ പോരാട്ടങ്ങള്‍ക്കും ഭാവിയില്ലെന്ന് നാം അറിയണം! 4. നാം സായുധരല്ല. നാം പ്രാര്‍ത്ഥനയുടെ വിനയാന്വിതമായ ശക്തിയില്‍ വിശ്വസിക്കുന്നവരാണ്. നമ്മിലുള്ള സമാധാന ദാഹം, യുദ്ധത്തിനും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കും അറുതിവരുത്തമേ, എന്ന പ്രാര്‍ത്ഥനായി ഇന്ന് ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം. അസ്സീസിയില്‍നിന്നും ഉയരുന്ന സമാധാനാര്‍ത്ഥന യുദ്ധത്തിന് എതിരായ പ്രതിഷേധമോ, രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്കും സാമ്പത്തിക അനുമതികള്‍ക്കുമുള്ള വിലപേശലില്‍നിന്നും ഉടലെടുക്കുന്നതല്ല. അത് പ്രാര്‍ത്ഥനയില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന സമാധാനമാണ് (cf. Insegnamenti IX, 2 1986). കൂട്ടായ്മയുടെ സ്രോതസ്സായ ദൈവത്തില്‍നിന്നുമാണ് മാനവകുലം ഇന്നു ദാഹിക്കുന്ന സമാധാന നിര്‍ഝരി നിര്‍ഗ്ഗളിക്കുന്നത്. അഹങ്കാരത്തിന്‍റെയും വ്യക്തി താല്പര്യങ്ങളുടെയും മരുഭൂമിയില്‍നിന്നോ, എവിടെയും ലാഭംകൊയ്യുന്ന സമ്പത്തിന്‍റെയും ആയുധവിപണത്തിന്‍റെയും തരിശുഭൂമിയില്‍നിന്നോ സമാധനജലം ഒരിക്കലും നിര്‍ഗ്ഗളിക്കുകയില്ല.5. മത പാരമ്പര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. എന്നാല്‍ മതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ നമുക്കിടയില്‍ സംഘട്ടനത്തിനോ പോര്‍വിളികള്‍ക്കോ, ശീതസമരങ്ങള്‍ക്കോ കാരണമാകുന്നില്ല. ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ ചില സമൂഹങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, നമ്മള്‍ ആരും ആര്‍ക്കും എതിരായി പ്രാര്‍ത്ഥിക്കുന്നില്ല. അതുപോലെ മതപരിവര്‍ത്തനമോ ആപേക്ഷികാവാദമോ അടിച്ചേല്പിക്കാതെ നന്മയ്ക്കും സമാധാനത്തിനുമായി തോളുരുമ്മിനിന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നേയുള്ളൂ. 'കാലം കാണാത്ത മതങ്ങളുടെ സമാധാനവാഞ്ഛയും അതിനായുള്ള സൗഹാദ്ദതയുമാണ് അസ്സീസിയില്‍ പ്രകടമാകുന്നതും, മതനേതാക്കള്‍ക്ക് ഇവിടെ വെളിപ്പെട്ടു കിട്ടുന്നതും' (cf. Inseg. IX, 2 1268).